മലയാളത്തിലെ എക്കാലത്തെയും മികച്ച സാഹിത്യകൃതികളിലൊന്നാണ് പാറപ്പുറത്തിന്റെ അരനാഴികനേരം. ഇതെ നോവൽ കെ എസ് സേതുമാധവൻ തിരക്കഥ രൂപത്തിലേക്ക് മാറ്റിയെഴുതി സിനിമയാക്കുമ്പോൾ അവിടെ ഒരു അത്ഭുത സിനിമ ജനിക്കുക ആയിരുന്നു. മലയാള സിനിമയിലെ അന്നത്തെ മുൻനിര താരങ്ങൾ വരെ സഹതാരങ്ങളായി മാറിയ ഒരു അത്ഭുത സിനിമ.
ഒരു അരയാൽ വൃക്ഷം പോലെ പടർന്നു പന്തലിച്ച കുഞ്ഞേനാച്ചൻ (കൊട്ടാരക്കര ശ്രീധരൻ നായർ) അയാളിൽ നിന്നും തുങ്ങിയിറങ്ങിയ വള്ളികളായിരുന്നു അയാളുടെ മക്കളും മരുമക്കളും പേരമക്കളും.. സത്യനും പ്രേംനസീറും ഷീലയും അടൂർ ഭാസിയും കെ പി ഉമ്മറും ബഹുദൂറും ജോസ് പ്രകാശും ശങ്കരാടിയും അംബികയും ഉള്‍പ്പടെയുള്ളവർ വരെ അതിൽപെടും
സാധാരണക്കാരിൽ സാധാരണക്കാരനായി നീണ്ട തൊണ്ണൂറു സംവത്സരം പനച്ചമൂട്ടിൽ ജീവിച്ച കുഞ്ഞേനാച്ചൻ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഉത്തുംഗപ്രഭാവനായി ജീവിതം കെട്ടിപ്പടുത്ത കുഞ്ഞേനാച്ചന്റെ ജീവിതം വളർന്നു പന്തലിച്ചു നിൽക്കുന്ന ഒരു മഹാ വൃക്ഷം പോലെ അനുഭവ സങ്കീർണ്ണവും ഉജ്ജ്വലവുമായിരുന്നു. സ്വതന്ത്ര ബുദ്ധിക്കാരനായ കുഞ്ഞേനാച്ചൻ ആരുടെയും ശാസനയിൽ നിൽക്കാനാവാത്ത പുത്രന്മാരുടെ വീടുകളിൽ സന്ദർശനം നടത്തി തിരിച്ചു വരുന്ന വഴിഒരു ദിവസം മനസ്സിനൊപ്പം നീങ്ങാത്ത ശരീരം തളർന്നു പെരുവഴിയിൽ വീണു പോയി. നാട്ടുകാരും സ്വന്തക്കാരും കൂടി വീട്ടിലെത്തിച്ചു. അന്നു മുതൽ കിടക്കയും മുറ്റവുമായി കഴിഞ്ഞു കൂടുന്ന ഈശ്വരവിശ്വാസിയായ ആ തൊണ്ണൂറുകാരന്റെ ഓർമ്മകളിലൂടെയും ദൃക്സാക്ഷിത്വത്തിലൂടെയും ആ കുടുംബത്തിനെ സ്പർശിക്കുന്ന സംഭവങ്ങളുടെ ചിത്രീകരണമാണു അരനാഴിക നേരം
മണ്ണിലേക്കമരാൻ ഏറിയാൽ അരനാഴികനേരം എന്ന ബോധ്യത്തിൽ ജീവിക്കുന്ന കുഞ്ഞേനാച്ചനെ കൊട്ടാരക്കര ശ്രീധരൻ നായർ അവിസ്മരണീയമാക്കിയപ്പോൾ അദ്ദേഹത്തെ തേടി എത്തിയത് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആയിരുന്നു