Cinemapranthan

ലഹരി മരുന്ന് കേസ്: റിയ ചക്രബർത്തിയുടെ ജുഡീഷ്യൽ കസ്റ്റഡി 20 വരെ നീട്ടി

ബോംബെ ഹൈക്കോടതിയിൽ റിയ അപ്പീൽ നൽകിയെങ്കിലും ജാമ്യാപേക്ഷയിൽ കോടതി ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല

null

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഒക്ടോബർ 20 വരെയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തിയേയും സഹോദരനെയും ഒക്ടോബർ 6 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രത്യേക കോടതിയാണ് റിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത്. റിയ സമർപ്പിച്ച ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളിയിരുന്നു. തുടർന്ന് ബോംബെ ഹൈക്കോടതിയിൽ റിയ അപ്പീൽ നൽകിയെങ്കിലും ജാമ്യാപേക്ഷയിൽ കോടതി ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.

കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് റിയയെ എൻസിബി അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. റിയയുടെ സഹോദരൻ, സാമുവൽ മിറാൻഡ, സുശാന്തിന്റെ പാചകക്കാരന്‍ ദിപേഷ് സാവന്ത്‌ എന്നിവരെയും അന്ന് ചോദ്യം ചെയ്തിരുന്നു. മയക്കു മരുന്ന് സംബന്ധമായ ചില ചാറ്റുകൾ കണ്ട വാട്‌സ്ആപ്പ് ഗ്രൂപ്പിൽ റിയയുടെ സഹോദരൻ, സാവന്ത്, മിറാൻ‌ഡ എന്നിവരും ഉൾപ്പെട്ടിരുന്നു. മരിജുവാനയെപ്പറ്റിയാണ് ഗ്രൂപ്പിൽ ചർച്ച ചെയ്തിരുന്നത്. സുശാന്തിനായി ‘വീഡ്‌’ ഉൽപാദിപ്പിച്ചിരുന്നെന്നും മിറാൻഡ നേരത്തെ പറഞ്ഞിരുന്നു. മയക്കുമരുന്ന് ഉപയോഗത്തിനാണോ അത് വാങ്ങുന്നതിലും വിൽക്കുന്നതിലും ഏര്‍പ്പെട്ട ഒരു ഗ്രൂപ്പിന്റെ ഭാഗമായാതിനാണോ റിയയെ അറസ്റ്റ് ചെയ്തതെന്ന് എൻ സി ബി ഇത് വരെ വ്യക്തമാക്കിയിട്ടില്ല.

എന്നാൽ സുശാന്ത് പതിവായി മയക്ക് മരുന്ന് കഴിക്കാറുണ്ടായിരുന്നുവെന്നും മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തുടരുന്നതിനാൽ ലഹരി മരുന്ന്
ഉപയോഗിക്കുന്നതിൽ നിന്നു താന്‍ നിരുത്സാഹപ്പെടുത്തിയിരുന്നു എന്നും നേരത്തെ റിയ പറഞ്ഞിരുന്നു. എന്നാൽ തന്റെ കക്ഷി ഒരിക്കലും ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിന്ദെ അറിയിച്ചിരുന്നു.

അതേസമയം സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരിമാർക്കെതിരെ റിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരിമാരായ പ്രിയങ്കയും മിട്ടുവും ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജിയിൽ വാദം കേൾക്കൽ കോടതി ഒക്ടോബർ 13ലേക്ക് മാറ്റി.

cp-webdesk

null