ബെര്‍ലിനില്‍ നടന്ന ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ മികച്ച സഹനടനുള്ള പുരസ്കാരം നേടി റോഷന്‍ മാത്യു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഗീതു മോഹൻദാസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
‘അമീര്‍’ എന്ന കഥാപാത്രമാണ് ‘മൂത്തോനി’ല്‍ റോഷന്‍ അവതരിപ്പിച്ചത്. പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും ‘മൂത്തോന്‍’ നേടി. ആദില്‍ ഹുസൈനാണ് മികച്ച നടൻ. ‘പരീക്ഷ’, ‘നിര്‍വാണ ഇന്‍’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണു പുരസ്‌കാരം.
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും ‘മൂത്തോന്‍’ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂത്തോനി’ലെ അഭിനയത്തിന് നിവിന്‍ പോളി മികച്ച നടനായും സഞ്ജന ദീപു മികച്ച ബാലതാരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലക്ഷ്വദ്വീപിന്റെയും മുംബൈയുടെയും പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം ഒരു പതിനാല് വയസ്സുള്ള കുട്ടി തന്‍റെ ജ്യേഷ്ഠനെ തേടി ലക്ഷ്വദ്വീപില്‍ നിന്ന് മുംബൈയിലേക്ക് നടത്തുന്ന യാത്രയാണ് പറയുന്നത്. ഷഷാങ്ക് അറോറ, റോഷന്‍ മാത്യു, ശോഭിത ധൂലിപാല എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.
‘ലയേഴ്സ് ഡയസ്’ ആണ് മൂത്തോന് മുൻപ് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത സിനിമ. 2019 സെപ്റ്റംബറില്‍ നടന്ന ടൊറന്‍റോ ഫിലിം ഫെസ്റ്റിവലില്‍ അന്തര്‍ദേശീയ പ്രീമിയറിലും തുടർന്ന് തീയേറ്റര്‍ റിലീസ് നടന്നപ്പോഴും മികച്ച പ്രതികരണവും നിരൂപക ശ്രദ്ധയും ‘മൂത്തോന്‍’ നേടി.