ഈയാഴ്ച തീയേറ്ററുകളിൽ റിലീസ് ആകുന്ന പ്രധാനപ്പെട്ട ചിത്രങ്ങളാണ് മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ 2’, ഇർഫാൻ ഖാൻ പ്രധാന കഥാപാത്രമായെത്തുന്ന അനൂപ് സിംഗിന്റെ ‘സോങ് ഓഫ് സ്കോർപിയോൺ’, ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായെത്തുന്ന അഖിൽ സത്യന്റെ പാചുവും അത്ഭുതവിളക്കും, മമ്മൂട്ടി – അഖിൽ അക്കിനേനി ചിത്രം ‘ഏജന്റ്’ എന്നിവ.
പൊന്നിയൻ സെൽവൻ പാർട്ട് 1’ന്റെ വിജയത്തിനു ശേഷം തുടർക്കഥയായി എത്തുന്ന ചിത്രമാണ് മണിരത്‌നത്തിന്റെ ‘പൊന്നിയൻ സെൽവൻ പാർട്ട് 2’. വലിയൊരു താരനിര തന്നെയുള്ള ചിത്രത്തിൽ വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായി, തൃഷ കൃഷ്ണൻ, ഐശ്വര്യ ലക്ഷ്മി, ജയറാം, പ്രഭു എന്നിവരാണ് പ്രധാന താരങ്ങൾ. രാജ തന്ത്രത്തിന്റെയും പ്രതികാരത്തിന്റെയും വിരഹ പ്രണയത്തിന്റെയും എല്ലാം കഥ പറയുന്ന പൊന്നിയൻ സെൽവൻ ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിനെ ആസ്‍പദമാക്കി ഒരുക്കിയ ചിത്രമാണ്. പിഎസ് വണ്ണിൽ സംഗീതം നിർവ്വഹിച്ച എ ആർ റഹ്മാൻ തന്നെയാണ് പി എസ് ടു വിനു വേണ്ടിയും സംഗീതം ചെയ്യുന്നത്. ബർഫി, തമാശ, രാമലീല എന്നീ സിനിമകൾക്ക് ഛായാഗ്രഹണം ചെയ്ത രവിവർമനാണ് ഈ സിനിമയുടെയും ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. ഏതൊരു മണിരത്‌നം സിനിമയെയും പോലെ വലിയൊരു കാത്തിരിപ്പാണ് ഈ സിനിമയ്ക്ക് പിന്നിലുള്ളതും..
രാജസ്ഥാനിലെ ഒരു സ്കോർപിയോൺ ഗായികയുടെ കഥ പറയുന്ന ചിത്രമാണ് ‘സോങ് ഓഫ് സ്കോർപിയോൺ’. 2017 ൽ സ്വിറ്റ്സർലൻഡിലെ എഴുപതാമത് ലോകാർണോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനം നടത്തിയിട്ടുണ്ട് എന്ന പ്രേത്യേകതയും ഈ സിനിമക്കുണ്ട്. ഈ സിനിമയുടെ മറ്റൊരു പ്രത്യേകത ഇതിലെ പാട്ടുകളാണ്. അവ ഒരുക്കിയിരിക്കുന്നത് french കമ്പോസറായ ബാട്രിസ് തീറിയറ്റ് ആണ്. ഇർഫാൻ ഖാൻ കൂടാതെ ഗോൾഷിഫ്തെ ഫർഹാനി, വഹീദ റഹ്മാൻ, ശശാങ്ക് അറോറ എന്നിവരും മറ്റു കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് സോങ് ഓഫ് സ്കോർപിയോൺ. വ്യത്യസ്തത നിറഞ്ഞതും സംഗീതത്തിന് പ്രാധാന്യമർഹിക്കുന്നതുമായ ഈ സിനിമ ഒരു മികച്ച അനുഭവമായിരിക്കും പ്രേക്ഷകർക്ക് നൽകാൻ പോകുന്നത്.
സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യന്റെ ആദ്യത്തെ കൊമേഴ്സ്യൽ റൊമാന്റിക് കോമഡി ചിത്രമാണ് ഫഹദ് ഫാസിൽ നായകനായ പാച്ചുവും അത്ഭുതവിളക്കും. ഒരു മിഡിൽ ക്ലാസ് ഫാമിലിയുടെ കഥ പറയുന്ന ഈ സിനിമയിൽ മറ്റു കഥാപാത്രങ്ങളായി ഇന്ദ്രൻസ്, ഇന്നസെന്റ് അബു സലിം എന്നിവരും എത്തുന്നുണ്ട്. ഈ സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്. സംവിധായകൻ തന്നെ എഡിറ്ററായി വരുന്നു എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്. സിനിമയുടെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശരൺ വേലായുധൻ നായർ ആണ്. പ്രണയവും, കോമെഡിയും ചേർന്നെത്തുന്ന ഒരു ഫീൽ ഗുഡ് മൂവി ആയിട്ടാണ് പാച്ചുവും അത്ഭുതവിളക്കും പ്രേക്ഷകന് മുൻപിൽ എത്തുന്നത്.
മമ്മൂട്ടി – അഖിൽ അക്കിനേനി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ‘ഏജന്റ്’ ആരാധകർ ഒരുപോലെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ്. റോ ചീഫ് കേണൽ മഹാദേവ് എന്ന മിലിട്ടറി ഓഫീസറായി മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ വൻ മേക്കോവർ നടത്തിയാണ് അഖിൽ അക്കിനേനി എത്തുന്നത്. മേജർ മഹാദേവന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായിയാണ് അഖിൽ അക്കിനേനി എത്തുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ രചന – സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സുരേന്ദർ റെഡ്ഡിയാണ്. സാക്ഷി വൈദ്യയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിനു സംഗീതം നൽകുന്നത് ഹിപ്പോപ്പ് തമിഴൻ ആണ്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് ‘ഏജന്റ്’ നിർമ്മിച്ചിരിക്കുന്നത്.