1968 ല് കൊച്ചിയിലെ ബ്രോഡ് വേയിൽ ഒറ്റ മുറിയിൽ ആരംഭിച്ച് ഒരു ക്ലബ്ബ് ഒടുവിൽ വലിയൊരു ആർട്ട് ഫാക്ടറിയായി വളർന്ന കഥ..
കൊച്ചിൻ കലാഭവൻ എന്നറിയപ്പെടുന്ന കലാഭവൻ , ഇന്ത്യയിലെ പെർഫോമിംഗ് കലകൾ പഠിക്കുന്നതിനുള്ള ഒരു കേന്ദ്രമാണ്..
കേരളത്തിലെ ആദ്യ മിമിക്രി ഗ്രൂപ്പ് എന്ന നിലയിലും നമ്മുടെ സംസ്ഥാനത്ത് മിമിക്രി എന്ന കലയെ ജനകീയമാക്കിയതിലും കലാഭവൻ ശ്രദ്ധേയമാണ് .
സ്ഥാപിതമായതുമുതൽ, അഭിനയ മോഹികളുടെ ഒരു ഗ്രൂമിംഗ് സെൻ്ററായി കലാഭവൻ പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിരവധി അഭിനേതാക്കളെയും സംവിധായകരെയും മലയാള സിനിമയ്ക്ക് കലാഭവൻ സംഭാവന ചെയ്തിട്ടുണ്ട് .
ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും മികച്ച കലാകാരന്മാരുടെ ലോഞ്ച്പാഡായിരുന്നു കലാഭവൻ. നമുക്ക് പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം ചേർത്തുവായിക്കുന്ന ഒരു പേരെന്നതിലുപരി കലാഭവനെക്കുറിച്ച് ചില കാര്യങ്ങൾ പരിശോധിക്കാം..
ക്രിസ്ത്യൻ ആർട്‌സ് ക്ലബ്ബ് എന്ന പേരിലായിരുന്നു കലാഭവൻ ആദ്യം അറിയപ്പെട്ടിരുന്നത്..
ക്രിസ്തീയ സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി CMI പുരോഹിതൻ ഫാ.ആബേൽ, പിന്നണിഗായകനായിരുന്ന കെ.ജെ.യേശുദാസിൻ്റെ സഹായത്തോടെ ഒരു ക്രിസ്ത്യൻ ആർട്‌സ് ക്ലബ്ബായി കലാഭവൻ ആരംഭിച്ചു. മതവുമായി ബന്ധമൊന്നും വേണ്ട എന്ന തീരുമാനം ഫാ.ആബേലിന്റതായിരുന്നു.. കെ ജെ യേശുദാസാണ് സ്ഥാപനത്തിൻ്റെ പേര് ‘കലാഭവൻ’ എന്ന് മാറ്റം വരുത്തിയത്.. ക്രിസ്തീയഗാനങ്ങളുടെ നിർമാണമായിരുന്നു കലാഭവൻ ഏറ്റെടുത്ത ജോലി. പിന്നീട് അവർ ഗാനമേളയിലേക്ക് നീങ്ങി.. മുൻകാലങ്ങളിൽ ‘കൊച്ചിൻ കലാഭവൻ ഗാനമേള’യിലൂടെയാണ് കലാഭവൻ അറിയപ്പെട്ടിരുന്നത്.
ശേഷം സ്റ്റേജ് പ്രോഗ്രാമുകൾക്കിടയിൽ വ്യക്തിഗത കലാകാരന്മാരുടെ മിമിക്രി പ്രകടനങ്ങളിലേക്ക് മാറി.. തുടക്കത്തിൽ, വൺമാൻ ഷോകൾ 10 മിനിറ്റ് നീണ്ടുനിൽക്കുന്ന ‘ഫില്ലറുകൾ’ ആയി ഷെഡ്യൂൾ ചെയ്തിരുന്നു. കലാഭവനിൽ ആദ്യമായി മിമിക്രി അവതരിപ്പിച്ച കലാകാരനാണ് സംവിധായകനും നടനുമായ അൻസാർ.
മിമിക്രി പ്രതിഭകൾ വളർന്നുവരുകയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി അതിനെ സ്വീകരിക്കുകയും ചെയ്യുമ്പാൾ , എന്തുകൊണ്ട് ഇത് ഒരു മുഴുനീള പരിപാടി ആക്കിക്കൂടാ എന്ന ആബേൽ അച്ചൻ്റെ ചിന്തയിൽ നിന്നാണ് ‘മിമിക്സ് പരേഡ്’ എന്ന ആശയം ഉടലെടുത്തത്.
മിമിക്രിയുടെ സാധ്യതകളും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ കലാഭവൻ മാക്സിമം ഉപയോഗപ്പെടുത്തി. സെലിബ്രിറ്റികളെ അനുകരിക്കുന്നതിനു പുറമേ, “ഇംഗ്ലീഷ് സിനിമകളുടെ ട്രെയിലറുകൾ”, മെഷീൻ ഗണ്ണിൻ്റെയോ വിമാനത്തിൻ്റെയോ ശബ്ദങ്ങൾ, രാഷ്ട്രീയ ആക്ഷേപഹാസ്യം, തുടങ്ങിയവും പരീക്ഷിക്കാൻ തുടങ്ങി..
കലാഭവൻ വളർന്നപ്പോൾ മിമിക്രിയുടെ ജനപ്രീതി കുതിച്ചുയർന്നു. കേരളത്തിൽ മിമിക്രിയെ ജനകീയമാക്കിയ ആദ്യ വേദി കലാഭവനായിരുന്നു. 1995 ആയപ്പോഴേക്കും സംസ്ഥാനത്തുടനീളം 100 മിമിക്രി ട്രൂപ്പുകളെങ്കിലും ഉണ്ടായിരുന്നു.
മലയാള സിനിമയിലേക്കുള്ള പ്രവേശന കേന്ദ്രമായിരുന്നു മദ്രാസ് .ഒരു കാലത്തിനപ്പുറം കലാഭവൻ പുതിയ മദ്രാസായി. കലാഭവൻ്റെ എക്സ്പോഷർ കാരണം, കലാകാരന്മാർ ശ്രദ്ധിക്കപ്പെടുകയും, അവർക്കുള്ള അവസരങ്ങൾ ലഭിക്കാനും തുടങ്ങി.
കലാഭവൻ്റെ കവാടം കടക്കാത്ത മുതിർന്ന കലാസ്വാദകർ ഇല്ല. മമ്മൂട്ടി കലാഭവൻ ഷോകളുടെ സ്ഥിരസാന്നിധ്യമായിരുന്നു..
ജി അരവിന്ദൻ സംവിധാനം ചെയ്ത പോക്കുവെയിൽ എന്ന ചിത്രത്തിലാണ് അൻസാറിന് അവസരം ലഭിച്ചത്. സംവിധായക ജോഡികളായ സിദ്ദിഖ്-ലാൽ ഫാസിലിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടർമാരായി തിരഞ്ഞെടുക്കപ്പെട്ടു.
ഓഫറുകൾ വന്നതോടെ ചില കലാകാരന്മാർ ‘മിമിക്സ് പരേഡ്’ വിട്ടുവെങ്കിലും സ്റ്റേജിൽ ഒരിക്കലും പ്രതിഭകളുടെ കുറവുണ്ടായില്ല….പിന്നീടങ്ങോട്ട് കലാകാരന്മാരുടെ ക്യൂ ആയിരുന്നു. കലാഭവൻ മണി, സൈനുദ്ധീൻ, സലിം കുമാർ, ജയറാം സുബ്രഹ്മണ്യം, കലാഭവൻ അബി, ദിലീപ്, തെസ്‌നി ഖാൻ, കലാഭവൻ ഷാജോൺ തുടങ്ങിയവരും കലാഭവൻ ബാനറിൽ അഭിനയിച്ചിട്ടുണ്ട്.
1984-ലാണ് മലയാളികളുടെ പ്രിയങ്കരനായ ജയറാം കലാഭവൻ്റെ ഭാഗമാകുന്നത്..അങ്ങനെയാണ് പി പത്മരാജൻ്റെ അപരനിൽ അഭിനയിക്കാൻ ജയറാമിന് അവസരം ലഭിക്കുന്നത്. 1994-ൽ സലിംകുമാർ കലാഭവനിൽ ചേർന്നു. മൂന്നു വർഷം മിമിക്സ് പരേഡിൻ്റെ ഭാഗമായി ..പിറകെ തെസ്നി ഖാൻ കലാഭവൻ്റെ ഭാഗമായി..സംവിധായകരായ സിദ്ദിഖും ലാലും തിരക്കഥ അവതരിപ്പിച്ചാണ് കലാഭവൻ്റെ ഭാഗമായത്..പിന്നീടു നടന്ന പരിപാടികൾക്കിടയിൽ സംവിധായകൻ ഫാസിലിന്റെ ശ്രദ്ധ ലഭിക്കുകയും, നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയുടെ അസിസ്റ്റൻ്റ് ഡയറക്‌ടറായി അവരുടെ സിനിമാ പ്രവേശനത്തിന് വഴിയൊരുക്കുകയും ചെയ്തു..
കലാഭവൻ മണി, സൈനുദ്ധീൻ, കലാഭവൻ അഭി, ദിലീപ്, കലാഭവൻ ഷാജോൺ, വർക്കിച്ചൻ പേട്ട, കലാഭവൻ റഹ്മാൻ, ഹരിശ്രീ അശോകൻ, നാദിർഷാ, എൻ എഫ് വര്ഗീസ്, നാരായൺ കുട്ടി, ഫായിസ് മുഹമ്മദ്, ഹക്കിം റാവുത്തർ, ബിന്ദു പണിക്കർ, മച്ചാൻ വർഗീസ്, സുജാത മോഹൻ, കലാഭവൻ നവാസ്, റാഫി മക്കാർട്ടിൻ, ബേണി
ഇഗ്നേഷ്യസ്, കലാഭവൻ അനീഫ് തുടങ്ങി തുടർക്കഥയായി പോകുകയാണ് കലാഭവൻ സമ്മാനിച്ച പ്രതിഭകൾ…
പ്രഗത്ഭരെ വാർത്തെടുത്ത കലാഭവന് ഇന്ന് ആഗോളതലത്തിൽ ഏഴായിരത്തോളം വിദ്യാർഥികളുണ്ട്. കേരളത്തിനകത്തും ഇന്ത്യക്ക് പുറത്തും ഫ്രാഞ്ചൈസികളുണ്ട്. സംഗീതം മുതൽ നൃത്തം, പെയിൻ്റിംഗ്, മിമിക്രി വരെ, കലാമേഖലകൾ വിശാലമാണ്.