ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗൽ ഇനി ഓർമ്മ. കഴിഞ്ഞ ദിവസമാണ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെഅന്ത്യം. ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തെയും ചരിത്രത്തെയും പശ്ചാത്തലമാക്കി മനുഷ്യാവസ്ഥകളുടെ യാഥാർഥ്യം ആവിഷ്കരിച്ച ചലച്ചിത്രകാരനായിരുന്നു ശ്യാം ബെനഗൽ
ചലച്ചിത്ര മേഖലയ്ക്ക് സമഗ്രസംഭാവന നൽകിയതിന് ദാദാ സാഹബ് ഫാൽകെ പുരസ്കാരം, പത്മശ്രീ, പത്മഭൂഷണ്‍ തുടങ്ങി രാജ്യത്തിന്റെ പരമോന്നത പുരസ്കാരങ്ങള്‍ എല്ലാം നൽകി രാജ്യം ആദരിച്ച പ്രതിഭയാണ് ശ്യാം ബെനഗൽ. ഹിന്ദിയിലെ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് ദേശീയതലത്തില്‍ ഏഴ് തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തിരക്കഥ, മികച്ച രണ്ടാമത്ത ചിത്രം വിഭാഗങ്ങളിലും ദേശീയ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിഷാന്ദ്, അങ്കൂര്‍, ഭൂമിക, ജനൂൻ, ആരോഹണ്‍, സുബൈദ, ബാരി-ബരി, സര്‍ദാരി ബീഗം, ദി ഫോര്‍ഗോട്ടൻ ഹീറോ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.
1934 ഡിസംബർ 14 ന് സെക്കന്തരബാദിലെ ത്രിമൂൽഗരിയിലാണ് ശ്യാം ബെനഗലിന്റെ ജനനം. ഒരു ചായാഗ്രാഹകനായിരുന്ന അച്ഛൻ ശ്രീധർ ബി. ബെനഗൽ നൽകിയ ക്യാമറ ഉപയോഗിച്ച് ശ്യാം ബെനഗൽ ആദ്യ ചിത്രമൊരുക്കുന്നത് തന്റെ പന്ത്രണ്ടാം വയസ്സിലാണ്. ഉസ്മാനിയ സർവ്വകലാശാലക്ക് കീഴിലെ നൈസാം കലാലയത്തിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം എടുത്ത ശ്യാം ബെനഗൽ അവിടെ ഹൈദരാബാദ് ഫിലിം സൊസൈറ്റി എന്ന പേരിൽ ചലച്ചിത്ര കൂട്ടായ്മയും സ്ഥാപിച്ചു.
1959 ൽ ബോംബെ ആസ്ഥാനമായുള്ള ഒരു പരസ്യ ഏജൻസിയായ ലിന്റാസ് അഡവെർടൈസിംഗ് എന്ന സ്ഥാപനത്തിൽ കോപ്പിറൈറ്റർ ആയിട്ടാണ് ബെനഗലിന്റെ ജോലിയുടെ തുടക്കം. ക്രമേണ അദ്ദേഹം ഈ സ്ഥാപനത്തിന്റെ ക്രിയേറ്റീവ് തലവനായി ഉയർന്നു.ഗുജറാത്തിയിലുള്ള ബെനഗലിന്റെ ആദ്യ ഡോക്യുമെന്ററി ചിത്രം “ഗർ ബെത ഗംഗ” 1962 ൽ നിർമ്മിച്ചു. അദ്ദേഹത്തിന്റെ ഫീച്ചർ ചിത്രമിറങ്ങാൻ പിന്നെയും ഒരു ദശാബ്ദമെടുത്തു. 1963 ൽ കുറച്ചു കാലം മറ്റൊരു പരസ്യകമ്പനിയുമായി ജോലിചെയ്തു. ഈ കലയളവിൽ ഡൊക്യുമെന്ററികളും പരസ്യ ചിത്രങ്ങളുമടക്കം 900 ചിത്രങ്ങൾ ചെയ്തു. 1966 മുതൽ 1973 വരെയുള്ള കാലത്താണ് ബെനഗൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനായി സേവനം ചെയ്യുന്നത്.പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി രണ്ട് പ്രാവശ്യം അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.ആയിടക്ക് അദ്ദേഹം ഡോക്യുമെന്ററി ചലച്ചിത്രങ്ങൾ നിർമ്മിക്കാനും തുടങ്ങി. ആദ്യാകലത്തിലെ ബെനഗലിന്റെ ഒരു ഡൊക്യുമെന്ററിയായ ” എ ചൈൽഡ് ഓഫ് ദ സ്ട്രീറ്റ്” (1967) നിരൂപക പ്രശംസനേടിയ ഒന്നായിരുന്നു. എഴുപതിലധികം ഡോക്യുമെന്ററികളും ചെറുചിത്രങ്ങളും അദ്ദേഹം ചെയ്തു. വൈകാതെ “ഹോമി ബാബ ഫെലോഷിപ്പ്” അദ്ദേഹത്തെ തേടിയെത്തി. ഇത് ന്യുയോർക്കിലുള്ള ചിൽഡ്രൻ ടെലിവിഷൻ വർക്ക്ഷോപ്പിനായി ജോലിചെയ്യാൻ അദ്ദേഹത്തിന് അവസരം നൽകി.
ബോംബെയിലേക്ക് തിരിച്ചുവന്ന ബെനഗൽ “അങ്കൂർ”(1973) എന്ന ചിത്രം നിർമ്മിച്ചു. തന്റെ സംസഥാനമായ ആന്ധ്രപ്രദേശിൽ നടക്കുന്ന സാമ്പത്തിക-ലൈംഗിക ചൂഷണത്തിന്റെ കഥയായിരുന്നു അത്. ഈ ചിത്രം ബെനഗലിനെ പ്രശസ്തിയിലേക്ക് ഉയർത്തി.ശബാന ആസ്മി,അനന്ത് നാഗ് എന്നിവരെ ചലച്ചിത്രത്തിന് പരിചയപ്പെടുത്തിയതും ഇതിലൂടെയാണ്.1975 ൽ ഏറ്റവും നല്ല രണ്ടാമത്തെ ഫീച്ചർ ഫിലിമിനുള്ള ചലച്ചിത്രപുരസ്കാരം ശ്യാം ബെനഗലിനും ഏറ്റവും നല്ല നടിക്കുള്ള പുരസ്കാരം ഷബാന ആസ്മിക്കും ഈ ചിത്രം നേടിക്കൊടുത്തു. “പുത്തൻ ഭാരതീയ ചലച്ചിത്രം” (New India Cinema) എഴുപതുകളിലും എൺപതുകളിലും നേടിയ വിജയത്തിന് കടപ്പെട്ടിരിക്കുന്നത് പ്രധാനമായും ശ്യാം ബെനഗലിന്റെ നാലു ചിത്രങ്ങളോടാണ്. “അങ്കൂർ”(1973),”നിഷാന്ത്”(1975),”മന്തൻ”(1976), “ഭൂമിക” (1977) എന്നിവയായിരുന്നു അവ. വൈവിധ്യമാർന്ന നടീനടന്മാരെ ബെനഗൽ തന്റെ ചിത്രങ്ങളിൽ അവതരിപ്പിച്ചു.ശബാന ആസ്മി,നസറുദ്ധീൻ ഷാ,ഓം പുരി,അമിരിഷ് പുരി തുടങ്ങിയവർ അവയിൽ ഉൾപ്പെടുന്നു.
ബെനഗലിന്റെ അടുത്ത ചിത്രം “നിഷാന്ത്” -രാവിന്റെ അന്ത്യം- (1975), ഒരു അദ്ധ്യാപകന്റെ ഭാര്യയെ തട്ടികൊണ്ടുപോയി ഒരു കൂട്ടം ഭൂവുടമകൾ (സമീന്ദാർമാർ) ബലാൽസംഗത്തിന് വിധേയമാക്കുന്നതും സഹായത്തിനായുള്ള അവരുടെ ഭർത്താവിന്റെ അഭ്യർഥന അധികാരികൾ ചെവികൊടുക്കാത്തതുമായ അവസ്ഥ ചിത്രീകരിക്കുന്ന കഥയാണ്. 1976 ലെ “മന്തൻ” ഗ്രാമോദ്ധാരണവും ഗുജറാത്തിലെ ക്ഷീരവ്യവസായത്തിന്റെ ശൈശവദശയുടെ പരാധീനതകളുമാണ് പറയുന്നത്. അഞ്ചുലക്ഷത്തിലധികം വരുന്ന ഗുജറാത്ത് ഗ്രാമീണർ രണ്ട് രൂപ വീതം ഈ ചിത്രത്തിന്റെ നിർമ്മാണത്തിനായി നൽകി. അങ്ങനെ അവർ ഈ ചിത്രത്തിന്റെ നിർമ്മാതാക്കളുമായി. ‘തങ്ങളുടെ’ ഈ ചിത്രം കാണാൻ അവിടുത്തെ ഗ്രാമീണർ ട്രക്കുകളിൽ കുട്ടം കൂട്ടമായി തീയേറ്ററിലെത്തി ചിത്രത്തിന്റെ വാണിജ്യ വിജയത്തെ സഹായിച്ചു. ഈ മൂന്ന് ചിത്രങ്ങൾക്ക് ശേഷം ബെനഗൽ സംവിധാനം ചെയ്തത് ഒരു ജീവചരിത്ര ചലച്ചിത്രമായ(biopic) “ഭൂമിക” യാണ്. ഇതിലെ പ്രധാന കഥാപാത്രം സ്വത്വം തേടുകയും ആത്മസാക്ഷാത്കാരം അഗ്രഹിക്കുകയും ചെയ്യുന്ന ഒന്നാണ് . അതോടൊപ്പം പുരുഷന്മാരുടെ ചൂഷണത്തിനെതിരെ മല്ലിടുന്ന സ്ത്രീയും. നാല്പതുകളിലെ മറാത്തി നാടക-ചലച്ചിത്രനടിയായിരുന്ന ഹൻസ വഡ്കറിന്റ് ജീവിതത്തെ ഉപജീവിച്ചുകൊണ്ടുള്ളതായരുന്നു ഇതിന്റെ കഥ.
എഴുപതുകളുടെ ആദ്യത്തിൽ 21 ചലച്ചിത്ര മൊഡ്യൂളുകൾ “സാറ്റലൈറ്റ് ഇൻസ്ട്രക്ഷനൽ ടെലിവിഷൻ എക്സ്പിരിമെന്റിനു”(SITE) വേണ്ടി ബെനഗൽ നിർമ്മിച്ചിരുന്നു.യൂനിസെഫായിരുന്നു ഇതിന്റെ പ്രായോജകർ. ഈ ചിത്രത്തിന്റെ നിർമ്മാണം SITE ലെ കുട്ടികളുമായും നിരവധി നാടൻ കലാകാരന്മാരുമായും ഇടപഴുകാൻ അദ്ദേഹത്തിന് അവസരം നൽകി. തന്റെ ഫീച്ചർ ചലച്ചിത്രമായ “ചന്ദ്രദാസ് ചോർ” എന്ന ചിത്രത്തിൽ നാടോടിക്കഥകൾ അവതരിപ്പിക്കുന്നതിനായി ഈ കുട്ടികളെ ബെനഗൽ ഉപയോഗപ്പെടുത്തി. “ചിൽഡ്രൻ ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യക്കു” വേണ്ടിയാണ് ഈ ചിത്രം നിർമ്മിച്ചത്
ശ്യാം ബെനഗൽ ഓർമയാകുമ്പോഴും തിരശീലയിൽ അദ്ദേഹമെഴുതിയ ഒരു പിടി കഥാപാത്രങ്ങളും കഥാപരിസരങ്ങളും നമുക്ക് മുന്നിലുണ്ട് ഒരു പാഠപുസ്തകമായി