കന്നഡ നടൻ ചിരഞ്ജീവി സർജയുടെ മരണം ഏറെ വേദനയോടെയാണ് സിനിമാലോകം ഉൾക്കൊണ്ടത്. ചിരഞ്ജീവി മരിക്കുമ്പോൾ ഭാര്യയും നടിയുമായ മേഘ്ന രാജ് ഗർഭിണിയായിരുന്നു. കഴിഞ്ഞ ദിവസം മേഘ്ന തന്റെ ബേബി ഷവറിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്ക് വെച്ചിരുന്നു. ഏറെ വേദനയുണർത്തുന്ന ആ ചിത്രങ്ങൾക്ക് വികാരനിർഭരമായ മറുപടി കുറിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം നവ്യ നായർ.
“മേഘ്ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞു”. നവ്യ നായർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ ചിത്രങ്ങളും ഭർത്താവിന്റെ മരണത്തിൽ മനംനൊന്ത് മേഘ്ന എഴുതിയ കുറിപ്പും തന്റെ ഹൃദയത്തെ ഏറെ വേദനിപ്പിച്ചു എന്നാണ് നവ്യ നായർ പറയുന്നത്.
“എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. പക്ഷേ മേഘ്ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല. ഈ പോസ്റ്റ് വായിച്ചതിന് ശേഷം ഇപ്പോഴും ഞാൻ കരഞ്ഞു കൊണ്ടിരിക്കുന്നു. സ്നേഹം. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളെ.” എന്നാണ് നവ്യ കുറിച്ചത്.
മേഘ്ന രാജിന്റെ ബേബിഷവര് ചിത്രങ്ങൾ ഏറെ സന്തോഷത്തോടെയാണ് ആരാധകര് ഏറ്റെടുത്തത്. സിനിമാതാരങ്ങളടക്കം നിരവധിപേർ മേഘ്നയ്ക്ക് ആശംസകൾ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിലാണ് ചിരഞ്ജീവി സർജ മരിച്ചത്. ചിരഞ്ജീവി മരിച്ച് രണ്ടാഴ്ചക്ക് ശേഷം വികാരനിർഭരമായൊരു കുറിപ്പ് മേഘ്ന പങ്ക് വെച്ചിരുന്നു.
“ചിരു, ഞാൻ ഒരുപാട് തവണ ശ്രമിച്ചു. പക്ഷേ, നിന്നോട് പറയാനുള്ള കാര്യങ്ങൾക്ക് വാക്കുകൾ കണ്ടെത്താനെനിക്ക് ആകുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് നിർവചിക്കാൻ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്, ഇതിനൊക്കെ അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു. ‘ഓരോ തവണയും വാതിലിലേക്ക് നോക്കുമ്പോൾ, ‘ഞാൻ വീട്ടിലെത്തി’ എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളിൽ അഗാധമായ വേദന സൃഷ്ടിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു. പതിയെ പതിയെ വേദനിച്ച് ഒരായിരം തവണ ഞാൻ മരിക്കുന്നു. പക്ഷേ, പിന്നെ ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്.’
‘നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാൻ കഴിയില്ല, അല്ലേ?. നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് – നമ്മുടെ സ്നേഹത്തിന്റെ പ്രതീകം – അതിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു,” എന്നായിരുന്നു മേഘ്നയുടെ കുറിപ്പ്. ഈ വാക്കുകൾ തന്നെ കരയിച്ചെന്ന് നവ്യ പറയുന്നു.
‘ആട്ടഗര’ എന്ന ചിത്രത്തിൽ മേഘ്നയും ചിരഞ്ജീവി സർജയും ഒന്നിച്ചഭിനയിച്ചിരുന്നു. 2018 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.