ദൃശ്യം 2 വലിയ വിജയമായി മാറിയപ്പോൾ മൂന്നാം ഭാഗത്തെക്കുറിച്ചും ആരാധകർ ചർച്ച ചെയ്തിരുന്നു. ദൃശ്യം മൂന്നാം ഭാഗത്തിന് വേണ്ടി ഇപ്പോൾ കാത്തിരിക്കുകയാണ് ആരാധകർ എന്നാൽ ദൃശ്യം 3 ന്റെ കഥ എഴുതി അയക്കാൻ ആരാധകരോട് ജീത്തു ജോസഫ് ആവശ്യപ്പെട്ടുവെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഈ വാർത്ത വ്യാജമാണെന്നാണ് ഇപ്പോൾ ജീത്തു ജോസഫ് വെളിപ്പെടുത്തിയിരിക്കുന്നത്.
ദൃശ്യം 3 യുടെ കഥ അയക്കാൻ താൻ ആരോടും പറഞ്ഞിട്ടില്ലെന്നും, ഇപ്പോൾ ആ ചിത്രത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു. അഥവാ ഇനി ചെയ്യുകയാണെങ്കില്‍ തന്നെ മറ്റാരുടെയും കഥ വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ജീത്തു വ്യക്തമാക്കി.
‘കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ എന്റെ ഒരു ഇ–മെയിൽ ഐഡി പ്രചരിക്കുന്നുണ്ട്. അതിലേക്ക് ദൃശ്യം 3–ന്റെ കഥ അയച്ചുകൊടുക്കുക. അത് എനിക്ക് ഇഷ്ടപ്പെട്ടാല്‍ ഞാന്‍ അത് സിനിമയാക്കുമെന്ന് പറഞ്ഞ് ആരോ ഒരു വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ ഇ–മെയിൽ ഐഡി ഉപയോഗിക്കുന്നത് വേറെ കഥകളായി വരുന്നവര്‍ക്കും, സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ളവര്‍ക്കും വേണ്ടിയായിരുന്നു. ഒരു എഫ്എം അഭിമുഖത്തില്‍ ഞാന്‍ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ കുറേ മെയില്‍ വന്നതിനെ തുടര്‍ന്ന് ആ അക്കൗണ്ടിലേക്ക് വരുന്ന മെയിലെല്ലാം തിരിച്ച് പോയിക്കൊണ്ടിരിക്കുകയാണ്. പിന്നെ ദയവ് ചെയ്ത് ദൃശ്യം 3–ന്റെ കഥ ആരും അയക്കേണ്ട. കാരണം ആ സിനിമ ഉടനെ ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. അങ്ങനെയൊരു ആലോചന ഉണ്ടെങ്കില്‍ തന്നെ അത് എന്റെ കഥ വെച്ചായിരിക്കും ചെയ്യുന്നത്.
ദൃശ്യം 3 ന്റെ പേരിൽ വരുന്ന കഥകൾ താൻ നോക്കാതെ തന്നെ അങ്ങ് ഡിലീറ്റ് ചെയ്ത് കളയുകയാണ് ചെയ്യുന്നത്. ആ ഇ–മെയിൽ ഐഡി ഇപ്പോള്‍ എനിക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഇങ്ങനെയൊരു വാര്‍ത്ത ആരെങ്കിലും കാണുകയാണെങ്കില്‍ അത് തെറ്റായ വാര്‍ത്തയാണെന്ന് ഓര്‍മിക്കണമെന്നും ജീത്തു ജോസഫ് പറഞ്ഞു.