പുതിയമുഖം, ഹീറോ , ഗ്യാങ്സ് ഓഫ് വടക്കുംനാഥൻ തുടങ്ങി മലയാള സിനിമയിലെ ആക്‌ഷൻ ജോണറിൽ എണ്ണംപറഞ്ഞ സിനിമകൾ ഒരുക്കിയ സംവിധായകൻ ദീപൻ ഓർമ്മയായിട്ട് ഇന്നേക്ക് ഏഴ് വര്ഷം തികയുന്നു. 2017 മാർച്ച് 13 നു തന്റെ 45 ആം വയസ്സിൽ ആയിരുന്നു അദ്ദേഹത്തിന്റെ അകാലമരണം സംഭവിക്കുന്നത്. ഏഴോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അനുപ്‌മേനോന്റെ തിരക്കഥയിൽ ഒരുങ്ങിയ സുരേഷ്‌ഗോപി നായകനായ ‘ഡോൾഫിൻസ്’ ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം
മലയാള ചലച്ചിത്ര സംവിധായകനും മേരിലൻഡ് സ്റ്റുഡിയോ മാനേജരുമായിരുന്ന വെളിയം ചന്ദ്രന്റെയും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടിയുമായ ആനന്ദവല്ലിയുടെയും മകനായി 1972 മാർച്ച് 13 ആം തിയതിയാണ് ദീപൻ ജനിച്ചത്. സിനിമ പശ്ചാത്തലമുള്ളതുകൊണ്ടു തന്നെ സിനിമയിലെത്തിപ്പെടാൻ ദീപനു പ്രായാസമൊന്നുമില്ലായിരുന്നു. ഷാജി കൈലാസിന്റെ സംവിധാന സഹായി ആയാണ് സിനിമയിൽ സജീവമാകുന്നത്. ആറാം തമ്പുരാൻ, എഫ് ഐ ആർ, വല്യേട്ടൻ, നരസിംഹം തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചു. പിന്നീട് 2003ല്‍ വിജയ് കുമാറിനെ പ്രധാനകഥാപാത്രമാക്കി ദ് കിങ് മേക്കർ ലീഡർ എന്ന പൊളിറ്റിക്കൽ സിനിമ ഒരുക്കി. 2009ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം പുതിയമുഖത്തിലൂടെ ദീപൻ അറിയപ്പെടുന്നത്. മലയാള സിനിമയിൽ അന്നുവരെ ഇല്ലാത്ത തരം ആക്ഷൻ ചിത്രമായിരുന്നു പുതിയ മുഖം. പൃഥ്വിരാജ് എന്ന സൂപ്പർ സ്റ്റാർ ഉണ്ടാവുന്നതും പുതിയ മുഖത്തിലൂടെ ആണ്.
എ.കെ.സാജന്റെ തിരക്കഥയില്‍ ജയറാം, പാര്‍വതി നമ്പ്യാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരിക്കെ വൃക്കരോഗത്തെ തുടര്‍ന്ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.