Cinemapranthan

കൈവിരലുകൾ മുതൽ കൺപീലികൾ വരെ അഭിനയത്തിനായി മാറ്റിവെച്ചൊരാൾ; മലയാളികളുടെ പ്രിയപ്പെട്ട ‘ലാലേട്ടന്’ ഇന്ന് പിറന്നാൾ. ‘കുറിപ്പ് വായിക്കാം’

null

കൈവിരലുകൾ മുതൽ കൺപീലികൾ വരെ അഭിനയത്തിനായി മാറ്റിവെച്ചൊരാൾ.. അഭിനയിക്കാനായിമാത്രം ഈ ഭൂമിയിൽ പിറവികൊണ്ടൊരാൾ. നമ്മുടെ എല്ലാം നിത്യജീവിതത്തിന്റെ ഭാഗമായ നിത്യ വിസ്മയം. അതെ കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാളികളുടെ ചിരിയിലും ചിന്തയിലും കരച്ചിലും തൊട്ട് സകല മാനുഷിക വികാരങ്ങളിലും അറിയാതെ വന്നു കുടിയേറിയ ആ വികാരത്തിന്റെ പേരാണ് മോഹൻലാൽ എന്നത്.

ഇന്ന് 64-ാം പിറന്നാൾ നിറവിലാണ് മലയാളത്തിന്റെ സ്വന്തം നടന വിസ്മയം.. അത്രമേല്‍ തീവ്രമായി മലയാളി ജീവിതത്തെ സ്വാധീനിച്ച അദ്ദേഹത്തെ കുറിച്ചല്ലാതെ പ്രാന്തൻ ഇന്ന് മറ്റാരെ കുറിച്ച് എഴുതാനാണ്

സർക്കാർ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ആണ് മോഹൻലാൽ ജനിക്കുന്നത്. മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിൽ തന്നെ തന്റെ വിദ്യാഭ്യാസവും അദ്ദേഹം ആരംഭിച്ച്‌. പിന്നീട്
തിരുവനന്തപുരത്തെ മോഡൽ സ്കൂളിൽ പഠിക്കുമ്പോഴാണ് നാടകങ്ങളിലും മറ്റും അഭിനയിച്ച്‌ തുടങ്ങുന്നത്. അവിടെ പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു ശേഷം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ബിരുദം ചെയ്യുമ്പോഴും
ആ കൂട്ടുകെട്ട് ഉണ്ടായിരുന്നു.


മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. എന്നാൽ സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്. ശങ്കർ‍ ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ആ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ അതിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി. പ്രതിനായക വേഷങ്ങളിൽ നിന്നു നായക വേഷങ്ങളിലേക്ക് മാറിയ ലാൽ, തുടർന്ന് കാമ്പുള്ളതും ഹാസ്യംകലർന്നതുമായ നായകവേഷങ്ങൾ കൈകാര്യം ചെയ്യുവാൻ തുടങ്ങി. ഇത്തരം മോഹൻലാൽ ചിത്രങ്ങൾ കൂടുതലായും സം‌വിധാനം ചെയ്തതു പ്രശസ്ത സം‌വിധായകനും മോഹൻലാലിന്റെ സുഹൃത്തുമായ പ്രിയദർശനായിരുന്നു. പ്രിയദർശന്റെ ആദ്യചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

1986 മുതൽ 1995 വരെയുള്ള കാലഘട്ടം മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഈ കാലഘട്ടത്തിലാണ് നല്ല തിരക്കഥയും, സം‌വിധാനവും, അഭിനയവും കൂടി ചേർന്ന നല്ല ചലച്ചിത്രങ്ങൾ കൂടുതലായും പിറവിയെടുത്തത്. ഈ കാലഘട്ടത്തിലാണ് മോഹൻലാലിന്റെ അഭിനയ മികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങൾ ധാരാളമായി പുറത്തിറങ്ങിയത്. ഈ കാലഘട്ടത്തിൽ മികച്ച സം‌വിധായകരോടൊപ്പവും, മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവർത്തിക്കാൻ മോഹൻലാലിന് സാധിച്ചു.

മലയാള ചലച്ചിത്ര വേദിയിൽ മോഹൻലാലിന്റെ മികച്ച വർഷങ്ങളിൽ ഒന്നാണ് 1986. ഈ വർഷത്തിൽ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ. എന്ന സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ‍ എന്ന ചിത്രം മോഹൻലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. ഈ ചിത്രവും വൻ വിജയമായിരുന്നു. ഈ ചിത്രം മൂലം മോഹൻലാൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു.

1996-മുതൽ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ മോഹൻലാലിന്റെ പ്രശസ്തിയും നായകപദവിയും ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമ്മാതാക്കളും, സംവിധായകരും ലാലിനു വേണ്ടി ചിത്രങ്ങൾ നിർമ്മിച്ചു. ഇതിൽ പലതും ലാലിനെ ഒരു അസാമാന്യ നായകപദവി കൊടുത്തു കൊണ്ട് നിർമ്മിച്ച ചിത്രങ്ങൾ ആയിരുന്നു. ആറാം തമ്പുരാൻ, ഉസ്താദ്, നരസിംഹം, പ്രജ, നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഒരു സൂപ്പർസ്റ്റാർ എന്ന പദവി പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു ഇവ. പിന്നീട് ഇങ്ങോട്ട് 2024 വരെ ഒരുപാട് സിനിമകൾ അതിൽ വിജയങ്ങളും പരാജയങ്ങളും ഉൾപ്പെടും. നാല് പതിറ്റാണ്ടിനിടെ സിനിമാജീവിതത്തിൽ തന്റെ 360 ആം ചിത്രം അഭിനയിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.

cp-webdesk

null