Cinemapranthan

സ്ലോ മോഷനും ആക്ഷനും സൗണ്ടും സ്റ്റൈലുമെല്ലാം ഒരുപോലെ കൂടിച്ചേർന്ന പൊളിറ്റിക്കൽ ത്രില്ലെർ; ടിനു പാപ്പച്ചൻ ചിത്രം ചാവേർ റിവ്യൂ വായിക്കാം

null

L J P യുടെ കളരിയില്‍ നിന്ന് കളി പടിച്ച ടിനു പാപ്പച്ചന്‍ സംഭവത്തോടുള്ള അടങ്ങാത്ത കാത്തിരിപ്പ്.. ഒരുകാലത്ത് ചോക്ലേറ്റ് നായകനെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വിധിയെഴുതിയ ചാക്കോച്ചന്‍റെ കിടിലനൊരു മാസ്സ് ഹീറോയിക്ക് പരിവേഷം കാണാനുള്ള കൊതി.. പുറത്തിറങ്ങിയ സ്റ്റില്‍സും ട്രെയ്ലറും നൽകിയ അതിഭീകര പ്രതീക്ഷ.. ചാവേര്‍ എന്ന ചിത്രം കാണാൻ ആകർഷിച്ച പ്രധാന കാരണങ്ങൾ ഇതൊക്കെ ആയിരുന്നു

സ്വാതന്ത്രം അർദ്ധരാത്രിയിൽ ,അജഗജാന്തരം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചാവേർ. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ജോയ് മാത്യു ആണ്.

ചാവേർ.. ജീവൻ നഷ്ടപ്പെടുത്തിക്കൊണ്ട് ഭീകരപ്രവർത്തനങ്ങൾ നടത്തുന്നവരെ ആണ് ചാവേറുകൾ എന്ന് വിശേഷിപ്പിക്കാറ്. ഇവിടെ ടിനു പാപ്പച്ചൻ കണ്ണൂർ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെ തുറന്നു കാണിക്കയാണ് ചാവേറിലൂടെ…

രാഷ്ട്രീയ പകപോക്കലുകളും തോക്കും കത്തിയും ബോംബും കൊലപാതകവും എല്ലാം നമ്മൾ മുന്നേ പല ചിത്രങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും ടിനു പാപ്പച്ചൻ സ്റ്റൈലിൽ കാണുമ്പോൾ ഒരു പ്രേത്യേക പുതുമയാണ്.. ഇതുവരെ കേട്ട കണ്ണൂര്‍ രാഷ്ട്രീയ വൈരാഗ്യ കഥമാത്രമല്ല ചാവേർ. സ്ലോ മോഷനും ആക്ഷനും സൗണ്ടും സ്റ്റൈലുമെല്ലാം ഒരുപോലെ കൂടിച്ചേർന്ന ഗംഭീര പൊളിറ്റിക്കൽ ത്രില്ലെർ ആണ്.
പാർട്ടിയുടെ പേരിൽ കൊല്ലാനും ചാവാനും ഒരുങ്ങി നടക്കുന്ന ഒരുകൂട്ടം ചാവേറുകളുടെ രക്തരൂക്ഷിതമായ കഥ,

പതിയെ തുടങ്ങിയ ചിത്രം കഥ പുരോ​ഗമിക്കുന്തോറും ഒരു സർവെെവൽ ത്രില്ലറിലേയ്ക്ക് മാറുകയാണ്. ചതിയും പ്രതികാരവുമൊക്കെ കഥാപാത്രങ്ങളായി മാറിമാറി വരുന്നു. ഗംഭീരമായ ഒരു ബോംബ് എക്സ്പ്ലോഷൻ സീനിൽ ആണ് ചിത്രത്തിന്റെ ഇടവേള വരുന്നത്. അത് ചിത്രീകരിച്ച വിധമൊക്കെ ഗംഭീരമാണ്, എന്തോ സംഭവിക്കാൻ പോകുന്നു എന്നൊക്കെ തോന്നിപ്പിക്കും, അവിടെയാണ് ഇടവേള വരുന്നതും രണ്ടാം പകുതിയിലേയ്ക്കെത്തുമ്പോൾ ​ചിത്രത്തിന്റെ സ്വഭാവം മാറി മറിഞ്ഞു ഒരു റോഡ് മൂവി പോലെ തോന്നിച്ച് ഒന്ന് ഇഴഞ് ക്ലൈമാക്സ് ൽ വീണ്ടും താളം കണ്ടെത്തുന്നു. ക്ലൈമാക്സ് ഷൂട്ട് ഔട്ട് എല്ലാം ഗംഭീരം എന്നല്ലാതെ മറ്റു വാക്കുകളില്ല പറയാൻ. തീവ്രമായ പശ്ചാത്തല സം​ഗീതം ആണ് ക്ലൈമാക്സ് രംഗത്തെ കൂടുതൽ ഗംഭീരമാക്കിയത്. ജസ്റ്റിൻ വർ​ഗീസാണ് ചിത്രത്തിന്റെ സം​ഗീതം നിർവഹിച്ചിരിക്കുന്നത്.. ജിന്റോ ജോർജിന്റെ ഛായാ​ഗ്രഹണവും എടുത്ത് പറയേണ്ടതാണ്

മേല്പറഞ്ഞപോലെ ഒരുകാലത്ത് ചോക്ലേറ്റ് നായകനെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വിധിയെഴുതിയ ചാക്കോച്ചന്‍റെ കിടിലനൊരു മാസ്സ് ഹീറോയിക്ക് പരിവേഷം സഖാവ് അശോകൻ എന്ന കഥാപത്രത്തിലൂടെ ചാക്കോച്ചൻ മനോഹരമാക്കിയിട്ടുണ്ട്.. ഇതുവരെ കാണാത്ത പരുക്കൻ രൂപവും സ്വഭാവ സവിശേഷതകളും ചാക്കോച്ചനിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. കൂടെ അർജുൻ അശോകനും ആന്റണി വർഗീസും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി. തന്നെ എസ്റ്റാബ്ലിഷ്‌ ചെയ്ത ആക്ഷൻ ഹീറോ എന്ന ഇമേജ്നു നേരെ ഓപ്പോസിറ്റ് ആയി ആണ് ആന്റണി വർഗീസ്നെ ടിനു ചാവേറിലൂടെ കാണാനായത്. തെയ്യക്കോലത്തിൽ പെപ്പയെ കാണാൻ തന്നെ ഒരു പുതുമ ഉണ്ടായിരുന്നു, മറ്റൊന്ന് അർജുൻ അശോകന്റെ അമ്മ ആയി എത്തിയ സംഗീതയാണ്. ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ശ്രദ്ധ നേടിയ സംഗീത വേറിട്ടൊരു ഗെറ്റപ്പില്‍ സിനിമയില്‍ ഉണ്ട്..

മൊത്തത്തിൽ രാഷ്ട്രീയ നേട്ടത്തിനും സ്വന്തം നിലനിൽപ്പിനും നേതാക്കൾ ഉപയോ​ഗിക്കപ്പെടുന്ന കളിപ്പാവകളാണ് ചാവേറുകളെന്ന് പറഞ്ഞുവെക്കുകയാണ് ടിനു പാപ്പച്ചനും എഴുത്തുകാരൻ ജോയ് മാത്യുവും ചാവേർ എന്ന ചിത്രത്തിലൂടെ.

cp-webdesk

null