Cinemapranthan

ലോകത്തിലെ ഏറ്റവും നീളം കൂടിയ കേക്കിൽ ഇടം നേടിയ പ്രശസ്തർ; മധുര നേട്ടത്തിന്റെ ഭാഗമായി ഗായിക പാലയാട് യശോദയും

732.15 അടി നീളവും 2800 കിലോഗ്രാം തൂക്കവുമുള്ള കവേർഡ് ബ്രൗണി കേക്കിന് ഗിന്നസ് ഉൾപ്പടെ അഞ്ച് റെക്കോർഡുകൾ ആണ് ലഭിച്ചത്

null

ലോകത്തിലെ ഏറ്റവും നീളം കൂടിയ കേക്ക് എന്ന ഗിന്നസ് റെക്കോർഡിനൊപ്പം അഞ്ച് റെക്കോർഡുകൾ സ്വന്തമാക്കി അത്ഭുതമായി മാറിയിരിക്കുകയാണ് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ഒരുക്കിയ കേക്ക് പ്രദർശനം. കണ്ണൂരിലെ ബ്രൗണീസ് ബേക്കറിയും കൊച്ചിൻ ബേക്കറിയും ചേർന്ന് നടത്തിയ വമ്പൻ കേക്ക് പ്രദർശനത്തിലാണ് ഈ മധുര നേട്ടം. ഗിന്നസ് ഉൾപ്പടെ അഞ്ച് റെക്കോർഡുകൾ നേടിയ ബ്രൗണീസ് കേക്കിൽ ഇടം നേടിയിരിക്കുകയാണ് പ്രശസ്ത ഗായിക പാലയാട് യശോദയും.

732.15 അടി നീളവും 2800 കിലോഗ്രാം തൂക്കവുമുള്ള കവേർഡ് ബ്രൗണി കേക്ക്, കണ്ണൂരിന്റെ പേര് വാനോളമുയർത്തിയ പ്രശസ്തരെയും ഉൾപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. സംഗീതത്തിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ പാലയാട് യശോദയും ഈ ചരിത്ര നേട്ടത്തിന്റെ ഭാഗമായിരിക്കുന്നത് തന്നെ മലയാളികൾ അവരെ മറന്നിട്ടില്ല എന്നുള്ളതിന് തെളിവാണ്.

പത്താം വയസ്സിൽ ‘വഴിവിളക്ക്’ എന്ന നാടകത്തിൽ ഗാനമാലപിച്ച് ഗാനരംഗത്തേക്ക് എത്തിയ പാലയാട് യശോദ ഗാനത്തിനൊപ്പം അഭിനയരംഗത്തേക്കും കടക്കുകയായിരുന്നു. 1962ൽ ‘പളുങ്കുപാത്രം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ പിന്നണിഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് യേശുദാസ്, ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ എന്നിവരോടൊപ്പം ഗാനങ്ങൾ ആലപിച്ചു. നസീറിനും ഷീലയ്ക്കുമൊപ്പം ‘തങ്കക്കുടം’ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.

പാലയാട് യശോദക്കൊപ്പം തന്നെ ചരിത്ര ദൃശ്യങ്ങള്‍ അടങ്ങിയ 900 ചിത്രങ്ങളും ഇന്ത്യന്‍ കലാരംഗത്തിലെ അപൂര്‍വ്വ വ്യക്തിത്വങ്ങളുടെയും കായികരംഗത്ത് മികവ് തെളിയിച്ച വനിതകളുടെയും, മഞ്ജു വാര്യർ, സംവൃത സുനിൽ, മേധാ പട്കർ, സയനോര, അനശ്വര രാജൻ, ഗീതു മോഹൻദാസ് തുടങ്ങി സിനിമ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളുടെയും ചിത്രങ്ങളും കേക്കിൽ ആലേഖനം ചെയ്തിട്ടുണ്ട്.

പുതിയ തലമുറയ്ക്ക് ഒരു പക്ഷേ കേട്ടു കേൾവി ഇല്ലെങ്കിൽ പോലും ആ പേര് ഓർക്കുന്ന ഒരു തലമുറയും ഒരു കൂട്ടം സംഗീത പ്രേമികളും ഇന്നുമുണ്ട് എന്നുള്ളത് സന്തോഷം നൽകുന്നതാണെന്ന് പറയുകയാണ് പാലയാട് യശോദയുടെ സഹോദരിമാരായ മൈഥിലി, ജയലക്ഷ്മി അംബിക എന്നിവർ. ഒരു വലിയ നേട്ടത്തിന്റെ ഭാഗമായി തങ്ങളുടെ സഹോദരിയെയും ഉൾപ്പെടുത്തിയത് അറിഞ്ഞ് പ്രദർശനം കാണാൻ എത്തിയതായിരുന്നു അവർ. പ്രശസ്ത പിന്നണി ഗായിക ശ്രേയ രാഘവ്, ഗായികയും കലാകാരിയുമായ രാഖി ജ്യോതിഷ് എന്നിവരാണ് പാലയാട് യശോദയുടെ മക്കൾ.

പാലയാട് യശോദയുടെ സഹോദരിമാർ

മമ്പള്ളി കുടുംബാംഗങ്ങളും സഹോദരന്മാരുടെ മക്കളുമായ എം.പി.രമേഷ്, എം.കെ.രഞ്ചിത്ത് എന്നിവർ ഒരുക്കിയ കേക്കിന് ഗിന്നസ് ലോക റെക്കോഡ്, രണ്ട് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്, രണ്ട് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ് എന്നിവയാണ് ലഭിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നിന് നടന്ന സമ്മേളനത്തിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള കൊച്ചിൻ ബേക്കറി ഡയറക്ടർ എം.പി. രമേഷിനും ബ്രൗണീസ് ബേക്കറി ഡയറക്ടർ എം.കെ. രഞ്ജിത്തിനും ഗിന്നസ് റെക്കോഡ് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് നൽകി.

cp-webdesk

null