എന്ന് നിന്റെ മൊയ്തീന്‍ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസിലേക്ക് കുടിയേറിയ സംവിധായകനാണ് ആര്‍ എസ് വിമല്‍. തന്റെ ആദ്യ സിനിമ തന്നെ അമ്പത് കോടി ക്ലബ്ബിൽ എത്തിച്ച ആര്‍ എസ് വിമല്‍ ഏറെ നാളത്തെ ഇടവേളക്ക് ശേഷം കഥയും തിരക്കഥയും രചിച്ച് അദ്ദേഹം തന്നെ നിര്‍മിക്കുന്ന ചിത്രം ശശിയും ശകുന്തളയുടെയും ട്രൈലെർ പുറത്തിറങ്ങി. ബിച്ചാൾ മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
‘എന്ന് നിന്റെ മൊയ്ദീന്‍’ എന്ന സിനിമ പോലെ ഒരു പീരിയോഡിക്കല്‍ ചിത്രമാണ് ശശിയും ശകുന്തളയും എന്ന് ചിത്രത്തിന്റെ ട്രെയ്ലറിൽ നിന്നും വ്യക്തമാണ് ഒപ്പം കാലഘട്ടത്തോട് നീതിപുലർത്തുന്ന അവതരണ മികവും മനോഹരമായ ദൃശ്യങ്ങളും പ്രകടനങ്ങളുമെല്ലാം ട്രെയ്ലറിൽ കാണാം.
രണ്ടു പാരലൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ തമ്മിലുള്ള പകയും അവിടെ അധ്യാപകരായ ഇംഗ്ലീഷ് അധ്യാപകൻ ശശിയും കണക്ക് അധ്യാപിക ശകുന്തളയും തമ്മിലുള്ള പ്രണയവുമൊക്കെയാണ് ചിത്രം പറയുന്നത്. കോളജ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ചു പലിശ പരമുവിന്റ അധ്യാപകരോടുള്ള പരിഹാസവും കണക്കു തീർക്കലും എല്ലാം ചേർത്ത് സംഭവബഹുലമായ ഇതിവൃത്തമാണ് ശശിയും ശകുന്തളയും എന്ന ചിത്രത്തിലുള്ളത്. പ്രണയം, മത്സരം, കുടിപക എല്ലാം ചിത്രത്തിൽ കടന്ന് വരുന്നു. റൊമാന്റിക് സസ്പെൻസ് ത്രില്ലർ ആണ് ചിത്രം. മലയാള സിനിമയിലും തമിഴ് ചിത്രങ്ങളിലും കഴിവ് തെളിയിച്ച അശ്വിൻ കുമാർ സുധാകരൻ എന്ന കോളജ് പ്രിൻസിപ്പാളായും ഷാഹിൻ സിദ്ദീഖ് ഇംഗ്ലിഷ് അധ്യാപകൻ ശശിയായും ആർ എസ് വിമൽ പലിശ പരമു എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. നേഹയാണ് (ആമി )കണക്ക് അധ്യാപികയായ ശകുന്തളയാകുന്നത്. കോഴിക്കോട് വടകരയിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ‘എന്ന് നിന്റെ മൊയ്തീൻ’ ഷൂട്ട് ചെയ്ത പാലക്കാട് കൊല്ലങ്കോട് തന്നെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്