Cinemapranthan

കലാ ലോകത്ത് അടൂരിന്റെ നാമം വാനോളമുയർത്തിയ ചലച്ചിത്ര പ്രതിഭ; അടൂർ ഭവാനി ഓർമ്മയായിട്ട് 14 വർഷം

null

അടൂർ ഭാസി കഴിഞ്ഞാൽ അടൂരിന്റെ നാമം വാനോളമുയർത്തിയ കലാകാരിയാണ് അടൂർ ഭവാനി.. മലയാളത്തിൽ കൂടുതലും അമ്മ, മിത്തശ്ശി വേഷങ്ങളിൽ തിളങ്ങിയ അവർ ഒരിക്കൽ പോലും ആവർത്തനം തോന്നുന്ന അമ്മ വേഷങ്ങളിൽ തളച്ചിടപ്പെട്ടിട്ടില്ല. ഇമോഷണൽ അമ്മമാരിൽ നിന്നും വ്യത്യസ്തമായി അല്പം ഹാസ്യം കലർന്ന വേഷങ്ങളിൽ ആണ് നമ്മൾ അടൂർ ഭവാനിയെ നമ്മൾ കൂടുതലും കണ്ടത്.. മീനത്തിൽ താലികെട്ടിലെ ബീഡി വലിക്കുന്ന മുത്തശ്ശിയും സി ബി ഐ ഡയറിക്കുറിപ്പിലെ ചെവി കേൾക്കാത്ത മേരിചേട്ടത്തിയും ഹിറ്റ്ലറിലെ ഭാർഗവിയും എല്ലാം മലയാളിക്ക് എന്നും പ്രിയപെട്ടതാവും

സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറി പിന്നീട് നാടകാഭിനയത്തിലേക്ക് ചേക്കേറിയ നടി ആണ് അടൂർ ഭവാനി. സഹോദരി അടൂർ പങ്കജത്തിനൊപ്പം തിക്കുറിശ്ശിയുടെ ‘ശരിയോ തെറ്റോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാണാൻ പോയ ഭവാനി ആക്സമികമായി ആണ് അഭിനയത്തിൽ അരങ്ങേറുന്നത്.. എന്നാൽ അന്ന് അഭിനയകലയെ കുറിച്ച് യാതൊരു ധാരണയും ഇല്ലാതിരുന്ന അവർ അഭിനയത്തെ ജീവിതമാർഗമാക്കൻ തീരുമാനിക്കുന്നത് നാടകങ്ങളിലേക്ക് ചുവടുമാറ്റുമ്പോഴാണ്. അങ്ങനെ മനക്കര ഗോപാലപ്പിള്ളയാശാന്റെ ‘വേലുത്തമ്പി ദളവ’ എന്ന നാടകത്തിൽ കൊട്ടാരക്കരയുടെ അമ്മ വേഷത്തിൽ അഭിനയിച്ചു കൊണ്ട് നാടകത്തിൽ തൂടക്കം കുറിച്ചു. ഇരുപത്തിയൊന്നാം വയസ്സിൽ പ്രമുഖ നാടക ട്രൂപ്പായ കെ പി എ സി യിൽ ചേർന്നു. കെ.പി.എ.സി.യുടെ മൂലധനം, അശ്വമേധം, തുലാഭാരം, മുടിയനായ പുത്രന്‍, യുദ്ധകാണ്ഡം എന്നീ നാടകങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു കൊണ്ട് അവർ മലയാള നാടക വേദികളിൽ നിറഞ്ഞു.

തോപ്പിൽ ഭാസി രചിച്ച ‘മുടിയനായ പുത്രൻ’ എന്ന നാടകം ചലച്ചിത്രമായപ്പോൾ നാടകത്തിൽ ഭവാനി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭവാനിയോളം മികച്ചതായി മറ്റാരുമില്ല എന്ന തോപ്പിൽ ഭാസിയുടെ തിരിച്ചറിവിൽ നിന്നാണ് അടൂർ ഭവാനി എന്ന സിനിമ നടി വീണ്ടും ജനിക്കുന്നത്. നാടകത്തിൽ കൈകാര്യം ചെയ്ത വേഷം അവർക്ക് തന്നെ ലഭിച്ചു. തൂടർന്നു രാമു കാര്യാട്ടിന്റെ മിക്ക ചിത്രങ്ങളിലും അടൂർ ഭവാനിക്ക് മികച്ച വേഷങ്ങൾ ലഭിച്ചു. എന്നാൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദേശീയ ബഹുമതി നേടിയ ചെമ്മീനിലെ നായിക കറുത്തമ്മയുടെ അമ്മ വേഷം ആണ് അടൂർ ഭവാനി എന്ന നടിയെ ശ്രദ്ധേയമാക്കുന്നത്. പിന്നീട് അങ്ങോട്ട് ഏതാണ്ട് 450-ഓളം മലയാള ചിത്രങ്ങളിൽ വിവിധ വേഷങ്ങൾ ചെയ്തിട്ടുണ്ട്. തുലാഭാരം, മുടിയനായ പുത്രൻ, അനുഭവങ്ങൾ പാളിച്ചകൾ, കള്ളിച്ചെല്ലമ്മ, സ്വയംവരം, വിത്തുകൾ, ചെമ്പരത്തി, നെല്ല്, സി ബി ഐ ഡയറികുറിപ്പ്, സത്യപ്രതിജ്ഞ, കേളി, പൊന്നുച്ചാമി, വൃദ്ധന്മാരെ സൂക്ഷിക്കുക, ഹിറ്റ്ലർ, മീനത്തിലെ താലികെട്ട്, കോട്ടയം കുഞ്ഞച്ചൻ എന്നീ സിനിമകളിലെ വേഷങ്ങൾ ശ്രദ്ധേയങ്ങളാണ്. കെ. മധു സംവിധാനം ചെയ്ത “സേതുരാമയ്യർ സി ബി ഐ” ആണ് അടൂർ ഭവാനി അവസാനമായി അഭിനയിച്ച ചിത്രം.. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ദീര്‍ഘകാലമായ ചികിത്സയിലായിരുന്ന അവർ 2009 ൽ ഇതുപോലൊരു ഒക്ടോബർ 25ന് ആണ് അന്തരിക്കുന്നത്.

null