Cinemapranthan

മലയാള സിനിമ ഇതുവരെ കാണാത്ത തരം പരീക്ഷണം; മഞ്ജു വാര്യർ ചിത്രം ‘ഫൂട്ടേജ്’ റിവ്യൂ വായിക്കാം

null

ഒരു സിനിമയിലെ കഥാപാത്രങ്ങൾ ചിത്രീകരിച്ച വിഷ്വലുകളോ ഫൂട്ടേജുകളോ സിനിമയുടെ തന്നെ വിഷ്വലുകലായ് വരുന്ന ജോണറാണ് ‘ഫൗണ്ട് ഫൂട്ടേജ്’ ജോണർ.. മലയാള സിനിമാലോകം ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത അത്തരത്തിലുള്ള ഒരു ജോണറിനെ മികവാർന്ന രീതിയിൽ പര്യവേക്ഷണം ചെയ്യുകയാണ് എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ഫൂട്ടേജ് എന്ന ചിത്രം.

പ്രാന്തൻ സിനിമ കണ്ടു വരുന്ന വഴിയാണ്.. ഒറ്റ വാക്കിൽ പറഞ്ഞാൽ മലയാള സിനിമയിൽ ഈ അടുത്ത കാലത്തൊന്നും സംഭവിക്കാത്ത അപൂർവ ഇനം പരീക്ഷണം ആണ് ഫൂട്ടേജ്. എടുത്ത് പറയേണ്ടത് മഞ്ജു വാര്യർ എന്ന നടിയെ കുറിച്ചാണ്. മഞ്ജു വാരൃരുടെ കരിയറില്‍ ഇതുപോലൊരു കഥാപാത്രം അവര്‍ ചെയ്തിട്ടില്ല എന്നാണ് പ്രാന്തന് തോന്നുന്നത്.. ചെറിയ നോട്ടം കൊണ്ടും ചലനം കൊണ്ടും വരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥാപാത്രമാണ് ചിത്രത്തിൽ അവരുടേത്. വളരെ ചുരുക്കം കഥാപാത്രങ്ങൾ മാത്രം ഉള്ള ചിത്രത്തിൽ ഗായത്രി അശോകും വിശാഖ് നായരും ശ്രദ്ധേയ കഥാപാത്രങ്ങളെ ആണ് അവതരിപ്പിച്ചിരിക്കുന്നത്. അവരും തങ്ങളുടെ കഥാപാത്രങ്ങൾ ഗംഭീരമാക്കിയിട്ടുണ്ട്.

“എല്ലാവർക്കും മൂന്ന് ജീവിതമുണ്ട്: പൊതു ജീവിതം, സ്വകാര്യ ജീവിതം, രഹസ്യ ജീവിതം.” എന്ന ഗബ്രിയേൽ മാർക്വേസിന്റെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ഫൂട്ടേജ് ആരംഭിക്കുന്നത്. കോവിഡ് കാലത്ത്, നഗരത്തിലെ ഒരു ഫ്ളാറ്റിൽ താമസിക്കുന്ന വ്ളോഗർ ദമ്പതികളുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറഞ്ഞുപോവുന്നത്. ചുറ്റുവട്ടത്തുനിന്നും നിഗൂഢതകൾ നിറഞ്ഞ കഥകൾ കണ്ടെത്തുകയും അതിനു പിന്നിലെ ചുരുളഴിക്കുകയും ചെയ്യുന്നതാണ് ഇരുവരുടെയും പ്രധാന കണ്ടൻറ്. മറ്റുള്ളവരുടെ പ്രൈവസിയിലേക്ക് ഇടിച്ച് കയറി കണ്ടന്റ് ഉണ്ടാകുന്ന എല്ലാ വ്ലോഗേഴ്സിന്റെയും പ്രധിനിധികരിക്കുന്ന ഇവർ തങ്ങളുടെ അയൽവാസിയായ ഒരു യുവതിയുടെ പെരുമാറ്റങ്ങൾക്ക് എന്തൊക്കെയോ നിഗുഢതകൾ തോന്നുകയും ആ നിഗൂഢതകൾക്കു പിന്നാലെ സഞ്ചരിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഒരു അഡൾട് മൂവി ആയതുകൊണ്ട് തന്നെ നിരവധി ഇഴുകി ചേർന്ന രംഗങ്ങളും സെക്ഷ്വൽ കണ്ടന്റുകളും ചിത്രത്തിലുണ്ട്. അതൊരിക്കലും ചിത്രത്തെ പിന്നോട്ട് വലിക്കുകയോ പ്രേക്ഷരിൽ അസ്വസ്ഥത ഉണ്ടാക്കുകയോ ചെയ്യുന്നില്ല എന്നതാണ് വസ്തുത.
ഏതായാലും സൈജു ശ്രീധരൻ തന്റെ ആദ്യ ചിത്രം അതിന്റെ വേറിട്ട സമീപനം കൊണ്ട് മലയാള സിനിമാചരിത്രത്തിൽ ഇടം പിടിക്കുമെന്ന് തീർച്ചയാണ്

cp-webdesk

null