പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ സിനിമ സെറ്റിൽ എത്തിയ ഒരു അഥിതിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ മൊബൈൽ റീട്ടെയ്ല്‍ ശൃംഖയായ ‘മൈ ജി’യുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എ കെ ഷാജി പങ്കുവെച്ച ചിത്രങ്ങളാണിത്.
മോഹൻലാൽ, മീന, ആന്റണി പെരുമ്പാവൂർ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ‘മൈ ജി’യുടെ ബ്രാൻഡ് അംബാസിഡർ കൂടിയായ മോഹൻലാൽ കഴിഞ്ഞ ദിവസം പുറത്ത് വിട്ട പുതിയ പരസ്യ ചിത്രവും ഏറെ ശ്രദ്ധേയമായിരുന്നു.
ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമയുടെ ചിത്രീകരണം. ദൃശ്യത്തിന് ശേഷം മാത്രമേ മോഹൻലാൽ മറ്റു ചിത്രങ്ങളിൽ അഭിനയിക്കൂ.
ജീത്തു ജോസെഫിന്റെ തന്നെ ‘റാം’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ലോക്ഡൗണിന് മുൻപ് അഭിനയിച്ചു കൊണ്ടിരുന്നത്. ഇതിലെ കുറച്ചു രംഗങ്ങൾ പുറം രാജ്യങ്ങളിലും ചിത്രീകരിക്കാൻ ഇരിക്കെയായിരുന്നു ലോക്ഡൗൺ പ്രഖ്യാപിച്ചത്. 2013 ഡിസംബറിലായിരുന്നു ‘ദൃശ്യം’ റിലീസിനെത്തിയത്. ‘ദൃശ്യം ‘ ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ‘ദൃശ്യം 2 ‘ വരുന്നത്. ആദ്യ ഭാഗത്തിൽ മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് എന്നിവരായിരുന്നു അഭിനേതാക്കൾ. രണ്ടാം ഭാഗത്തിലും നായികാ മീന തന്നെയാണ്. ‘ദൃശ്യം 2 ‘ ആദ്യഭാഗം പോലെ ഒരു ത്രില്ലർ ചിത്രമായിരിക്കില്ല എന്നാണ് ജിത്തു ജോസഫ് വ്യക്തമാക്കിയത്.