മമ്മൂട്ടി എന്ന മൂന്നക്ഷരത്തെ വീണ്ടും വീണ്ടും പരിചയപ്പെടുത്തേണ്ട ആവിശ്യമില്ലെന്നറിയാം കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ഓരോ മലയാളിയുടെയും നിത്യ ജീവിതത്തിന്റെ ഭാഗമായ ആ അത്‌ഭുത മനുഷ്യന് ഇന്ന് എഴുപത്തിമൂന്നാം പിറന്നാളാണ്.. ആദ്ദേഹത്തിന്റെ ജീവിത വഴികളാണ് പ്രാന്തൻ ഇവിടെ കുറിക്കുന്നത്
വൈക്കത്തിനടുത്ത് ചെമ്പിൽ മുഹമ്മദ്കുട്ടി ഇസ്മയിൽ പണിപ്പറമ്പിൽ എന്ന പേരിൽ 1951 സെപ്റ്റംബർ-7നു മമ്മൂക്ക ജനിച്ചു. 1960ൽ കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ മുഹമ്മദ്കുട്ടി സെന്റ് ആൽബർട്ട്സ് സ്കൂൾ, ഗവണ്മെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മഹാരാജാസ് കോളേജിൽ നിന്നും പ്രീ-യൂണിവേർസിറ്റി പഠിച്ചിറങ്ങിയ മുഹമ്മദ്കുട്ടി എറണാകുളം ഗവ. ലോ കോളേജിൽ നിന്നും എൽ.എൽ.ബി പഠനവും പൂർത്തിയാക്കി.
മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു.
കെ എസ് സേതുമാധവന്റെ സംവിധാനത്തിൽ 1971ൽ പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലൂടെയാണു മുഹമ്മദ്കുട്ടി സിനിമയിലേക്ക് കടന്നുവന്നത്. ഈ ചിത്രത്തിൽ വളരെ അപ്രധാനമായ ഒരു വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. പിന്നീട് 1973ൽ പുറത്തിറങ്ങിയ ‘കാലചക്രം’ എന്ന സിനിമയിൽ സംഭാഷണമുള്ളരൊരു വേഷം ചെയ്തു. ഈ സിനിമയിൽ ‘സജിൻ’ എന്ന പേരിലാണ് മുഹമ്മദ്കുട്ടി അഭിനയിച്ചത്. പിന്നീട് 1979ൽ എം ടി വാസുദേവൻ നായരുടെ സംവിധാനത്തിൽ ‘ദേവലോകം’ എന്ന ചിത്രത്തിൽ നായകവേഷം ചെയ്തെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല.
1980ൽ എം ടി വാസുദേവൻ നായർ എഴുതി ശ്രീ. ആസാദ് സംവിധാനം നിർവഹിച്ച ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷത്തിൽ അഭിനയിച്ചു. ഈ സിനിമയിൽ അഭിനയിക്കവേയാണു ശ്രീ തിക്കുറിശ്ശി സുകുമാരൻ നായർ മുഹമ്മദ്കുട്ടിക്ക് മമ്മൂട്ടി എന്ന പേരു നിർദ്ദേശിച്ചത്. ശ്രീനിവാസനാണു ഈ സിനിമയിൽ മമ്മൂട്ടിക്കു വേണ്ടി ശബ്ദം നൽകിയത്. 1980ൽ തന്നെ പുറത്തിറങ്ങിയ ‘മേള’ എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു മുഴുനീള വേഷത്തിൽ മമ്മൂട്ടിയെത്തിയത്. ഈ ചിത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ ഒരു വഴിത്തിരിവാവുകയായിരുന്നു.. പിന്നീട് ഇങ്ങോട്ട് ഈ എഴുപത്തി മൂന്നാം വയസ് വരെ അദ്ദേഹം ഞെട്ടിച്ചുകൊണ്ടേ ഇരിക്കുകയാണ്
മൂന്നു തവണ ഏറ്റവും നല്ല നടനുള്ള ദേശീയ അവാർഡും ആറ് തവണ സംസ്ഥാന സർക്കാരിന്റെ അവാർഡും സ്വന്തമാക്കിയിട്ടുള്ള മമ്മൂട്ടി 11 ഫിലിം ഫെയർ അവാർഡുകളും നേടി. 1998ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചപ്പോൾ 2010ൽ കേരള യൂണിവേർസിറ്റി അദ്ദേഹത്തിനു ഓണററി ഡോക്ടറേറ്റ് നൽകി