മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള പിന്നണി ഗായകനും പാലിയത്ത് ജയചന്ദ്രൻകുട്ടൻ എന്ന പി.ജയചന്ദ്രൻ.

മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലായി 16000ലധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ജി. ദേവരാജൻ, എം. എസ്. ബാബുരാജ്, വി. ദക്ഷിണാമൂർത്തി, കെ. രാഘവൻ, എം. കെ. അർജുനൻ, എം. എസ്. വിശ്വനാഥൻ, ഇളയരാജ, കോടി, ശ്യാം, എ. ആർ. റഹ്മാൻ, എം. എം. കീരവാണി, വിദ്യാസാഗർ, എം. ജയചന്ദ്രൻ തുടങ്ങിയ ഇന്ത്യൻ സംഗീത രംഗത്തെ ഇതിഹാസ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചു പ്രവർത്തിച്ചു. ദക്ഷിണേന്ത്യയിലെ മികച്ച ഭാവഗായകനായി അദ്ദേഹം അറിയപ്പെടുന്നു.
1965ൽ കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനു വേണ്ടി പി. ഭാസ്കരൻ രചിച്ച ‘ഒരു മുല്ലപ്പൂമാലയുമായ്’ എന്ന ഗാനമാലപിച്ചെങ്കിലും ആദ്യം പുറത്തു വന്നത് കളിത്തോഴൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ-എക്കാലവും മലയാളികൾ മലയാളികൾ ഇഷ്ടപ്പെടുന്ന – മഞ്ഞലയിൽ മുങ്ങിത്തോർത്തി; ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമാണ്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഏതാനും സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2020-ൽ, മലയാള സിനിമയ്ക്ക് നൽകിയ മികച്ച സംഭാവനകളുടെ പേരിൽ മലയാള സിനിമയിലെ അത്യോന്നത പുരസ്കാരമായ ജെ. സി. ഡാനിയേൽ അവാർഡ് അദ്ദേഹത്തിന് തേടിയെത്തി. 2025 ജനുവരി 9 ന് ജയചന്ദ്രൻ അന്തരിച്ചു.
1944 മാർച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രൻ ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം പിന്നീട് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. സംഗീതജ്ഞനായിരുന്ന രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായിരുന്നു അദ്ദേഹം. പരേതനായ സുധാകരൻ (1940-1989), പരേതയായ സരസിജ (1942-2018), കൃഷ്ണകുമാർ (ജനനം: 1946), ജയന്തി (ജനനം: 1950) എന്നിവരാണ് സഹോദരങ്ങൾ.
ചേന്ദമംഗലത്തെ പാലിയം സ്കൂൾ, ആലുവ സെന്റ് മേരീസ് ഹൈസ്കൂൾ, ഇരിങ്ങാലക്കുടയിലെ നാഷനൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം.ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജിൽ നിന്ന് ബിരുദം നേടി.
1973 മെയ് മാസത്തിൽ തൃശൂർ സ്വദേശിയായ ലളിതയെ അദ്ദേഹം വിവാഹം കഴിച്ചു. അവർക്ക് ലക്ഷ്മി എന്ന മകളും ദിനനാഥ് എന്ന പുത്രനുമാണുള്ളത്