ബെംഗളൂരുവിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ സിനിമാതാരം ദർശൻ തൂഗുദീപയെ അറസ്റ്റ് ചെയ്തു. രേണുകാ സ്വാമി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്
സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്.
ജൂൺ 9 ന് ബെംഗളൂരുവിലെ കാമാക്ഷിപാല്യയിലെ അഴുക്കുചാലിൽ നിന്ന് ഒരാളുടെ മൃതദേഹം പോലീസ് കണ്ടെടുത്തിരുന്നു , മരിച്ചയാൾ ചിത്രദുർഗ സ്വദേശി രേണുകസ്വാമി (33) ആയിരുന്നു.
രേണുകാ സ്വാമി നടിക്ക് അയച്ച അശ്ലീല സന്ദേശങ്ങളേക്കുറിച്ചറിഞ്ഞ ദർശൻ ചിത്രദുർഗയിലെ തന്റെ ഫാൻസ് അസോസിയേഷൻ പ്രസിഡന്റിനെ ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. രേണുകാ സ്വാമിയെ ചിത്രദുർഗയിൽനിന്ന് സിറ്റിയിലെ ഒരിടത്തെത്തിച്ച് കൊലപ്പെടുത്തി മൃതദേഹം ഓടയിലുപേക്ഷിക്കുകയായിരുന്നെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മൈസൂരുവിലെ ഫാംഹൗസിൽ വെച്ചാണ് ദർശനെ പോലീസ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. എന്നാൽ അതെ സമയം കേസിൽ ദർശൻ്റെ പേര് വന്നതിൻ്റെ കാരണം അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ എന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. “അറസ്റ്റിലായ ആദ്യത്തെ കുറച്ച് പേർ ഇയാളുടെ പേര് വെളിപ്പെടുത്തിയിരിക്കാമെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിൻ്റെ റോളിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ല. പോലീസ് കേസ് അന്വേഷിക്കുന്നു, ”അദ്ദേഹം പറഞ്ഞു.