പ്രാന്തൻ ഇന്നൊരു സിനിമയെ കുറിച്ച് പറയാം കാണാൻ.. നിങ്ങൾ എത്രപേര് കണ്ടെന്നറിയില്ല.. 2011 ൽ ശ്രീജിത്ത് മുഖർജി തിരക്കഥയും സംവിധാനവും നിർവഹിച്ച് പ്രോസഞ്ജിത് ചാറ്റർജി, പരംബ്രത ചാറ്റർജി, റൈമ സെൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച
ബംഗാളി ഭാഷയിൽ പുറത്തിറങ്ങിയ ചിത്രമാണ് ബൈഷേ സ്രാബൺ. ഒരു ക്രൈം സസ്പെൻസ് ത്രില്ലർ ഗണത്തിൽ പെടുത്താൻ പറ്റുന്ന ഈ ചിത്രം കാണാത്തവരാണെങ്കിൽ അതൊരു നഷ്ട്ടം തന്നെയാണ്. ത്രില്ലെർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മാത്രമല്ല എല്ലാത്തരം പ്രേക്ഷർക്കും ഒരുപോലെ ഇഷ്ടമാവുന്ന ചിത്രമാണ് ബൈഷേ സ്രാബൺ. മികച്ച സംഭാഷങ്ങൾ കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും സമ്പന്നമാണ് ചിത്രം.

കൊൽക്കത്ത പോലീസിനെ കുഴപ്പിച്ച് നാല് പരമ്പരക്കൊലകൾ അരങ്ങേറുന്നു. മരിച്ചവർ എല്ലാം സമൂഹത്തിലെ അടിത്തട്ടിൽ ജീവിക്കുന്നവർ. അവർ തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമില്ലെങ്കിലും അവരുടെ മരണത്തെ ബന്ധിപ്പിക്കുന്ന ഒരു ഘടമുണ്ട്. ബംഗാളിലെ പ്രശസ്തരായ കവികളുടെ കവിതാ ശകലങ്ങൾ ശവശരീരങ്ങളുടെ അടുക്കൽ നിന്നും ലഭിക്കുന്നു. കേസ് അന്വേഷിക്കുന്നത് അഭിജിത്ത് എന്ന പ്രഗൽഭനായ പോലീസുകാരനാണ്. മിടുക്കനായ അഭിജിത്തിന് എന്നാൽ ഈ കേസിൽ അധികം മുന്നോട്ട് പോകാനാവുന്നില്ല. അഭിജിത്തിന്റെ കാമുകിയായ ടി വി ജേർണലിസ്റ്റ് അമൃത ഇതേസമയം തന്നെ അവളുടെ ടി വി ചാനലിനുവേണ്ടി പരമ്പര കൊലയാളികളെ കുറിച്ച് ഒരു പ്രോഗ്രാം ചെയ്യാൻ തീരുമാനിക്കുന്നു. അഞ്ചാമതൊരു കൊലപാതകം കൂടി നടക്കുന്നതോടെ കേസന്വേഷണത്തിൽ പോലീസിൽ നിന്നും കൃത്യ നിർവഹണത്തിൽ ഗുരുതരമായ തെറ്റ് വരുത്തിയത്തിനു പിരിച്ചു വിട്ട പ്രഭിൻ എന്ന പഴയ ഐ പി എസ്സുകാരന്റെ സഹായം അഭ്യർത്ഥിക്കാൻ തീരുമാനിക്കുന്നു .

ഒരു എൻകൌണ്ടർ സ്പെഷ്യലിസ്റ്റ് ആയ പ്രഭിൻ മുൻപ് നടന്ന സുപ്രധാനമായ പരമ്പര കൊലപാതകങ്ങളുടെ അന്വേഷണത്തിൽ ഭാഗമായിരുന്ന ആളായിരുന്നു. അപ്രതീക്ഷമായ ആക്രമണത്തിൽ ഭാര്യയും മകനും കുറ്റവാളികളാൽ കൊല്ലപ്പെട്ട പ്രഭിൻ സർവീസിൽ നിന്നും പിരിച്ചു വിട്ടതിനു ശേഷം ഒരു പൂർണ മദ്യപാനിയായി തീർന്നു. പൊതുവേ പരുക്കനും കുറ്റവാളികളോട് ദാക്ഷിണ്യം ഇല്ലാത്ത ആളും ആയിരുന്നു പ്രഭിൻ.തൻറെ വ്യവസ്ഥകൾ പോലീസ് അധികാരികൾ സമ്മതിച്ചപ്പോൾ പ്രഭിൻ കേസ് അന്വേഷണം ഏറ്റെടുക്കുന്നു. കൂടെ അഭിജിത്തും.

കൊലപാതകങ്ങൾ അന്വേഷിക്കുമ്പോൾ ആദ്യം അഭിജിത്ത് പ്രഭിന്റെ മുഷിപ്പൻ സ്വഭാവം കാരണം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ പിന്നീട് അവർ ഒരുമിച്ചു കേസ് അന്വേഷണം മുന്നേറുന്നു. പ്രഭിൻ അഭിജിത്തിന് ഗുരുതുല്യനായിത്തീരുന്നു. അവർ ഒരു ദിവസം അവിചാരിതമായി കൊലപാതകങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാനമായ ഒരു കണ്ണി കണ്ടെത്തുന്നു. ബംഗാളിന്റെ സാമൂഹിക അടിത്തട്ടിൽ നടത്താനൊരുങ്ങി പരാജയപ്പെട്ട ഒരു വിപ്ലവത്തിന്റെ കഥ. അവർ അവിടെ നിന്നും കൊലയാളിയിലെക്കുള്ള ദൂരം കുറയ്ക്കുന്നു. ദൃക്സാക്ഷി എന്ന് പറയാവുന്ന ഒരാളെയും ലഭിക്കുന്നു. ഇതേ സമയം ടി വി ജേർണലിസ്റ്റ് അമൃതയും മറ്റൊരു വഴിയിലൂടെ കേസ് അന്വേഷണത്തിന്റെ ഭാഗമാവുന്നു. പ്രോഗ്രാമിന്റെ ഭാഗമായി ജയിലിലുള്ള ഒരു മുൻ പരമ്പരക്കൊലയാളിയെ ഇന്റർവ്യൂ ചെയ്യുന്ന അമൃതയ്ക്ക് ഇപ്പോൾ നടക്കുന്ന കൊലയിലെക്കുള്ള ഒരു ലിങ്ക് കിട്ടുന്നു. എന്നാൽ മരണങ്ങൾ വീണ്ടും സംഭവിക്കുന്നു. എല്ലാവരും പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു യാഥാർത്ഥ്യം.