എം ടി -ഭരതൻ- മോഹൻലാൽ കൂട്ടുകെട്ടിലെ താഴ്‌വാരത്തിന്റെ ഷൂട്ടിംഗ് അട്ടപ്പാടിയിൽ നടക്കുന്നു. മോഹൻലാലും ശങ്കരാടിയും സുമലതയും സലിം ഗൗസും അടക്കം വളരെ ചുരുക്കം പേരെ ലൊക്കേഷനിൽ ഒള്ളു. അങ്ങോട്ടേക്കാണ് ഒരു അതിഥിയെ പോലെ ജോൺപോൾ എത്തുന്നത്. ഭരതന്റെ ഏറ്റവും അടുത്ത സുഹൃത്തായ ജോൺപോൾ താഴ്വാരത്തിന്ടെ വിശേഷങ്ങൾ അന്വേഷിക്കുന്നതിനൊപ്പം തന്നെ തന്റെ കയ്യിലുണ്ടായിരുന്നൊരു കഥയും ഭരതനോട് പറയുന്നുന്നു.

കടലും അവിടുത്തെ ജനങ്ങളും അവിടുത്തെ ഒരു നാടകകളരിയും അതിൽ ഒരു ആശാനും അയാളുടെ ശിഷ്യനും അവരുടെ ബന്ധവുമൊക്കെയായി ഒരു കഥ.. കഥ ഇഷ്ടമായ ഭരതൻ. ആരൊക്കെയാണ് ആശാനായും ശിഷ്യനായും തന്റെ മനസ്സിലെന്നു ജോൺപോളിനോട് ചോദിക്കുന്നു. ആശാനായി തിലകനെയും ശിഷ്യനായി മോഹൻ ലാലിനെയും ആണ് ഞാൻ മനസ്സിൽ വിചാരിക്കുന്നത്. ജോൺ പോൾ മറുപടി പറഞ്ഞു.. എക്സൈറ്റഡ് ആയ ഭരതൻ നേരെ അവിടെ നിന്നെണീറ്റ് സെറ്റിൽ ഉണ്ടായിരുന്ന ലാലിനോടും കഥപറയുന്നു. കഥ കേട്ട് ചെറിയൊരു ചിരിയോടുകൂടി ലാൽ സമ്മതം മൂളി.. അങ്ങനെ താഴ്വാരത്തിന്ടെ സെറ്റിൽ വച്ച് ജോൺപോളും ഭരതനും തങ്ങളുടെ അടുത്ത ചിത്രത്തിന്റെ പ്രാരംബപ്രവർത്തനങ്ങൾ തുടങ്ങി.

തിലകനുമായുള്ള കൂടിക്കാഴ്ച ആയിരുന്നു അടുത്തത്. തിലകനും കഥാപാത്രം അത്രമേൽ ഇഷ്ടപ്പെട്ടു, ഇത് വേഗം നടക്കണം എന്ന് ഇരുവരും ആഗ്രഹിച്ചിരുന്നു, പക്ഷെ നിർഭാഗ്യവശാൽ തിരക്കഥയുടെ പണി നീണ്ടപോകുകയും ഇവരുടെ ഡേറ്റ് ക്ലാഷ് ആവുകയും ചെയ്തു. പിന്നീട് സ്ക്രിപ്റ്റ് പൂർത്തിയായതിനു ശേഷം ആ റോളുകളിലേക്ക് മുരളിയെയും മനോജ് കെ ജയനെയും കാസ്റ്റ് ചെയ്യുകയായിരുന്നു. ലാലും തിലകനുമാണെങ്കിൽ അവരുടേതായ ഒരു മാനറിസത്തിൽ അഭിനയിക്കും നമ്മുക്ക് അത് ഇഷ്ടവുമാവും എന്നാൽ അവരെക്കാൾ ഒട്ടും പുറകിലല്ലാതെ അല്ലെങ്കിൽ ആ കഥാപാത്രങ്ങൾ അതിഗംഭീരമാക്കി ചെയ്യാൻ മുരളിക്കും മനോജിനും കഴിഞ്ഞു എന്നതാണ് സത്യം.ആ കടപ്പുറം സ്‌ലാങ്ങും നാടകവും കള്ളും പാട്ടുമൊക്കെയായി ഇരുവരും തകർപ്പൻ പ്രകടനം പടത്തിൽ കാഴ്ചവെച്ചു.
സിതാരയാണ് ചിത്രത്തിൽ നായികയായി എത്തിയത്. സായികുമാർ, മേഘനാഥൻ, രഞ്ജിത,അഗസ്റ്റിൻ, പ്രിയങ്ക, ശ്രീരാമൻ, സാലു കൂറ്റനാട് എന്നിവരും ഈ ചിത്രത്തിൽ അണിനിരന്നു. അതിമനോഹരമായ മൂന്നു ഗാനങ്ങൾ ചമയത്തിന് അഴകേകി.കൈതപ്രം എഴുതിയ ഗാനങ്ങൾക്ക് ജോൺസൺ മാസ്റ്റർ ഈണം നൽകി.ചിത്ര പാടിയ രാജഹംസമേ എന്ന പാട്ട് അന്യായ ഫീൽ ആണ്.ഏറെ നാളുകൾക്ക് ശേഷം ജോളി എബ്രഹാം ഇതിൽ എം ജി ശ്രീകുമാറുമൊത്ത് പാടിയ അന്തികടപ്പുറത്ത് എന്ന ഗാനം ഇന്നും ഗാനമേളകളിലും മറ്റും പുതുമ നഷ്ടപെടാതെ പാടുന്ന പാട്ടാണ്. രാഗാദേവനും നാഥകന്യയും എന്ന ഡ്യൂയറ്റ് ആണ് മറ്റൊരു ഗാനം.