Cinemapranthan

വർഷം 170ൽ പരം സിനിമകൾ ഇറങ്ങുന്ന മലയാളത്തിൽ 15 പേർ അടങ്ങുന്ന സംഘമാണ് സിനിമകളെ നിയന്ത്രിക്കുന്നത് എന്ന് പറഞ്ഞാൽ ഞാൻ സമ്മതിച്ചു തരില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിനെ വിമർശിച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ ; കുറിപ്പ് വായിക്കാം

null

മറ്റേത് മേഖലയിലും എന്നപോലെ സിനിമാ മേഖലയിലും ചിലപുഴുകുത്തുകൾ ഉണ്ടാകും. ചിലരുടെ തിക്താനുഭവങ്ങളെ മാത്രം മുൻനിർത്തി ഒരു തൊഴിൽ മേഖലയെ ഒന്നാകെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ഒട്ടും ആശാസ്യമല്ല.

ഞങ്ങൾക്കും ഭാര്യയും മക്കളും അച്ഛനും അമ്മയും സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ട്. ഇത്രയും നാൾ തല ഉയർത്തി മാന്യമായി ജീവിച്ച ഞങ്ങളെ, കുടുംബത്തിലും സമൂഹത്തിലും തലകുനിച്ചു നിൽക്കേണ്ട ഗതികേടിലേക്കാണ് വാർത്തകളും ചർച്ചകളും കൊണ്ടെത്തിച്ചത്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ. അതിൽ ആർക്കും തർക്കമില്ല.

ഈ ചർച്ചയുടെ ഭാഗമായി നടത്തുന്ന വെളിപ്പെടുത്തലുകളിൽ സിനിമയിൽ ജാതി വിവേചനത്തെക്കുറിച്ച് ചോദ്യവും ഉത്തരവും വരുന്നു.സിനിമാരംഗത്ത് ജാതീയമായ വേർതിരിവുണ്ട് എന്ന് സമർഥിക്കാൻ വീണ്ടും ശ്രമം. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന നിലയാണ് ഇപ്പോൾ.

15 പേരുടങ്ങുന്ന പവർ ഗ്രൂപ്പാണ് സിനിമയെ നിയന്ത്രിക്കുന്നത് എന്ന് റിപ്പോർട്ടിന്റെ ഭാഗം എന്ന നിലയിൽ പത്രങ്ങളിൽ കണ്ടു. 170ൽ കൂടുതൽ സിനിമകൾ ഒരു വർഷം ഇറങ്ങുന്ന മലയാളത്തിൽ 15 പേർ അടങ്ങുന്ന സംഘമാണ് സിനിമകളെ നിയന്ത്രിക്കുന്നത് എന്ന് പറഞ്ഞാൽ ഞാൻ സമ്മതിച്ചു തരില്ല. കാരണം 44 വർഷത്തിനിടക്ക് 150 ൽ കൂടുതൽ സിനിമകൾ വർക്ക് ചെയ്ത എനിക്ക് അങ്ങനെ ഒരു അനുഭവമില്ല. മറ്റുള്ളവർക്ക് അങ്ങനെയുള്ള അനുഭവം ഉണ്ടോ എന്നും എനിക്കറിയില്ല. ഓരോരുത്തരും അവരവരുടെ അനുഭവമാണല്ലോ പറയുന്നത്.ഞാൻ വർക്ക് ചെയ്യുന്ന സിനിമകളിൽ നിർമ്മാതാവും സംവിധായകനും ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.

ആരുടെയെങ്കിലും ഭീഷണിപ്പെടുത്തലിന്റെയോ ശുപാർശയുടെയോ അടിസ്ഥാനത്തിലല്ല സിനിമയിൽ ടെക്നീഷ്യന്മാരെയും ആർട്ടിസ്റ്റുകളെയും തീരുമാനിക്കുന്നത്. കഴിവും മികവും ഉള്ളവരെയാണ് ടെക്നീഷ്യന്മാരായി തിരഞ്ഞെടുക്കുക. കഥാപാത്രങ്ങൾക്ക് അനുയോജ്യരായ താരങ്ങളെയും.

അധികാരം കയ്യാളുന്നവർ ദുർബലരായവരെ സഹായിക്കാൻ തയ്യാറാവുന്നില്ല എന്നൊരു പരാമർശം റിപ്പോർട്ടിന്റെ ഭാഗമായി പത്രങ്ങളിൽ കണ്ടു. മികച്ച സംവിധാനത്തിനുള്ള പുരസ്കാരം കിട്ടിയതുകൊണ്ട് സാറ്റലൈറ്റ് അവകാശം വിറ്റു പോകണമെന്നില്ല. സാറ്റലൈറ്റ് വാങ്ങിക്കുന്നവർ ആദ്യം നോക്കുന്നത് ഈ സിനിമ തിയേറ്ററുകളിൽ ഓടിയോ എന്നാണ്.

മാത്രമല്ല ഒരു നിർമ്മാതാവും എന്റെ സാറ്റലൈറ്റ് വിറ്റ് തരുമോ എന്ന് ചോദിച്ചു അധികാരമുണ്ടെന്ന് പറയപ്പെടുന്ന ആളുകളെ സമീപിക്കാറില്ല. അവരവരുടെ സാറ്റലൈറ്റ് വിൽക്കാനുള്ള ശ്രമം അതാത് നിർമ്മാതാക്കൾ തന്നെയാണ് നടത്താറ്. OTT യിലും സാറ്റലൈറ്റിലും സ്വാധീനമുള്ള ചിലരുടെ സഹായത്തോടെ.

തിയേറ്ററിൽ ഓടാത്ത സിനിമകളുടെ സാറ്റലൈറ്റ് വാങ്ങാൻ ആരും ഇപ്പോൾ തയ്യാറാകുന്നില്ല. അവരും പൈസ മുടക്കുന്നത് ബിസിനസിനാണ്.സംപ്രേഷണം ചെയ്യുമ്പോൾ പ്രേക്ഷകർ ഉണ്ടാവില്ല എന്ന് ഉറപ്പുള്ള സിനിമകളുടെ ബിസിനസ് നടക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഇത് നാലുവർഷം മുമ്പുള്ള റിപ്പോർട്ട് ആണ്. ഇപ്പോൾ അവസ്ഥ അതിലും മോശമാണ്. അത്യാവശ്യം തിയേറ്ററിൽ ഓടിയ സിനിമകൾ പോലും വാങ്ങാൻ പലരും
തയ്യാറാവുന്നില്ല.

കോവിഡ് കാലത്ത് ഓ ടി ടി യിലും സാറ്റലൈറ്റിലും കിട്ടിയിരുന്ന വലിയ തുകയെ കുറിച്ചുള്ള ചിന്തയാണ് ഇപ്പോഴും പലരുടെയും മനസ്സിൽ. ആ കാലം കഴിഞ്ഞുപോയി. തിയേറ്റർ അടച്ചിട്ടിരുന്ന കാലത്ത് ആളുകൾക്ക് സിനിമ കാണാൻ മറ്റു മാർഗങ്ങളില്ലായിരുന്നു. പുറത്തിറങ്ങാൻ കഴിയാതെ വീടുകളിൽ മാത്രം കഴിഞ്ഞിരുന്ന ആ കാലത്ത് ടിവിക്ക് മുന്നിൽ ആളുകൾ ഉണ്ടായിരുന്നു. അതിനനുസരിച്ച് ബിസിനസും ഉണ്ടായിരുന്നു, ഇപ്പോൾ അതില്ല.

സൂപ്പർ ഹീറോ പരിവേഷം ഇല്ലാത്ത ജോജു ജോർജിന്റെ ജോസഫ് എന്ന സിനിമ ഓടിയതായി വായിച്ചു. എല്ലാ നായകന്മാരും അങ്ങനെ തന്നെയാണ്. ആദ്യകാലത്ത് ആർക്കും സൂപ്പർ ഹീറോ പരിവേഷമില്ല. അഭിനയിക്കുന്ന സിനിമകൾ ഒന്നൊന്നായി വിജയിക്കുമ്പോഴാണ് ഓരോരുത്തർക്കും സൂപ്പർ ഹീറോ പരിവേഷം അവർ ആഗ്രഹിച്ചില്ലെങ്കിലും ചാർത്തിക്കിട്ടുന്നത് . അങ്ങനെയാണ് ആ താരത്തിന്റെ പേരിൽ ബിസിനസ് ഉണ്ടാവുന്നതും. അതിനനുസരിച്ച് പ്രതിഫലം അവർ വാങ്ങുന്നതും.

മറ്റൊരു ആരോപണം പ്രതിഫല കാര്യത്തിലെ വിവേചനമാണ്. നൂറുകണക്കിന് ആർട്ടിസ്റ്റുകളുമായി ശമ്പളം സംസാരിച്ച് ഉറപ്പിച്ച് ഷൂട്ടിംഗ് ന് എത്തിച്ചിട്ടുള്ള ആളാണ് ഞാൻ. താരങ്ങളായാലും സൂപ്പർ താരങ്ങളായാലും ആൺ പെൺ എന്ന വ്യത്യാസമില്ലാതെ കഥയും കഥാപാത്രങ്ങളും ഇഷ്ടപ്പെട്ടാൽ എത്ര ദിവസം വേണം എന്നതിന്റെ അടിസ്ഥാനത്തിൽ അവർ ശമ്പളം പറയും. ഇത്ര രൂപ വാങ്ങാൻ തനിക്ക് യോഗ്യതയുണ്ട് എന്ന സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോരുത്തരും ശമ്പളം പറയുക. ചിലത് ചോദിച്ച തുകയ്ക്കും മറ്റു ചിലത് നേരിയ വ്യത്യാസത്തിലും ഉറപ്പിക്കും. സ്നേഹത്തിന്റെയും ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ വലിയ വിട്ടുവീഴ്ചകൾ ചെയ്യുന്ന താരങ്ങളും ഉണ്ട്. ചില നിർമ്മാതാക്കളുടെ സാമ്പത്തിക സ്ഥിതി മാനിച്ച് ഡബ്ബിങ് സമയത്ത് കിട്ടേണ്ട തുക ഉപേക്ഷിച്ച ഒരുപാട് താരങ്ങളെ എനിക്കറിയാം.

രാത്രി ലേറ്റായി ഷൂട്ടിംഗ് കഴിഞ്ഞാൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് തിരികെ പോകാൻ സൗകര്യങ്ങൾ ലഭിക്കുന്നില്ല എന്നും കണ്ടു. ജൂനിയർ ആർട്ടിസ്റ്റുകൾ നിർമ്മാതാവുമായി നേരിട്ട് ബന്ധമുള്ളവർ അല്ല. ജൂനിയർ ആർട്ടിസ്റ്റ് ഏജന്റ്മാരെയാണ് നമ്മൾ ആ ജോലി ഏൽപ്പിക്കാറ്. ദൂരത്തിനനുസരിച്ച് 100 ഉം 150ഉം രൂപ മുതൽ 300 രൂപ വരെ യാത്ര ബാറ്റയായി ശമ്പളത്തിന് പുറമേ ഞങ്ങൾ കൊടുക്കാറുണ്ട്. രാത്രി ലേറ്റ് ആയാൽ ടാക്സി വിളിച്ചും ട്രാവലർ വിളിച്ചുമേ ഇവരെ വിടാൻ കഴിയൂ എന്നു പറഞ്ഞു അതിനുള്ള കാശും വാങ്ങിക്കാറുണ്ട് ഏജന്റ് മാർ. അത് അവരിലേക്ക് എത്തിച്ചേരുന്നുണ്ടോ എന്നകാര്യം അന്വേഷണ വിധേയമാക്കേണ്ടതാണ്.

പ്രൊഡ്യൂസർ മുതൽ തിയേറ്റർ ഓപ്പറേറ്റർ വരെ ലക്ഷക്കണക്കിനാളുകൾ ജോലി ചെയ്യുന്ന തൊഴിൽ മേഖലയാണ് സിനിമ. ഇപ്പോൾ ഞങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യുകയാണ് സമൂഹം. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന തത്വം ഞങ്ങൾക്കും ബാധകമാണ്. കമ്മീഷൻ റിപ്പോർട്ടിന്റെ ബലത്തിൽ മാഫിയ സംഘങ്ങളാണ് സിനിമയെ നിയന്ത്രിക്കുന്നത് എന്ന് അലറി വിളിക്കുകയാണ് അന്തി ചർച്ചകളിൽ.

കമ്മീഷനോട് ഓരോരുത്തരും അവരവരുടെ അനുഭവമാണല്ലോ പറഞ്ഞത്. അപ്പോൾ പിന്നെ സ്ഥാപകാംഗം കാലുവാരി എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്. സിനിമയിൽ അവസരം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി പുരുഷന്മാർക്കെതിരെ മൊഴി നൽകാതിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചു എന്നു പറയുന്നു. ആരിൽ നിന്നും പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ല എന്ന് അവർ പറയുന്നുണ്ടെങ്കിൽ അത് അവരുടെ അനുഭവമായിരിക്കും. എല്ലാവരും സിനിമയെപ്പറ്റി മോശമായി പറയണം എന്ന് ആർക്കാണ് നിർബന്ധം.

കമ്മീഷന്റെ പ്രവർത്തനങ്ങൾ എന്തിന് സിനിമ മേഖലയിൽ മാത്രമായി ചുരുക്കണം. സ്ത്രീകൾ ജോലിചെയ്യുന്ന തൊഴിലിടങ്ങളിൽ മുഴുവൻ കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തട്ടെ. എന്നിട്ട് വരുന്ന റിസൾട്ട് വെച്ചാകാം ബാക്കി ചർച്ചകൾ.

ഇനി പീഡനത്തെക്കുറിച്ചാണ്, രണ്ടുപേരുടെയും സമ്മതമില്ലാതെ സിനിമയിൽ എന്നല്ല മറ്റെവിടെയും ഈ ഒരു ബന്ധം നടക്കില്ല. സമ്മതമില്ലാതെ ഇങ്ങനെ ഒരു ബന്ധത്തിന് ശ്രമം നടക്കുന്നുണ്ടെങ്കിൽ, സ്ത്രീകളുടെ പരാതികൾക്ക് നിയമം അനുകൂലമായ ഈ കാലഘട്ടത്തിൽ ആ നിമിഷം നിയമപരമായി നേരിടാവുന്നതാണ്. അതിനുള്ള സാവകാശം അപ്പോൾ കിട്ടുന്നില്ലെങ്കിൽ വലിയവായിൽ ഒച്ചവെക്കാമല്ലോ. മറ്റുള്ളവരുടെ മുൻപിൽ നാണം കെടാൻ ഈ സ്ത്രീലംബഡൻ തയ്യാറാവില്ല.

അടിമയും അബലയുമല്ല സ്ത്രീ.കർണകി ആവേണ്ട, കണ്ണുതുറന്നു രൂക്ഷമായി നോക്കാനുള്ള ആർജ്ജവമെങ്കിലും സ്ത്രീ കാണിക്കണം. പെണ്ണ് തന്റേടത്തോടെ നേരിട്ടാൽ വാതിലിൽ മുട്ടുന്നവൻ ഒരിക്കലേ മുട്ടുകയുള്ളൂ. പിന്നെ വാതിലിൽ എന്നല്ല എവിടെയും മുട്ടാൻ അവൻ ഒന്നും മടിക്കും.

ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ പീഡനം ജാതി, മതം, മാഫിയ തുടങ്ങി ഒരുപാട് ആരോപണങ്ങൾ, മീറ്റൂ പോലെയുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, അഡ്ജസ്റ്റ് മെന്റ്, കോംപ്രമൈസ്, തുടങ്ങി പുകയുകയാണ് സിനിമാ രംഗം. അതേറ്റുപിടിച്ച് വാർത്തകളാലും ചർച്ചകളാലും ആഞ്ഞുവീശുന്ന കാറ്റിൽ, ആപുക തീയായി മാറാതെ നോക്കേണ്ടത് ഓരോ സിനിമാക്കാരന്റെയും കടമയാണ്. പ്രത്യേകിച്ച് സംശയത്തിന്റെ മുന സിനിമാ മേഖലയെ ഒന്നാകെ ഗ്രസിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ.

cp-webdesk

null