Cinemapranthan

ഒടുവിൽ ‘മഹാവീര്യർ’ ഒടിടി’യിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

സൺ നെക്സ്റ്റ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ഫെബ്രുവരി 10 മുതലാണ് ‘മഹാവീര്യർ’ സ്ട്രീമിങ്

null

നിവിൻ പോളി നായകനായി എത്തി മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ‘മഹാവീര്യർ’. എബ്രിഡ് ഷൈൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘മഹാവീര്യർ’ പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു. നിവിൻ പോളിക്ക് ഒപ്പം ആസിഫ് അലിയും പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച ആശയം കൊണ്ടും അവതരണം കൊണ്ടും മികച്ച നിലവാരം പുലർത്തിയിരുന്നു. തിയറ്റർ റിലീസായി എത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സൺ നെക്സ്റ്റ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ഫെബ്രുവരി 10 മുതലാണ് ‘മഹാവീര്യർ’ സ്ട്രീമിങ് ചെയ്ത് തുടങ്ങുന്നത്.

2022 ജൂലൈ 21 ന് തിയറ്ററിൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിൽ സ്വാമി അപൂര്‍ണാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിച്ചത്. ഫാന്റസിയും രാഷ്ട്രീയവും മിക്സ് ചെയ്തെത്തിയ ചിത്രം മികച്ച തിയറ്റർ അനുഭവത്തിനൊപ്പം നിരൂപക പ്രശംസയും നേടി കൊടുത്തിരുന്നു. അതെ സമയം ചിത്രത്തിൽ ചില ആശയക്കുഴപ്പങ്ങൾ പ്രേക്ഷകർക്ക് നേരിട്ടതിനാൽ ക്ലൈമാക്സിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ചിത്രം വീണ്ടും പ്രദർശനത്തിന് എത്തിയത്. കോർട്ട്റൂം ഡ്രാമ ഗണത്തിൽപ്പെടുന്ന ‘മഹാവീര്യർ’, ടൈം ട്രാവലും ഫാന്റസിയും പ്രമേയമാക്കിയ ചിത്രമായിരുന്നു.

ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ പ്രധാന താരങ്ങളായി എത്തിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നായിരുന്നു.

cp-webdesk

null