Cinemapranthan

രണ്ട്‌ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ ആദ്യം; തീയേറ്റര്‍ റിലീസുകള്‍ക്ക് ഒരുങ്ങി ബോളിവുഡ്

null

കോവിഡ് പശ്ചാത്തലയിൽ തിയേറ്ററുകൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുകയാണ്. സൂപ്പർതാര ചിത്രങ്ങൾ ഉൾപ്പടെ ഒറ്റിറ്റി റിലീസായി എത്തുന്ന സാഹചര്യമാണ് ഇപ്പോൾ. തമിഴില്‍ സൂര്യയുടെ ‘സൂരറൈ പോട്രും’ ഹിന്ദിയില്‍ അക്ഷയ് കുമാറിന്‍റെ ‘ലക്ഷ്‍മി’യുമൊക്കെ ഇത്തരത്തില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രങ്ങളാണ്. തമിഴ്നാട് ഉള്‍പ്പെടെ ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങള്‍ നിബന്ധനകളോടെ സിനിമാ തീയേറ്ററുകള്‍ തുറന്നിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ വേണ്ടത്ര എത്തിത്തുടങ്ങിയിട്ടില്ല.

അതേസമയം കൊവിഡ് അനന്തരമുള്ള തീയേറ്റര്‍ റിലീസുകളെക്കുറിച്ച് ബോളിവുഡിൽ ചർച്ചകൾ ആരംഭിച്ചു എന്നാണ് റിപോർട്ടുകൾ. റിലയൻസ് എന്‍റര്‍ടെയ്‍ന്‍മെന്‍റിന് നിര്‍മ്മാണ പങ്കാളിത്തമുള്ള രണ്ട് വന്‍ പ്രോജക്ടുകളുടെ തീയേറ്റര്‍ റിലീസുകളെക്കുറിച്ചാണ് ധാരണയായിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന റിപോർട്ടുകൾ.

അക്ഷയ് കുമാറിന്‍റെ ‘സൂര്യവന്‍ശി’, രണ്‍വീര്‍ സിംഗിന്‍റെ ’83’ എന്നിവ അടുത്ത വര്‍ഷാദ്യം തീയേറ്ററുകളിലെത്തുമെന്ന് ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് അറിയിച്ചിരിക്കുന്നത്. റിലീസ് തീയ്യതികള്‍ ഫൈനലൈസ് ചെയ്തിട്ടില്ലെങ്കിലും 2021 മാര്‍ച്ച് 31ന് അകം ഈ രണ്ട് ചിത്രങ്ങളും തീയേറ്ററുകളില്‍ എത്തുമെന്നും തരണ്‍ ട്വീറ്റ് ചെയ്തു. ഹിന്ദി സിനിമാ പ്രേക്ഷകരെ തിരിച്ച് തീയേറ്ററുകളിലേക്ക് എത്തിക്കാനുള്ള ബോളിവുഡിന്‍റെ ശ്രമമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ആക്ഷന്‍ ചിത്രങ്ങളുടെ ഗണത്തില്‍ സ്ഥാനമുറപ്പിക്കാന്‍ ഉറപ്പിച്ചാണ് അക്ഷയ് കുമാര്‍ നായകനാകുന്ന സൂര്യവന്‍ശി എന്ന ചിത്രം എത്തുന്നത്. അക്ഷയ് കുമാറും അജയ് ദേവ്ഗണും രണ്‍വീര്‍ സിങ്ങും ഒന്നിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫാണ് നായിക.

ഡി.സി.പി വീര്‍ സൂര്യവന്‍ശി എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അഭ്രപാളിയിലെത്തിക്കുന്നത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്ന വീര്‍ സൂര്യവന്‍ശിയുടെ കുറ്റാന്വേഷണകഥയാണ് ചിത്രം പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. ഹിമേശ് രേഷാമിയ, തനിഷ്‌ക് ബാഗ്ജി, എസ് തമന്‍, മീറ്റ് ബോസ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങളൊരുക്കുന്നത്. മലയാളിയായ ജോമോന്‍ ടി ജോണ്‍ രവി കെ ചന്ദ്രന്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. ലിംക ബുക്ക് ഓഫ് റെക്കോഡസില്‍ ഈയിടെ ഇടം നേടിയ ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്.

ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിന്റെ ചരിത്രം പറയുന്ന സിനിമ 83 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 1983ലെ ലോകകപ്പും ഇന്ത്യയുടെ ലോകകപ്പ് നേട്ടവും ഇതിവൃത്തമാക്കിയുള്ള ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്‍വീര്‍ സിങ്ങാണ് ചിത്രത്തില്‍ കപില്‍ ദേവായി വേഷമിടുന്നത്.

ക്രിക്കറ്റിലെ രാജാക്കാൻമാരായ വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യൻ ടീം ലോകകപ്പിൽ മുത്തമിട്ടതിന്റെ ചരിത്രമാണ് ഈ സിനിമ പറയുന്നത്. തമിഴ്നടൻ ജീവയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശ്രീകാന്ത് ആയാണ് ജീവ എത്തുക.

ദീപിക പദുക്കോൺ ഈ സിനിമയിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. അന്നത്തെ പ്രധാന കളിക്കാരായ സുനിൽ ഗാവസ്കർ, മൊഹീന്ദർ അമർനാഥ്, സയ്യിദ് കിർമാനി, റോജർ ബിന്നി, കീർത്തി ആസാദ്, രവിശാസ്ത്രി, മദൻലാൽ, സന്ദീപ് പാട്ടീൽ എന്നിവരെല്ലാം കഥാപാത്രങ്ങളാകുന്നുണ്ട്. മറാത്തി, ഹിന്ദി സിനിമകളിലെ നടനും സന്ദീപ് പാട്ടീലിന്റെ മകനുമായ ചിരാഗ് പാട്ടീലാണ് ഈ സിനിമയിൽ സന്ദീപ് പാട്ടീലിന്റെ വേഷം ചെയ്യുന്നത്.

cp-webdesk

null