നീണ്ട പത്തു മാസങ്ങൾക്ക് ശേഷം സിനിമാ പ്രേമികളുടെ പ്രതീക്ഷകൾക്ക് പുതു ജീവൻ നൽകി “മാസ്റ്റർ” റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ പ്രദർശനം കഴിയുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
‘മാസ്റ്റർ’ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുന്നതിനായി നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയാവുകയും, എന്നാൽ തിയറ്റർ റിലീസിനെതിരെ കേന്ദ്ര സർക്കാർ രംഗത്ത് വരുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ സാധാരണയിൽ നിന്നും വിഭിന്നമായി “മാസ്റ്റർ” ചിത്രം രാജ്യ ശ്രദ്ധ നേടുകയും ചെയ്തു. എന്ത് തന്നെയായാലും അനിശ്ചിതത്വങ്ങൾക്കൊടുവിൽ “മാസ്റ്റർ” കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പടെ രാജ്യവ്യാപകമായി പ്രദർശനത്തിനെത്തിയിരിക്കുകയാണ്.
ആദ്യ പ്രദർശനം കഴിയുമ്പോൾ ലഭിക്കുന്ന റിപ്പോർട്ടനുസരിച്ച് ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല എന്ന് തന്നെയാണ്. വിജയ് ആരാധകരെയും വിജയ് സേതുപതി ആരാധകരെയും ചിത്രം ഒരു പോലെ ആവേശത്തിലാക്കുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം ‘കൈതി’ക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം, വിജയ് – വിജയ് സേതുപതി എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നീ പ്രത്യേകതകളോടെ എത്തുന്നത് കൊണ്ട് തന്നെ പ്രേക്ഷകർ വാനോളം ആവേശത്തിലുമായിരുന്നു.
50 ശതമാനം വിജയ് ചിത്രവും 50 ശതമാനം തന്റെ ചിത്രവുമായിരിക്കും മാസ്റ്റര്‍ എന്നായിരുന്നു സംവിധായകന് ലോകേഷ് കനകരാജ് നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്. എങ്കിലും ആരാധകരെ ഒട്ടും നിരാശപ്പെടുത്താത്ത ഒരു ചിത്രമാണ് “മാസ്റ്റർ” എന്നാണ് ആദ്യ ഷോ കഴിഞ്ഞ തമിഴ്നാട്ടിൽ നിന്നുള്ള റിപ്പോർട്ട്. നായകൻ വിജയ്യെക്കാൾ വില്ലൻ വിജയ് സേതുപതിയാണ് താരതമ്യേന മികച്ചു നിൽക്കുന്നതെന്നും ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. വിജയ്-വിജയ് സേതുപതി കോമ്പിനേഷൻ വിജയം കണ്ടെന്നും, ക്ലൈമാക്സിലെ ഫൈറ്റ് മികച്ചു നിന്നെന്നും ചിത്രം കണ്ട പ്രേക്ഷകർ ട്വിറ്ററിൽ കുറിച്ചു.
കേരളത്തില്‍ രാവിലെ ഒന്‍പത് മുതല്‍ ആയിരുന്നു ആദ്യ പ്രദര്‍ശനം നടന്നത്. എന്നാൽ തമിഴ്നാട്ടില്‍ പുലര്‍ച്ചെ നാല് മണിക്ക് തന്നെ ഫസ്റ്റ് ഷോ ആരംഭിച്ചിരുന്നു. 100 ശതമാനം പ്രവേശനം എന്ന വിജയ്യുടെ ആവശ്യം കേന്ദ്രം ഇടപെട്ട് 50 ശതമാനം ആക്കിയിരുന്നു. എങ്കിലും പ്രേക്ഷകർ ഉത്സാഹത്തിലാണ്. ഇന്നലെ രാത്രി മുതൽ തിയറ്ററുകൾക്ക് മുന്നിൽ ഉറങ്ങാതെ കാത്തു നിൽക്കുകയായിരുന്നു പ്രേക്ഷകർ. തമിഴ്നാട്ടിൽ ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. കേരളത്തിൽ 670 സ്ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലായിരുന്നു ആദ്യ ദിനത്തിൽ പ്രദർശനം.
കോവിഡ് ദുരിതത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ സിനിമ മേഖല മാസങ്ങളോളമാണ് അടച്ചിട്ടിരുന്നത്. 310 ദിവസങ്ങൾക്ക് ശേഷം രാജ്യവ്യാപകമായി റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാണ് വിജയ് നായകനായ “മാസ്റ്റർ”. രാജ്യത്ത് നേരത്തെ തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയിരുന്നെങ്കിലും കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഇന്ന് മുതലാണ് സിനിമ തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നത്. അത് കൊണ്ട് തന്നെ സിനിമ പ്രേമികളും ചലച്ചിത്ര പ്രവർത്തകരും വളരെയേറെ ആവേശത്തിലും പ്രതീക്ഷയോടെയും ഉറ്റു നോക്കുന്ന ഒരു ചിത്രമാണ് “മാസ്റ്റർ”.