നിഷ്കളങ്കതയും നർമ്മവും പ്രണയത്തിൽ ചാലിച്ച് മലയാളി മനസിലേക്ക് ചേക്കേറിയ പ്രണയജോഡികളാണ് സുരേഷും സുമലതയും. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ചെറിയ രണ്ട് കഥാപാത്രങ്ങളായി എത്തി പ്രേക്ഷക ഇഷ്ട്ടം നേടിയ ഈ ജോഡികൾ അതേ കഥാപാത്രമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’.
സിനിമ ഭാഷയിൽ പറഞ്ഞാൽ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ‘സ്പിൻ ഓഫ്’ ചിത്രം. ബ്ലോക്ക്ബസ്റ്റര്‍ സിനിമകളിലെ കഥാപാത്രങ്ങളുടെ സ്പിന്‍ഓഫുകള്‍ മലയാളത്തില്‍ അത്ര കണ്ടുവരാത്ത ഒന്നാണ്. എന്നാൽ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ രാജേഷ് മാധവന്‍ ചിത്ര എസ് നായർ എന്നിവരെ നായികാ നായകന്മാരാക്കി ഇത്തരത്തിൽ ഒരു പരീക്ഷണത്തിന് തയ്യാറായി എന്നതിന് തന്നെ ആണ് ആദ്യത്തെ കയ്യടി നൽകേണ്ടത്.
രതീഷ് ബാലകൃഷ്ണ പൊതുവാൾ. പുതിയ തലമുറയിലെ ഏറ്റവും ഗ്യാരന്റി സംവിധായകരിലൊരാലാണ് അദ്ദേഹം. ആൻഡ്രോയിഡ് കുഞ്ഞപ്പനും, കനകം കാമിനി കലഹവും, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങി അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങൾ ഒന്ന് നോക്കിയാൽ മാത്രം മതി സംവിധായകന്റെ പ്രാഗൽഭ്യം മനസ്സിലാവാൻ. നാട്ടിൻപുറത്തെ സാധാരക്കാരുടെ സ്വാഭാവിക നർമ്മങ്ങൾ ചേർത്തുവച്ച് അദ്ദേഹം ഒരുക്കുന്ന ചിത്രങ്ങൾക്ക് ആദ്യ കാഴ്ചയിൽ മാത്രമല്ല വീണ്ടും വീണ്ടുമുള്ള കാഴ്ചയിലും സൗന്ദര്യം കൂടാറുണ്ട്.. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിലേക്ക് എത്തുമ്പോഴും ഏതാണ്ട് അതുപോലെ ആണ്. പ്രണയവും നർമ്മവും കാലഘട്ടങ്ങളും എല്ലാം ഒത്തൊരുമിക്കുന്നൊരു ചിത്രം. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു അമർ ചിത്ര കഥപോലെ അല്ലെങ്കിൽ ഒരു കോമിക് ബുക്ക് വായിക്കും പോലെ ചിരിച്ച് ആസ്വദിക്കാവുന്ന ഒരു സിനിമ .
ന്നാ താൻ കേസ് കൊട് പോലെ കഥാപാത്രങ്ങളും കഥയുമെല്ലാം റിയലിസ്റ്റിക് സ്വഭാവം കാത്തു സൂക്ഷിക്കുന്നില്ല ചിത്രത്തിൽ. റിയൽ ലൈഫിൽ നിന്നും കുറച്ചൂടെ മുകളിൽ എന്നാൽ ഫാന്റസിയിലേക്ക് എത്തിയിട്ടുമില്ല. അതിനിടയിൽ കഥാപാത്രങ്ങൾക്കെല്ലാം ഒരു കാർട്ടൂൺ സ്വഭാവം നൽകിയാണ് സംവിധായകൻ ചിത്രമൊരുക്കിയത്. ഒന്ന് പാളിയാൽ കൈവിട്ടു പോകുന്ന അവതരണത്തെ അദ്ദേഹം കയ്യടക്കത്തോടെ തന്നെ ഒരുക്കിയിട്ടുണ്ട്. അഭിനേതാക്കളും തങ്ങളുടെ വേഷങ്ങൾ ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്.. സുരേഷും സുമലതയും ആയി എത്തിയ രാജേഷ് മാധവനും ചിത്ര എസ് നായരും തൊട്ട് സഹ താരങ്ങൾ ആയി എത്തിയ സുധീഷ്, ശരണ്യ, ജിനു ജോസഫ് എന്നിവരും ഗംഭീര പ്രകടനം കാഴ്ചവക്കുന്നുണ്ട്.സംവിധായകന്റെ മുൻ ചിത്രങ്ങൾ പോലെ പേരറിയാത്ത ഒരുപാട് അഭിനേതാക്കളെ നമുക്ക് ഈ ചിത്രത്തിലും കാണാം. വരും കാലം അവരെ നമുക്ക് മികച്ച കഥാപാത്രങ്ങളായി മറ്റു ചിത്രങ്ങളിലൂടെ കാണുമെന്ന ഉറപ്പ് അവരുടെ പെര്ഫോമന്സില് നിന്നും വ്യക്തമാണ്.
ആദിമധ്യാന്തം തമാശയിൽ പൊതിഞ്ഞു ഒരു ഹൃദയ ഹാരിയായ പ്രണയ കഥ തന്നെ ആണ് ചിത്രം. കുടുംബസമേതം കാണാൻപറ്റിയ ഒരു കുഞ്ഞു ചിത്രം. ക്ലൈമാക്സിലിനോടടുക്കുമ്പോൾ കുഞ്ഞു ചിത്രത്തെ വലുതാക്കുന്ന ഒരു സർപ്രൈസും ചിത്രത്തിൽ ഒരിക്കിയിട്ടുണ്ട് സംവിധായകൻ അത് എന്താണെന്നു നിങ്ങൾ തീയറ്ററിൽ നിന്ന് തന്നെ കണ്ടറിയുക..