കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ മലയാള സിനിമ വീണ്ടും വലിയ പ്രതിസന്ധിയിൽ എത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ തിയേറ്ററിൽ നിന്ന് അപ്രതീക്ഷിതമായി പിൻവലിക്കേണ്ടി വന്ന ചിത്രങ്ങളുൾപ്പടെ ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചതുർമുഖം, അനുഗ്രഹീതൻ ആൻ്റണി, തമിഴ് ചിത്രം ജഗമേ തന്തിരം എന്നീ സിനിമകളാണ് ജൂണിൽ റിലീസ് ചെയ്യുന്നത്
ജഗമേ തന്തിരം
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ധനുഷും ഐശ്വര്യ ലക്ഷ്മിയും പ്രധാന റോളുകളിൽ എത്തുന്ന ജഗമേ തന്തിരം ഒ ടി ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ജൂൺ 18 ന് ആണ് പ്രദർശനം ആരംഭിക്കുന്നത്. ചിത്രത്തിൽ സുരുളി ,പ്രഭു എന്നീ രണ്ടു വേഷങ്ങളിലയാണ് ധനുഷ് എത്തുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജോജു ജോർജും , സഞ്ജന നടരാജൻ, ഹോളിവുഡ് താരം ജെയിംസ് കോസ്മോ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. റിലയൻസ് എന്റർടെയിൻമെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് സന്തോഷ് നാരായണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ലണ്ടനായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ശ്രേയാസ് കൃഷ്ണ- ഛായാഗ്രഹണം. എഡിറ്റിംഗ്- വിവേക്. അനുഗ്രഹീതന്‍ ആന്റണി സണ്ണി വെയ്ൻ, ഗൌരി കിഷൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകൻ പ്രിൻസ് ജോയ് ഒരുക്കിയ ചിത്രമാണ്
അനുഗ്രഹീതന്‍ ആന്റണി
ഏറെ കാത്തിരിപ്പുകൾക്ക് ശേഷം തീയേറ്ററുകളിലേക്ക് എത്തിയ ചിത്രത്തിൽ സണ്ണി വെയ്‌നും 96 ഫെയിം ഗൗരി കിഷനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയപ്പോൾ പേരിലെ വ്യത്യസ്തത പോലെ തന്നെ ചില സസ്പെൻസുകൾ ഒളിപ്പിച്ചു വെച്ച ചിത്രമാണിത്.സംഗീതത്തിനും പ്രണയത്തിനും സിനിമ ഏറെ പ്രാധാന്യം നൽകുന്നുണ്ട്. വിനീത് ശ്രീനിവാസനാണ് ചിത്രത്തിൽ പാട്ടുകൾ പാടിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ജിഷ്ണു എസ് നായര്‍, അശ്വിന്‍ പ്രകാശ്, എന്നിവരുടെ കഥയ്ക്ക് നവീന്‍ ടി മണലിലാലാണ് തിരക്കഥ ഒരുക്കിയത്. സെല്‍വകുമാര്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചതുർമുഖം മലയാളത്തിലെ ആദ്യത്തെ ടെക്‌നോ-ഹൊറര്‍ സിനിമ എന്ന ഖ്യാതിയോടെ തിയേറ്ററിൽ എത്തിയ ചിത്രമാണ്
ചതുർമുഖം
മഞ്ജുവാര്യര്‍-സണ്ണി വെയ്ന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം സീ 5 ആപ്പിലൂടെയാണ് ഒടിടി റിലീസായി എത്തുന്നത്. മലയാളത്തിൽ ഇന്ന് വരെ ഇത്തരമൊരു ഹൊറർ ചിത്രം വന്നിട്ടില്ല. ടെക്നോ ഹൊറർ പ്രേക്ഷകന് ഒരു പുത്തൻ അനുഭവം തന്നെയാണ്. മഞ്ജു വാര്യർ അവതരിപ്പിക്കുന്ന തേജസ്വിനി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നത്. തേജസ്വിനി ഒരു മൊബൈൽ അഡിക്റ്റ് ആണ്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ സെൽഫി എടുത്ത് തുടങ്ങുന്ന, സമൂഹ മാധ്യമങ്ങളിൽ തന്റെ ജീവിതത്തിലെ ഓരോ നിമിഷവും പങ്ക് വെക്കുന്ന വ്യക്തി. ഫോൺ ജീവിതത്തോട് ഇത്രയും ലയിച്ചു ജീവിക്കുന്ന തേജസ്വിനിയുടെ ഫോൺ ഒരു ദിവസം നഷ്ടമാവുകയും, തുടർന്ന് മറ്റൊരു ഫോൺ വാങ്ങുകയും ചെയ്യുന്നു. ആ ഫോൺ തേജസ്വിനിയുടെ ജീവിതത്തിലേക്ക് വന്നതിന് ശേഷം അരങ്ങേറുന്ന നിഗൂഢതകൾ നിറഞ്ഞ സംഭവങ്ങളുടെ കഥയാണ് ചതുർമുഖം. തേജസ്വിനിയിലൂടെ അവൾക്ക് ചുറ്റും സംഭവിക്കുന്ന പ്രശ്നങ്ങൾക്ക്, അവയുടെ കാര്യ കാരണങ്ങളിലേക്കുള്ള സഞ്ചാരമാണ് ചിത്രം. ജിസ്സ് ടോംസ് മൂവീസ്സിന്റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്