കഴിഞ്ഞ ദിവസം പ്രാന്തൻ വായിച്ചൊരു കുറിപ്പ് ആണ് ഇവിടെ പോസ്റ്റ് ആയി ചേർക്കുന്നത്. ആരുടെയും വേഷവും രൂപവും ജോലിയും കണ്ട് ആരെയും വിലയിരുത്തരുതെന്ന വലിയൊരു തത്വം ഈ കുറിപ്പ് വായിച്ചാൽ നിങ്ങൾക്ക് മനസിലാവും
ജോലിക്ക് സമയത്ത് എത്താനാവുമോ എന്ന ആശങ്കയുമായാണ് ബംഗളൂരുവിലെ പ്രഫഷനലായ നികിത അയ്യര്‍ ഓട്ടോയ്ക്ക് കൈ കാണിച്ചത്. ഓട്ടോ അടുത്തേക്കു വന്നു നിര്‍ത്തിയതോടെ നികിതയുടെ ആശയക്കുഴപ്പം കൂടി. മുടിയും താടിയും നരച്ച ഒരു അപ്പൂപ്പനായിരുന്നു ഓട്ടോ ഓടിച്ചിരുന്നത് എന്നതായിരുന്നു കാരണം. ഈ ഓട്ടോയില്‍ പോയാല്‍ സമയത്തെത്തുമോ എന്ന് ശങ്കിച്ചു നില്‍ക്കവേ 74 കാരനായ ഓട്ടോ ഡ്രൈവര്‍ മനോഹരമായ ഇംഗ്ലിഷില്‍ സംസാരിച്ചു തുടങ്ങി.സാധാരണക്കാരനെപ്പോലെ തോന്നിച്ച ഓട്ടോ ഡ്രൈവറുടെ അസാധാരണമായ ഇംഗ്ലിഷ് പ്രാവീണ്യമാണ് നികിതയെ അദ്ഭുതപ്പെടുത്തിയത്.
നികിതയുടെ ഓരോ ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കാന്‍ പട്ടാഭിരാമനെന്ന ഡ്രൈവർ തയാറായതോടെ, 45 മിനിറ്റ് നീണ്ട ആ യാത്രയിൽ ഒരു അപൂര്‍വ ജീവിതകഥയാണ് അവര്‍ക്കു മുന്നില്‍ തെളിഞ്ഞു വന്നത്. തന്റെ ജീവിതത്തിലെ ആ അവിസ്മരണീയ അനുഭവം നികിത ലിങ്ക്ഡ് ഇന്‍ പോസ്റ്റായാണ് പങ്കുവച്ചത്.
എംഎയും എംഎഡും കഴിഞ്ഞ് മുംബൈയിലെ ഒരു കോളജില്‍ ഇംഗ്ലിഷ് അധ്യാപകനായാണ് പട്ടാഭിരാമൻ കരിയർ തുടങ്ങിയത്. കര്‍ണാടകയില്‍ ജോലി ലഭിക്കാതെ വന്നതോടെയാണ് ജോലി തേടി മഹാരാഷ്ട്രയിലേക്ക് പോകേണ്ടി വന്നത്. കര്‍ണാടകയിലെ കോളജുകളിലും മറ്റും ജോലി തേടി പോയപ്പോഴൊക്കെ നിങ്ങളുടെ ജാതി എന്താണെന്നായിരുന്നു ചോദിച്ചത്. പേര് പട്ടാഭിരാമന്‍ എന്നാണെന്നു മറുപടി നല്‍കിയതോടെ ഞങ്ങള്‍ അറിയിക്കാം എന്ന പതിവു മറുപടിയാണ് എല്ലാവരും നല്‍കിയത്.
കര്‍ണാടകയിലെ കോളജുകള്‍ നിരാശപ്പെടുത്തിയതോടെ മുംബൈയിലെ പ്രശസ്തമായ ഒരു കോളജില്‍ അദ്ദേഹം ജോലിക്ക് ശ്രമിക്കുകയും തിരഞ്ഞടുക്കപ്പെടുകയുമായിരുന്നു. അറുപതാം വയസ്സില്‍ വിരമിക്കുന്നതുവരെ 20 വര്‍ഷം അദ്ദേഹം അവിടെ ഇംഗ്ലിഷ് പ്രഫസറായിരുന്നു. ജോലിയില്‍നിന്നു വിരമിച്ച ശേഷമാണ് അദ്ദേഹം ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയത്.
സ്വകാര്യ കോളജുകളില്‍ അധ്യാപകര്‍ക്ക് പരമാവധി 15,000 രൂപ വരെയാണ് അന്ന് ലഭിച്ചിരുന്നത്. സ്വകാര്യ കോളജായതിനാല്‍ പെന്‍ഷനും ഇല്ല. ഒരു ദിവസം ഓട്ടോ ഓടിച്ചാല്‍ 700 മുതല്‍ 1500 രൂപ വരെ കിട്ടും. എനിക്കും എന്റെ ഗേള്‍ ഫ്രണ്ടിനും കഴിയാന്‍ ഇതു ധാരാളം എന്നാണ് പട്ടാഭിരാമന്‍ പറഞ്ഞത്. ഗേള്‍ഫ്രണ്ട് പരാമര്‍ശം കേട്ട് ചിരിച്ച നികിതയോടെ എന്തുകൊണ്ടാണ് ഭാര്യയെ ഗേള്‍ഫ്രണ്ട് എന്ന് വിളിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
‘ഭാര്യയെന്നു വിളിക്കുന്ന നിമിഷം മുതല്‍ തന്നെ അവര്‍ അടിമകളാണെന്ന ബോധമാണ് പലര്‍ക്കുമുണ്ടാവുന്നത്. നിങ്ങളേക്കാള്‍ ഒന്നിലും താഴെയല്ല നിങ്ങളുടെ ജീവിത പങ്കാളി. പലപ്പോഴും അവര്‍ നിങ്ങളേക്കാള്‍ മുകളിലുമാണ്’ – ഗേള്‍ഫ്രണ്ട് വിളിയുടെ കാരണം പട്ടാഭിരാമന്‍ വ്യക്തമാക്കുന്നു. ഈ ദമ്പതികള്‍ക്ക് ഒരു മകനാണുള്ളത്. വാടക നല്‍കാന്‍ മാതാപിതാക്കളെ സഹായിക്കാറുണ്ടെങ്കിലും മകനും കുടുംബവും വേറേയാണ് താമസം. ‘ഞങ്ങള്‍ മക്കളുടെ സംരക്ഷണയിലല്ല കഴിയുന്നത്. അവര്‍ അവരുടെ ജീവിതവും ഞങ്ങള്‍ ഞങ്ങളുടെ ജീവിതവും സന്തോഷത്തോടെ ജീവിക്കുന്നു’ എന്നായിരുന്നു പട്ടാഭിരാമന്റെ വാക്കുകളെന്നും നികിത എഴുതുന്നു.
‘ജീവിതത്തെക്കുറിച്ച് ഒരു പരാതിയില്ല, ഒന്നിലും പശ്ചാത്താപമില്ല. ഇത്തരം ഒളിഞ്ഞിരിക്കുന്ന നായകരില്‍നിന്നു നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്’ എന്നാണ് അവിചാരിതമായി കണ്ടുമുട്ടിയ ആ അദ്ഭുതമനുഷ്യനെപ്പറ്റിയുള്ള കുറിപ്പ് നമിത അവസാനിപ്പിക്കുന്നത്. എന്നായിരുന്നു നികിത എഴുതിയത്. വൈകാതെ നികിതയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു