Cinemapranthan

എച്ച്ബിഒ ഇന്ത്യയിൽ സംപ്രേക്ഷണം അവസാനിപ്പിക്കുന്നു; ‘കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കും’, ‘പോഗോയും തുടരും

ഡിസംബര്‍ 15ന് എച്ച്ബിഒ, ഡബ്ല്യൂബി ചാനലുകൾ പൂർണ്ണമായും സംപ്രേക്ഷണം അവസാനിപ്പിക്കും

null

അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്ബിഒ, ഡബ്ല്യൂബി എന്നിവ ഇന്ത്യ സംപ്രേക്ഷണം അവസാനിപ്പിക്കുന്നു. ചാനലിന്റെ ഉടമസ്ഥരായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷണലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, മാലിദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ചാനലുകളുടെ സംപ്രേക്ഷണം നിർത്തുകയാണ്. ഡിസംബര്‍ 15ന് എച്ച്ബിഒ, ഡബ്ല്യൂബി ചാനലുകൾ പൂർണ്ണമായും സംപ്രേക്ഷണം അവസാനിപ്പിക്കും വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷണല്‍ വ്യക്തമാക്കി.

എന്നാൽ വാര്‍ണര്‍ മീഡിയയുടെ കുട്ടികളുടെ ചാനലായ ‘കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കും’, ‘പോഗോയും’ ഇന്ത്യയിൽ സംപ്രേക്ഷണം തുടരും. ഇതോടെ എച്ച്ബിഒയുടെ രണ്ട് പതിറ്റാണ്ട് നീണ്ട സംപ്രേഷണമാണ് അവസാനിക്കുന്നത്. ഈ തീരുമാനം വളരെ കടുപ്പമേറിയതായിരുന്നു എന്നാണ് വാര്‍ണര്‍ മീഡിയയുടെ സൗത്ത് ഏഷ്യ എംഡി സിദ്ധാര്‍ത്ത് ജെയിന്‍ പറഞ്ഞത്.

“കൊവിഡ് 19 മൂലമുളള സാഹചര്യങ്ങള്‍ പേ-ചാനല്‍ സംമ്പ്രദായത്തിലുളള മാര്‍ക്കറ്റ് ഡൈനാമിക്‌സിലും മാറ്റങ്ങള്‍ വരുത്തി. ചാനലുകള്‍ക്ക് കൂടുതല്‍ മാറ്റങ്ങള്‍ വേഗം കൊണ്ടുവരാന്‍ ഇത് കാരണമായി. എച്ച്ബിഒ, ഡബ്ല്യുബി ചാനലുകളെ വീടുകളിലേക്ക് സ്വീകരിച്ച ഞങ്ങളുടെ എല്ലാ പങ്കാളികള്‍ക്കും ആരാധകര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നു. കൂടാതെ ഒപ്പം നിന്ന് പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. സിദ്ധാര്‍ത്ത് ജെയ്ന്‍ പറഞ്ഞു.

കുട്ടികളുടെ ചാനലുകളുടെ മേല്‍നോട്ടത്തിനായി വാര്‍ണര്‍ മീഡിയയുടെ മുംബൈ, ദില്ലി, ബംഗളൂരു ഓഫീസുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. വാര്‍ണര്‍ മീഡിയയുടെ തന്നെ വാര്‍ത്താ ചാനലായ സിഎന്‍എന്‍ ഇന്‍റര്‍നാഷണലിന്‍റെ ഓപറേഷന്‍സ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗങ്ങളും ഈ ഓഫീസുകളില്‍ നിന്നാവും പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ ടെലിവിഷനുകളില്‍ നിന്ന് എച്ച്ബിഒ സംപ്രേഷണം അവസാനിപ്പിച്ചാലും ഡിസ്‌നി പ്ലസ് ഹോട്ട്‌സാറ്റാറില്‍ എച്ച്ബിഒ ലഭിക്കുന്നതായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

cp-webdesk

null