നീണ്ട പത്ത് മാസങ്ങൾക്ക് ശേഷം സിനിമ തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കുമ്പോൾ മേഖലക്ക് പ്രതീക്ഷ നൽകുകയാണ് പ്രേക്ഷകരുടെ പങ്കാളിത്തം. തമിഴ്‌നാട്ടിൽ മാത്രം ആദ്യ ദിനം ഏകദേശം ഇരുത്തിയഞ്ച് കോടിയോളം ആണ് മാസ്റ്റർ കളക്ഷൻ നേടിയത്. 310 ദിവസങ്ങൾക്ക് ശേഷം വിജയ് നായകനായ “മാസ്റ്റർ” പ്രദർശിപ്പിച്ചു കൊണ്ടാണ് കേരളത്തിൽ സിനിമ തിയറ്ററുകൾ തുറക്കുന്നത്. ആദ്യ ദിനം തന്നെ കേരളത്തിൽ നാല് കോടിയോളം രൂപയാണ് ‘മാസ്റ്റർ’ വാരിയതെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ മലയാള സിനിമ മേഖലയും പ്രതീക്ഷയിലാണ്.
വിജയ് ആരാധകരെയും വിജയ് സേതുപതി ആരാധകരെയും ചിത്രം ഒരു പോലെ ആവേശത്തിലാക്കിയ ‘മാസ്റ്റർ’, ആദ്യ പ്രദർശനം കഴിയുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. കോവിഡ് ദുരിതത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ സിനിമ മേഖല മാസങ്ങളോളമാണ് അടച്ചിട്ടിരുന്നത്. 310 ദിവസങ്ങൾക്ക് ശേഷം രാജ്യവ്യാപകമായി റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാണ് വിജയ് നായകനായ “മാസ്റ്റർ”. രാജ്യത്ത് നേരത്തെ തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയിരുന്നെങ്കിലും കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ 13 മുതലാണ് സിനിമ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്.
‘മാസ്റ്റർ’നു ലഭിച്ച സ്വീകാര്യതയും പിന്തുണയും മലയാള സിനിമ മേഖലയും പ്രതീക്ഷയോടെയാണ് നോക്കുന്നത് . തിയറ്ററുകളിൽ പ്രദർശനത്തിനൊരുങ്ങി നിരവധി മലയാള ചിത്രങ്ങളാണ് അണിയറയിൽ തയ്യാറാവുന്നത്. ജയസൂര്യ നായകനാകുന്ന ‘വെള്ളം’ ആണ് കോവിഡിന് ശേഷം തിയറ്ററിലെത്തുന്ന ആദ്യ മലയാള ചിത്രം. ഈ മാസം 22 നു ചിത്രം തിയറ്ററിലെത്തും. മമ്മൂട്ടി ചിത്രം ‘ദ് പ്രീസ്റ്റ്’, വാങ്ക്, ലവ്, മോഹൻകുമാർ ഫാൻസ്, സാജൻ ബേക്കറി സിൻസ് 1962, ഓപ്പറേഷൻ ജാവ, വർത്തമാനം, മരട് 357, സഹ്യാദ്രിയിൽ ചുവന്ന പൂക്കൾ, ടോൾ ഫ്രീ 1600 – 600 – 60 തുടങ്ങിയ ചിത്രങ്ങളും ഫെബ്രുവരിയിലെ മാർച്ചിലുമായി പ്രദർശനത്തിനെത്തുന്നത്.