43 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു നവംബര്‍ 16 നാണ് മലയാള സിനിമ ലോകം സ്തംഭിച്ച് പോയ.. മലയാളികളെ ഒന്നടങ്കം സങ്കട കടലിലാഴ്ത്തിയ ആ വാര്‍ത്ത എത്തുന്നത്.. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളവാരത്ത് കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെ ഹെലികോപ്ടറില്‍ നിന്ന് വീണ് സൂപ്പര്‍സ്റ്റാര്‍ ജയന്‍ മരണപ്പെട്ടിരിക്കുന്നു. വിശ്വസിക്കാനാവാതെ.. നടുക്കം മാറാതെ.. അന്ധാളിപ്പോടെ പരസ്പരം നോക്കിയിരുന്നും അലമുറയിട്ട് പൊട്ടിക്കരഞ്ഞുമാണ് അദ്ദേഹത്തിന്റെ ആരാധകർ ആ ദുരന്ത വാര്‍ത്തയെ സ്വീകരിച്ചത്. ഞെട്ടലില്‍ നിന്നും പതിയെ തങ്ങളുടെ ആരാധനാപാത്രം വിസ്മൃതിയിലാണ്ട് പോയെന്ന് അവര്‍ തിരിച്ചറിഞ്ഞു.. അവർ അംഗീകരിച്ചു
1939 ജൂലായ് 25 ആം തിയതി കൊല്ലം ജില്ലയിലെ തേവളളിയിലെ ഓലയിലാണ് കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ ജനിച്ചത്. ഇന്ത്യൻ നേവിയിൽ നിന്ന് ചീഫ് പെറ്റി ഓഫീസർ പദവിയിൽ പതിനഞ്ച് വർഷത്തെ സേവനത്തിനു ശേഷമായിരുന്നു അദ്ദേഹം സിനിമാരംഗത്തേക്കെത്തുന്നത്.
1974 ല്‍ റിലീസ് ചെയ്ത ശാപമോക്ഷമായിരുന്നു ആദ്യ ചിത്രം. ജയന്റെ അമ്മാവന്റെ മകളായിരുന്ന അഭിനേത്രി ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തുന്നത്. ചെറിയ വേഷങ്ങളിലൂടെ അഭിനയലോകത്ത് സജീവമായിരുന്നെങ്കിലും ഇവയിൽ പലതും വില്ലൻവേഷങ്ങളായിരുന്നു. 1976 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്‍ത പഞ്ചമി എന്ന ചിത്രത്തിലൂടെ കൃഷ്ണൻ നായർ ജയനായി മാറി. മലയാളസിനിമയിലെ കരുത്തനായ പ്രതിനായകനായിരുന്ന അദ്ദേഹം പിന്നീട് ഉപനായകനായും നായകനായും വളര്‍ന്നു. ഹരിഹരന്റെ ശരപഞ്ജരമാണ് ജയന്‍ നായകനായ തിളങ്ങിയ ആദ്യചിത്രം. ഐ വി ശശിയുടെ അങ്ങാടിയിലെ ബാബു.. ജയന്റെ താരപരിവേഷത്തിനു മാറ്റുകൂട്ടിയ ചിത്രമായിരുന്നു. സംഭാഷണത്തിലും അഭിനയത്തിലും പ്രത്യേകതയുണ്ടായിരുന്ന ജയന്റെ ശൈലിയും ശബ്ദവും മലയാള സിനിമയിൽ പ്രത്യേകശ്രദ്ധ പിടിച്ചു പറ്റി. ജയന് സാഹസികതയോടുള്ള പ്രണയം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി. സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റൻ ഗ്ലാസ് ഡോറുകൾ തകർത്തു മുന്നേറാനോ വലിയ കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടാനോ ഒക്കെയുള്ള സാഹസിക രംഗങ്ങളിൽ അഭിനയിക്കുന്നത് ജയന് ഹരമായിരുന്നു. അതേ സാഹസികത തന്നെയാണ് നാല്‍പ്പത്തിഒന്നാം വയസ്സില്‍ ജയന്റെ മരണത്തിനും കാരണമായത്.
ജീവിതാഭിനയത്തിന് വളരെ ചെറുപ്പത്തിൽ തന്നെ അപകടം തിരശ്ശീല വീഴ്ത്തിയെങ്കിലും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും ജനമനസ്സുകളിൽ സ്ഥാനം ലഭിക്കുന്നു എന്നത് ഇന്ത്യൻ സിനിമയിൽ ജയനു മാത്രം സാധ്യമായ അപൂർവ്വതയാണ്
പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജയനെ ജയിച്ചെന്നു കരുതുന്ന മരണത്തെ ആരാധക ഹൃദയങ്ങളിലെ കെടാത്ത സാന്നിധ്യമായി നിന്ന് ജയൻ തോല്പിച്ചുകൊണ്ടേയിരിക്കുന്നു.