നെടുമുടി ഓർമ്മകളെ എങ്ങനെ സ്മരിക്കണം എന്നറിയില്ല പ്രാന്തന്.. പകരം വെക്കാനില്ലാത്ത കലാകാരൻ, നികത്താനാവാത്ത വിടവ് എന്നൊക്കെ കേവലം ഭംഗി വാക്കിനപ്പുറം ഒരാളുടെ പേരുമായി പൂർണമായി ചേർന്ന് നിൽക്കുന്നുണ്ടെങ്കിൽ അത് നെടുമുടി എന്ന അതുല്യ പ്രതിഭയിൽ മാത്രം ആവും.
‘ആരവം’ ഇല്ലാത്ത ‘പൂരം’ പോലെ.. നെടുമുടി ഇല്ലാത്ത മലയാള സിനിമയിലെ 3 വർഷത്തെ ഇങ്ങനെ കുറിക്കാനാണ് പ്രാന്തനിഷ്ടം.. അതൊരുതരത്തിലും ആദര സൂചകമായി അദ്ദേഹത്തിന്റെ സിനിമ പേര് ഉപയോഗിച്ചുള്ള കേവലം പ്രാസം ഒപ്പിക്കലല്ല ശെരിക്കും അദ്ദേഹം ഇല്ലാത്ത ഈ മൂന്ന് വർഷക്കാലം ആളൊഴിഞ്ഞ ആരവമില്ലാത്ത പൂരപ്പറമ്പ് പോലെ ഒരു മൂകത ആയിരുന്നു മലയാള സിനിമയില്‍.
അഞ്ച് പതിറ്റാണ്ടിന്റെ സിനിമ ജീവിതം അതില്‍ ഏകദേശം 500 ഓളം വൈവിധ്യമായ വേഷപ്പകർച്ചകൾ.. രണ്ട് ദേശീയ അവാർഡും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും.. 7 ഓളം തിരക്കഥകൾ ഒരു സിനിമയുടെ സംവിധാനം.. അങ്ങനെ നീണ്ടു കിടക്കുന്ന പ്രതിഭവൈശിഷ്ട്യമുള്ള ഒരാൾ ഒരു ദിവസം നമ്മളിൽ നിന്ന് അങ്ങ് ഇറങ്ങി പോവുമ്പോൾ ശൂന്യമാവില്ലേ നമ്മൾ..
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പരേതനായ പി.കെ. കേശവപിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയമകനായാണ് വേണു എന്ന വേണുഗോപാൽ ജനിക്കുന്നത്. വിദ്യാഭ്യാസ കാലത്ത് തന്നെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം ആലപ്പുഴ എസ്.ഡി കോളേജിലെ പഠന കാലത്ത് സഹപാഠിയും പിൽക്കാലത്തു സംവിധായകനും ആയ ഫാസിൽ എഴുതിയ നാടകങ്ങളിലൂടെയാണ് കലാരംഗത്ത് സജീവമാവുന്നത്.. തുടർന്ന് എസ്. ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്രപ്രവർത്തകനായും ആലപ്പുഴയിലെ ഒരു പാരലൽ കോളേജിൽ അദ്ധ്യാപകനായും പ്രവർത്തിച്ചു. എന്നാൽ അതോടൊപ്പം തന്നെ നാടകരംഗത്തും സജീവമായിരുന്ന നെടുമുടി വേണു അന്നത്തെ പ്രമുഖ സിനിമക്കാരായ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായുള്ള സൗഹൃദം ആത്യന്തികമായി അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് വഴിയൊരുക്കി. പിന്നീടങ്ങോട്ട് എണ്ണിയാലോടുങ്ങാത്ത എത്രയെത്ര കഥാപാത്രങ്ങള്‍..
അടിമുടി കല ആയിരുന്നു നെടുമുടി എന്ന കലാകാരൻ.. രൂപത്തിലെ സാധാരണത്വം അഭിനയത്തിന്റെ അനന്തതലങ്ങലെ തൊട്ടറിയാനുള്ള ഉപായമായി കരുതിവച്ച അതുല്യ നടനായിരുന്നു.. നല്ല ഗായകനായിരുന്നു.. നല്ല മൃദംഗം വായനക്കാരനായിരുന്നു