Cinemapranthan

‘ചേട്ടച്ഛന്റെ ‘പവിത്ര’മായ സ്നേഹത്തിന് ഇന്ന് 27 വയസ്’; ശ്രദ്ധേയമായി കുറിപ്പ്

സഫീർ അഹമ്മദ് എഴുതിയ കുറിപ്പ് വായിക്കാം

null

പി.ബാലചന്ദ്രൻ-രാജീവ് കുമാർ-മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്ന
‘പവിത്രം’ എന്ന മികച്ച സിനിമ റിലീസായിട്ട് ഇന്നേക്ക് (ഫെബ്രുവരി 4) 27 വർഷങ്ങൾ…
അതെ,ചേട്ടച്ഛന്റെ സ്നേഹവും വാൽസല്യവും മലയാള സിനിമ പ്രേക്ഷകർ അനുഭവിച്ചിട്ട്, ചേട്ടച്ഛൻ പ്രേക്ഷകരുടെ ഒരു നൊമ്പരമായിട്ട് ഇന്നേക്ക് 27 വർഷങ്ങൾ…

പവിത്രം,പേര് പോലെ തന്നെ സുന്ദരമാണ്, നിഷ്കളങ്കമാണ് ആ സിനിമയിലെ മുഖ്യ കഥാപാത്രമായ ഉണ്ണികൃഷ്ണനും മറ്റു പ്രധാന കഥാപാത്രങ്ങളും…പരസ്പരം സ്നേഹം കൊണ്ട് വരിഞ്ഞ് മുറുകപ്പെട്ടവർ…സ്വന്തം അമ്മ ഗർഭണിയാണെന്ന് അറിയുമ്പോൾ വളരെയധികം സന്തോഷിക്കുന്ന,അമ്മയെ ശുശ്രുഷിക്കുന്ന,അമ്മയുടെ മരണത്തോട് കൂടി,അച്ഛൻ നാട് വിട്ട് പോയതോട് കൂടി കുഞ്ഞനിയത്തിയുടെ പൂർണ സംരക്ഷണം ഏറ്റെടുക്കേണ്ടി വന്ന,കുഞ്ഞനിയത്തിയെ പൊന്ന് പോലെ വളർത്താൻ വേണ്ടി പ്രണയിച്ച പെണ്ണിനെ ഉപേക്ഷിക്കുന്ന, അനിയത്തിക്കുട്ടി വളർന്നപ്പൊൾ തന്നിൽ നിന്ന് അകലുന്നത് നിസ്സഹായതയോടെ നോക്കി നില്ക്കേണ്ടി വന്ന,പണ്ട് പ്രണയിച്ച് ഉപേക്ഷിച്ച പെണ്ണിനെ വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കുന്ന,അവസാനം കുഞ്ഞനിയത്തിയെ നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ മനസിന്റെ സമനില തെറ്റിയ ഉണ്ണികൃഷ്ണന്റെ കഥ അതിമനോഹരമായിട്ടാണ്, ഹൃദയസ്പർശിയായിട്ടാണ് പി.ബാലചന്ദ്രനും രാജീവ് കുമാറും കൂടി അവതരിപ്പിച്ചിരിക്കുന്നത്…

മോഹൻലാൽ എന്ന നടന്റെ അഭിനയ മികവ് തന്നെയാണ് പവിത്രം എന്ന സിനിമയുടെ മുഖ്യ ആകർഷണം…ഒരേ സമയം അച്ഛന്റെയും ചേട്ടന്റെയും സ്നേഹവും കരുതലും ലാളനയും വേദനയും ഒക്കെ എത്ര സൂക്ഷ്മതയോടെയാണ്,എത്ര അഴകോടെയാണ് ചേട്ടച്ഛനിലൂടെ മോഹൻലാൽ പകർന്നാടിയിരിക്കുന്നത്….
മോഹൻലാലിന് ഒപ്പം തന്നെ പവിത്രത്തിലെ മറ്റു നടീനടന്മാരും അവരവരുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു…അതിൽ എടുത്ത് പറയേണ്ടത് പുഞ്ചിരി ചേച്ചിയെ അവതരിപ്പിച്ച KPAC ലളിതയുടെ പ്രകടനമാണ്…അങ്ങേയറ്റം ഭാവശുദ്ധിയോടെയാണ് പുഞ്ചിരി ചേച്ചി എന്ന നിഷ്കളങ്കയായ സ്ത്രീയെ KPAC ലളിത അവതരിപ്പിച്ചിരിക്കുന്നത്… മോഹൻലാലിനൊപ്പം ഉള്ള KPAC ലളിതയുടെ ഏറ്റവും മികച്ച പ്രകടനവും മുഴുനീള കഥാപാത്രവും പവിത്രത്തിലേതായിരിക്കാം…

മോഹൻലാലിന്റെ അതിഗംഭീര അഭിനയ പ്രകടനം കണ്ട് മനസ് നിറയണമെങ്കിൽ,തെല്ല് നൊമ്പരത്തോടെ കണ്ണ് നിറയണമെങ്കിൽ, സ്നേഹിക്കാൻ,സ്നേഹിക്കപ്പെടാൻ കഴിയുന്നത് എത്ര വലിയ ഭാഗ്യമാണെന്ന് ഒരിക്കൽ കൂടി മനസിലാകണമെങ്കിൽ പവിത്രം ഇടയ്ക്കിടെ ഒന്ന് കണ്ടാൽ മതി…താളവട്ടം,പാദമുദ്ര,കിരീടം, ദശരഥം,വരവേൽപ്പ്,ഭരതം,സദയം, ചെങ്കോൽ,ഇരുവർ, വാനപ്രസ്ഥം, തന്മാത്ര തുടങ്ങിയ അതിസുന്ദരമായ മോഹൻലാൽ പെർഫോമൻസുകളുടെ ഒപ്പം തന്നെ ചേർത്ത് വെയ്ക്കാവുന്ന പെർഫോമൻസ് തന്നെയാണ് പവിത്രത്തിലേതും…
പവിത്രത്തിൽ ഒരു രംഗമുണ്ട്,മീനാക്ഷി എക്സ്കർഷന് പോകാൻ ചേട്ടച്ഛനോട് സമ്മതം ചോദിച്ചിട്ട് സമ്മതം കിട്ടാതെ പിണങ്ങി പോകുന്നതും,അതിന് ശേഷം മീനാക്ഷിയുടെ തലയിൽ എണ്ണ പുരട്ടാനായി ചേട്ടച്ഛൻ വന്ന് മീനാക്ഷിയുടെ പിറകിൽ ഇരിക്കുന്നതുമായ രംഗം..
‘അച്ഛനൊരു പഴഞ്ചൻ മട്ടുക്കാരനല്ലയൊ, ഈ എകസ്കർഷന്റെയും കുന്തത്തിന്റെയും കാര്യം പറഞ്ഞാൽ അവിടെ പിടിക്കത്തില്ല, അപ്പൊ വായിൽ തോന്നിയതൊക്കെ പറയും’ എന്നും പറഞ്ഞ് പാത്രത്തിൽ നിന്നും കൈകളിലേയ്ക്ക് എണ്ണ പകർത്തി മീനാക്ഷിയുടെ മുടിയിഴകളിൽ എണ്ണ മെല്ലെ തേയ്ക്കുമ്പോൾ അവൾ നീരസം പ്രകടിപ്പിക്കുന്നതും അപ്പൊൾ ‘ഈ എണ്ണ പുരട്ടി തരുന്നത് അച്ഛനല്ല, ചേട്ടനാ’ എന്ന് ചേട്ടച്ഛൻ പറഞ്ഞിട്ടും പിണക്കം മാറാതെ, എണ്ണ പുരട്ടാൻ സമ്മതിക്കാതെ ഇരിക്കുന്ന മീനാക്ഷിയോട് വീണ്ടും ‘അച്ഛൻ അറിയാതെ നിന്നെ ഞാൻ എല്ലായിടവും കൊണ്ട് പോയി കാണിച്ച് തരാം’ എന്ന് പറഞ്ഞ് മീനാക്ഷിയുടെ തലയിൽ കൈ വെച്ച് സത്യം ചെയ്ത് പതിയെ മുടിയിൽ എണ്ണ പുരട്ടുന്നതും ചേട്ടത്തിയുടെ കാര്യം പറയുമ്പോൾ വീണ്ടും മീനാക്ഷിയോട് ദേഷ്യപ്പെട്ടിട്ട് ഉടനെ ‘അച്ഛൻ” എന്ന് ചേട്ടച്ഛൻ പറയുന്ന രംഗം..ഈ രംഗത്തിൽ സംഭാഷണങ്ങളോടൊപ്പം തന്നെ വളരെ സ്വഭാവികമായ ഒഴുക്കോടെയാണ് മോഹൻലാലിന്റെ കൈകൾ ചലിക്കുന്നത്…മോഹൻലാൽ എന്ന നടനോളം ഇത്രമേൽ അനായാസമായി അഭിനയിക്കാൻ അറിയാവുന്ന വേറെ ഒരു നടനുമില്ല എന്ന് ഒരിക്കൽ കൂടി അടിവരയിട്ട് പറയാവുന്ന രംഗം…ഒരു രംഗം പൂർണതയിൽ എത്തിക്കുന്നതിൽ മുഖഭാവങ്ങൾക്കും സംഭാഷണങ്ങൾക്കും ഒപ്പം തന്നെ നടീനടന്മാരുടെ ശരീരഭാഷയ്ക്കും ഒരു മുഖ്യ പങ്ക് ഉണ്ട്,അതിൽ മോഹൻലാൽ എന്ന നടന് ഒരു പ്രത്യേക വൈഭവം ഉണ്ട്,ആ ശൈലിക്ക് വല്ലാത്തൊരു ആകർഷണീയതയുമാണ്..

പവിത്രം എന്ന സിനിമ ഒരുപാട് രസകരമായ, വൈകാരികമായ,ഹൃദയസ്പർശിയായ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്….
കഥയുടെ മുക്കാൽ ഭാഗവും നടക്കുന്ന ആ പഴയ വലിയ വീടും പശ്ചാത്തലവും തന്നെ കണ്ണിന് കുളിർമ നല്കുന്നതാണ്,മനസിന് സന്തോഷം തരുന്നതാണ്…
മുടിയേറ്റ് നടക്കുമ്പോൾ മീരയെയും ഉണ്ണിയെയും പുഞ്ചിരി ചേച്ചി കൈ കാട്ടി വിളിക്കുന്ന രംഗം,’നിന്ന് ചിരിക്കാതെ ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്ക്’ എന്ന് ഉണ്ണി മീരയോട് പറയുന്നതോട് കൂടി ആരംഭിക്കുന്ന ‘ശ്രീരാഗമൊ’ എന്ന ഗാനരംഗം, അമ്മയ്ക്ക് ഗർഭം ആണെന്ന് പുഞ്ചിരി ചേച്ചി ഉണ്ണിയോട് പറയുന്ന രംഗം,കൂടെയുള്ള ഇന്നസെന്റിന്റെ എരുശ്ശേരിയുടെ പ്രകടനം, അമ്മയ്ക്ക് പച്ച മാങ്ങയും കൊണ്ട് ഉണ്ണി ഓടി വരുന്ന രംഗം,വിശേഷം അറിഞ്ഞ് ശ്രീനിവാസന്റെ രാമകൃഷ്ണൻ വരുന്ന രംഗം, അതിന് ശേഷം അമ്മയ്ക്ക് പെട്ടിയിൽ നിന്ന് മരുന്ന് എടുത്ത് കൊടുക്കുന്ന രംഗം, അമ്മയുടെ വയറ് കാണാൻ മീര വരുന്ന രംഗം,തുടർന്നുള്ള വാലിന്മൽ പൂവും ഗാനരംഗം,അമ്മയുടെ പ്രസവത്തിനായി ഉണ്ണി ആശുപത്രിയിൽ കാത്തിരിക്കുന്നതിനിടയിൽ അടുത്തിരിക്കുന്ന വൃദ്ധനിൽ നിന്ന് ബീഡി ചോദിക്കുക്കുമ്പോൾ ‘ആ പോയത് ആരാ’ എന്ന് വൃദ്ധൻ തിരിച്ച് ചോദിക്കുന്നതും ‘നമ്മുക്ക് വേണ്ടപ്പെട്ട ആളാ’ എന്ന് കള്ളച്ചിരിയോടെ ഉണ്ണി പറയുന്ന രംഗം, കുഞ്ഞിന് പാൽ കൊടുക്കുന്നതിനിടയിൽ ‘ഇങ്ങേരുടെ സ്ഥാനത്താണ് ഞാനെങ്കിൽ ഈ കുഞ്ഞിനെ റാഞ്ചി കൊണ്ട് പോയാനെ’ എന്ന് ഉണ്ണി രാമുവിനോട് പറയുന്ന രംഗം, കുഞ്ഞിനെ കരച്ചിൽ നിർത്താനായി പുഞ്ചിരി ചേച്ചി മുലപ്പാൽ കൊടുക്കുന്ന രംഗം, ‘അമ്മ മരിച്ചതിൽ അച്ഛന് നാണം കെട്ട ഒരു പങ്ക് ഉണ്ട്’ എന്ന് ഉണ്ണി പറയുന്ന രംഗം,
കുഞ്ഞ് അച്ഛൻ എന്ന് വിളിക്കുമ്പോൾ ‘അച്ഛൻ അല്ല, ചേട്ടൻ’ എന്ന് ഉണ്ണി പറഞ്ഞ് കൊടുക്കുമ്പോൾ ‘ചേട്ടച്ഛാ’ എന്ന് വിളിക്കുന്ന രംഗം, ‘നമ്മുടെ കുഞ്ഞിന് ഇടാൻ വെച്ചിരുന്ന പേരാണ്’ എന്ന് പറഞ്ഞ് കുഞ്ഞിന് മീനാക്ഷി എന്ന് മീര പേരിടുന്ന രംഗം,
മീരയോട് കല്യാണം കഴിക്കാൻ സാധ്യമല്ല എന്ന് ഉണ്ണി പറയുന്ന രംഗം, അതിന് ശേഷമുള്ള ‘താളമയഞ്ഞു’ എന്ന ഗാനരംഗം, എക്സ്കർഷന് പോകാൻ മീനാക്ഷി സമ്മതം ചോദിക്കുമ്പോൾ ഉണ്ണി ആദ്യം ദേഷ്യപ്പെടുന്നതും പിന്നീട് ദേഷ്യപ്പെട്ടത് ചേട്ടനല്ല അച്ഛനാണെന്ന് പറയുന്ന രംഗം,
മീനാക്ഷിയുടെ മോഹിനിയാട്ടം അരങ്ങേറ്റം നടക്കുമ്പോൾ സ്റ്റേജിന്റെ ഒരു വശത്ത് നിന്ന് അത് ചേട്ടച്ഛൻ കാണുന്ന രംഗം,ചന്ദനത്തിരി മണപ്പിച്ചിട്ട് സുധീഷിന്റെ ശിവൻകുട്ടിയെ എരുശ്ശേരി ആദ്യമായി കള്ള് കുടിപ്പിക്കുന്നതും അത് കഴിഞ്ഞ് ‘എനിക്ക് അമ്മയെ കാണണം’ എന്നും പറഞ്ഞ് ശിവൻകുട്ടി കരയുന്ന രംഗം,മീനാക്ഷിയെ ഹോസ്റ്റലിൽ കൊണ്ടാക്കിയിട്ട് നാളെ വരാമെന്ന് പറയുന്ന രംഗം,തന്നെ വളർത്തിയത് വല്ല്യട്ടനേയും ചേട്ടത്തിയെയും മോശക്കാരക്കാനും നാട്ടുക്കാരുടെ സിംമ്പതി ചേട്ടച്ഛന് നേടാനുമായിരുന്നു എന്ന് മീനാക്ഷി പറയുമ്പോൾ ‘ഇവൾ നമ്മുടെ മീനാക്ഷിയല്ല, അവൾ എന്നോടിങ്ങനെ പറയത്തില്ല’ എന്ന് ചേട്ടച്ഛൻ വേദനയോടെ പറയുന്ന രംഗം, വല്ല്യട്ടന്റെ വീട്ടിൽ മീനാക്ഷിയുടെ പിറന്നാൾ ആഘോഷം നടക്കുമ്പോൾ ഒരു അപരിചിതനെ പോലെ ചേട്ടച്ഛൻ വീടിന്റെ ഗേറ്റിന്റെ മുന്നിൽ നില്ക്കുന്നതും ‘ഇന്ന് മീനാക്ഷിയുടെ പിറന്നാൾ മാത്രമല്ല നമ്മുടെ അമ്മ മരിച്ച ദിവസം കൂടിയാണ്’ എന്ന് രാമുവിനോട് പറയുന്ന രംഗം,മീരയെ വീണ്ടും തന്റെ ജീവിതത്തിലേക്ക് ഉണ്ണി ക്ഷണിക്കുന്ന രംഗം,ഇത്തരത്തിലുള്ള ഹൃദയസ്പർശിയായ രംഗങ്ങൾ പറയാൻ നിന്നാൽ ക്ലൈമാക്സ് വരെയുള്ള രംഗങ്ങൾ ഒന്നൊന്നായി പറയേണ്ടി വരും…ഈ രംഗങ്ങളൊക്കെ പ്രേക്ഷകൻ്റെ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്ന രീതിയിൽ ഹൃദയസ്പർശിയായിട്ടാണ് പി.ബാലചന്ദ്രനും സന്തോഷ് ശിവനും രാജീവ് കുമാറും കൂടി അവതരിപ്പിച്ചിരിക്കുന്നത്…

പവിത്രത്തിൽ അല്പം കല്ലുകടിയായി തോന്നിയത് മീനാക്ഷിയുടെ കോളേജ് കാമ്പസ് രംഗങ്ങളാണ്…മറ്റ് രംഗങ്ങൾക്ക് ഉണ്ടായിരുന്ന വശ്യതയും സ്വാഭാവികതയും കോളേജ് രംഗങ്ങളിൽ കൊണ്ട് വരാൻ സംവിധായകന് കഴിഞ്ഞില്ല,മറിച്ച് അങ്ങേയറ്റം കൃത്രിമത്വവും അതിഭാവുകത്വവും ആ രംഗങ്ങളിൽ നിറഞ്ഞ് നില്ക്കുകയും ചെയ്തു…

പവിത്രത്തിലെ ഏറ്റവും മികച്ച രംഗം ഏതെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയുക മനസിനെ നൊമ്പരപ്പെടുത്തുന്ന ആ മികച്ച ക്ലൈമാക്സ് രംഗം തന്നെയായിരിക്കും…എന്നാൽ ക്ലൈമാക്സിനോളം തന്നെ മികച്ച മറ്റൊരു രംഗത്തെ പറ്റി പരാമർശിച്ചില്ലെങ്കിൽ ഈ ലേഖനം ഒരിക്കലും പൂർണമാകില്ല…മീനാക്ഷിയെ നഷ്ടപ്പെടുമെന്ന് ആയപ്പോൾ,തനിച്ച് ആയെന്ന് തോന്നിയപ്പോൾ,
വീണ്ടും മീരയെ തന്റെ ജീവതത്തിലേയ്ക്ക് ക്ഷണിക്കാൻ ഉണ്ണി മീരയുടെ വീട്ടിൽ ചെല്ലുന്ന രംഗം…’മീരേ, എന്റെ കൂടെ വരാവൊ, എങ്ങോട്ടെങ്കില്ലും’ എന്ന് ഉണ്ണി ചോദിക്കുമ്പോൾ ‘ഉണ്ണിയോടെനിക്ക് പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ട്,സങ്കടം തോന്നിയിട്ടുണ്ട്,എത്രയൊ തവണ ഉണ്ണി എന്നെ വിളിക്കാൻ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിട്ടുണ്ടെന്നറിയുമൊ’ എന്ന് മറുപടി പറഞ്ഞ മീര ഉണ്ണിയെ കൊണ്ട് പോകുന്നുത് തളർന്ന് കിടക്കുന്ന അച്ഛന്റെ അരികിലേയ്ക്കാണ്…നരേന്ദ്രപ്രസാദിന്റെ കഥാപാത്രത്തെ കാണുമ്പോൾ, ‘ഈ അച്ഛനെ വിട്ട് ഞാൻ എങ്ങനെ കൂടെ വരും’ എന്ന് മീര പറയുമ്പോൾ ഉണ്ണി എന്ന കഥാപാത്രത്തിന് മോഹൻലാൽ കൊടുത്ത ഭാവങ്ങൾ വിസ്മയിപ്പിക്കുന്നതാണ്… ‘ഞാൻ വന്നില്ലെന്ന് വിചാരിച്ചോളൂ’ എന്ന് ഉണ്ണി പറയുന്ന രംഗം ഇന്നും ഒരു വിങ്ങലോടെയല്ലാതെ കണ്ടിരിക്കാൻ ആകില്ല…ഓവർ ആക്റ്റിങ്ങിലേയ്ക്ക് വഴുതി പോകാൻ സാധ്യതയുള്ള രംഗം ആയിട്ട് കൂടി ഉണ്ണി എന്ന കഥാപാത്രത്തിൻ്റെ കുറ്റബോധവും നിരാശയും വേദനയും സങ്കടവും ഒക്കെ ഞൊടിയിടയിൽ വളരെ നിയന്ത്രണത്തോടെ ഉജ്വലമായിട്ടാണ് മോഹൻലാൽ പ്രകടിപ്പിച്ചിരിക്കുന്നത്…
കണ്ണുകളിലൂടെ പ്രേക്ഷകരുമായി സംവേദനം നടത്തുന്ന മോഹൻലാൽ എന്ന നടന്റെ പ്രതിഭ എത്രത്തോളം ഉയരെയാണ് എന്ന് കാണിച്ച് തരുന്ന മറ്റൊരു രംഗമാണത്…

മുഖ്യ നടീനടന്മാരുടെ മികച്ച പ്രകടനത്തിനൊപ്പം തന്നെ എടുത്ത് പറയേണ്ട ഒന്നാണ് പവിത്രത്തിലെ അതി മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും..1990ന് ശേഷമുള്ള സിനിമ ഗാനങ്ങളിൽ ഏറ്റവും മികച്ച ഗാനം ഏതെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും നിസംശയം പറയുക ‘ശ്രീരാഗമൊ’ എന്ന ഗാനം ആയിരിക്കും…ONV യുടെ അർത്ഥസമ്പുഷ്ടമായ വരികളും ശരത്തിന്റെ മാന്ത്രിക സംഗീതവും കൂടി ചേർന്നപ്പോൾ മലയാള സിനിമ ഗാനശാഖയ്ക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നാണ്…പവിത്രം എന്ന സിനിമയിലെ ഒട്ടനവധി രംഗങ്ങൾ ഹൃദയസ്പർശിയായി അവതരിപ്പിക്കപ്പെട്ട് പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയിട്ടുണ്ടെങ്കിൽ അതിന് ശരത്തിന്റെ പശ്ചാത്തല സംഗീതം നല്കിയ പങ്ക് വളരെ വലുതാണ്…ഗാനങ്ങളുടെ ചിത്രീകരണവും അതി മനോഹരമായിട്ടാണ് രാജീവ് കുമാറും സന്തോഷ് ശിവനും കൂടി നിർവ്വഹിച്ചിരിക്കുന്നത്….

1994 ഫെബ്രുവരി 4 ന് അങ്ങാടിപ്പുറം ചിത്രാലയ തിയേറ്ററിൽ നിന്നും ആദ്യ ദിവസം കണ്ടതാണ് ഞാൻ പവിത്രം,പെരിന്തൽമണ്ണ പോളിടെക്നിക്കിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരിക്കുമ്പോൾ…ഒരിറ്റ് കണ്ണീരോടെ,അതിലേറെ നല്ലൊരു സിനിമ കണ്ട സംതൃപ്തിയോടെയാണ് അന്ന് പവിത്രം കണ്ട് തിയേറ്ററിൽ നിന്ന് ഇറങ്ങിയത്…പിന്നീട് മൂന്ന് പ്രാവശ്യം കൂടി പവിത്രം തിയേറ്ററിൽ നിന്ന് കണ്ടു, കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും…

പ്രേക്ഷകരെ ഒന്നടങ്കം നൊമ്പരപ്പെടുത്തിയ ആ ക്ലൈമാക്സ് രംഗം,ആ രംഗത്തിലെ മോഹൻലാലിന്റെ പെർഫോമൻസിനെ വിസ്മയം എന്ന പദത്തിന് മേലെ ഒന്നുണ്ടെങ്കിൽ അങ്ങനെ വേണം വിശേഷിപ്പിക്കാൻ,ഒപ്പം KPAC ലളിതയുടെയും…ഇവർ രണ്ട് പേരെക്കാൾ മികച്ച നടനും നടിയും മലയാള സിനിമയിൽ വേറെ ഇല്ല എന്ന് പോലും തോന്നി പോകും ആ രംഗത്തിൽ…
ശ്രീവിദ്യ,ശോഭന,തിലകൻ ശ്രീനിവാസൻ, ഇന്നസെന്റ്,വിന്ദുജ മേനോൻ,നെടുമുടി വേണു,നരേന്ദ്രപ്രസാദ്,സുധീഷ് എന്നിവരുടെ പ്രകടനങ്ങളും എടുത്ത് പറയേണ്ടതാണ്… പവിത്രം ഇത്ര ഹൃദ്യമായതിൽ സന്തോഷ് ശിവന്റെ ഛായാഗ്രഹണം മുഖ്യ പങ്ക് വഹിച്ചു…സിനിമയുടെ ഭൂരിഭാഗവും ഇൻഡോർ രംഗങ്ങൾ ആയിരുന്നിട്ട് കൂടി ഛായാഗ്രഹണ മികവ് കൊണ്ട് കഥ നടക്കുന്ന വീടും പരിസരവുമായിട്ട് പ്രേക്ഷകർക്ക് ഇഴുകി ചേരാൻ സാധിച്ചു,ഗൃഹാതുരുത്വം നല്കുന്നതുമായി…മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ-വിതരണ കമ്പിനിയായിരുന്ന ജൂബിലി പിക്ച്ചേർസിന്റെ അവസാന സംരംഭങ്ങളിലൊന്നായിരുന്നു പവിത്രം…1994 ലെ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് മോഹൻലാലിന് പവിത്രത്തിലെ പ്രകടനത്തിന് ലഭിച്ചു…പ്രേക്ഷകരിൽ നിന്നും വളരെ നല്ല അഭിപ്രായം നേടിയ പവിത്രത്തിന് ബോക്സ് ഓഫീസിൽ ശരാശരിക്ക് മേലെയുള്ള വിജയം മാത്രമേ നേടാനായുള്ളു…മണിച്ചിത്രത്താഴ് എന്ന എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ സിനിമ പവിത്രത്തിന്റെ വിജയത്തിന് ഒരു തടസമായി എന്ന് വേണമെങ്കിൽ പറയാം…

27 വർഷങ്ങൾക്കിപ്പുറം പുതു തലമുറയും പവിത്രത്തെ കുറിച്ച്,മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് വാനോളം പുകഴ്ത്തുന്നുണ്ടെങ്കിൽ അത് പി.ബാലന്ദ്രന്റെ തിരക്കഥയുടെ മികവ് കൊണ്ടാണ്,രാജീവ് കുമാറിന്റെ സംവിധാന പാടവം കൊണ്ടാണ്, അതിലുപരി മോഹൻലാൽ എന്ന നടന്റെ അഭിനയ ചാരുത കൊണ്ടാണ്…

NB~പവിത്രം പോലെയുള്ള പെർഫോമൻസ് ഓറിയൻറ്റഡ് സിനിമകളിൽ മോഹൻലാലിനെ കണ്ടിട്ട് വർഷങ്ങളായി…മോഹൻലാലിലെ താരത്തിനെക്കാൾ അദ്ദേഹത്തിലെ മികച്ച നടനെ ഇഷ്ടപ്പെടുന്ന എന്നെ പോലെയുള്ള പ്രേക്ഷകർക്ക് വളരെയധികം നിരാശയും വിഷമവും ഉണ്ട് ഈ കാര്യത്തിൽ…ഒപ്പം എന്ന സിനിമയിലാണ് മോഹൻലാൽ എന്ന ആ മികച്ച നടനെ ചെറിയ തോതിലെങ്കിലും അവസാനം കണ്ടത്…ഇതിനർത്ഥം ഇത്തിരക്കരപ്പക്കിയായും സ്റ്റീഫൻ നെടുമ്പള്ളിയായും ഒക്കെ അദ്ദേഹം നല്ല പ്രകടനം കാഴ്ച്ച വെച്ചിട്ടില്ല എന്നല്ല…
മോഹൻലാൽ എന്ന നടനുള്ള പൊട്ടൻഷ്യലിൻ്റെ 50% പോലും ഇപ്പോഴും ആരും ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് സംവിധായകർ തന്നെ അഭിപ്രായപ്പെടുന്നിടത്ത്
മാസ് സിനിമകൾക്കിടയിൽ വല്ലപ്പോഴും അഭിനയ പ്രാധാന്യമുള്ള സിനിമകളും അദ്ദേഹം ചെയ്തിരുവെങ്കിൽ എന്ന് ആശിച്ച് പോകുകയാണ്… മോഹിപ്പിക്കുന്ന,വിസ്മയിപ്പിക്കുന്ന ആ ലാൽ ഭാവങ്ങളുടെ ആറാട്ടിനായി കാത്തിരിക്കുന്നു…

സഫീർ അഹമ്മദ്

cp-webdesk

null