Cinemapranthan

‘എമ്പുരാൻ’; ലൊക്കേഷൻ ഹണ്ടിങ് അവസാനിച്ചു: ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കും

‘എമ്പുരാൻ’ തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ ലൊക്കേഷൻ ഹണ്ടിങ് ആണെന്നാണ് വിവരം

null

ആരാധകർ വളരെയേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാൻ’. മോഹൻലാലിനെ നായകനാക്കി പ്രിത്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറിന്റെ’ രണ്ടാം ഭാഗമായ ‘എമ്പുരാൻ’നെക്കുറിച്ചുള്ള അപ്ഡേഷനുകൾ സോഷ്യൽ മീഡിയയിലും മറ്റും തരംഗമാവാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ട് അവസാനിച്ചെന്നും സിനിമയുടെ ചിത്രീകരണം ഈ വർഷം ഓഗസ്റ്റിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വരുകയാണ്. ആറുമാസത്തോളമായി നടന്ന ലൊക്കേഷൻ ഹണ്ട് യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചെന്നും, ലൂസിഫറിൽ പോലെ മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടോവിനോ എന്നിവരും ചിത്രത്തിലുണ്ടാകുമെന്നും ആണ് വിവരം. എന്നാൽ മറ്റ് താരങ്ങളുടെ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല.

ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവും പദ്ധതിയിട്ടിരിക്കുന്ന ‘എമ്പുരാൻ’ തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ ലൊക്കേഷൻ ഹണ്ടിങ് ആണെന്നാണ് വിവരം. ഇന്ത്യക്ക് പുറമെ മറ്റ് അഞ്ച് രാജ്യങ്ങളിലും ‘എമ്പുരാന്റെ’ ചിത്രീകരണം നടക്കും. അതേസമയം, ആശിർവാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസും തെന്നിന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ‘എമ്പുരാൻ’ നിർമ്മിക്കുന്നതിനായി ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.

2019 ൽ റിലീസ് ചെയ്ത ‘ലൂസിഫർ’ നടൻ പ്രിത്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ്. തിയറ്ററിൽ വൻ വിജയമായി മാറിയ ചിത്രം മികച്ച കളക്ഷൻ ആണ് നേടിയത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് പ്രതിനായക വേഷത്തിലെത്തിയ ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഒരുക്കിയത് മുരളി ഗോപിയായിരുന്നു.

cp-webdesk

null