കോവിഡ് പ്രതിസന്ധിയിൽ നിന്ന് തിരികെ എത്തിയ മലയാള സിനിമകളിൽ റെക്കോർഡ് നേട്ടം കൈവരിച്ച ചിത്രമായിരുന്നു ‘ദൃശ്യം 2 ‘. കോവിഡിനെ തുടര്‍ന്ന് തിയറ്ററുകൾ അടച്ചു പൂട്ടലിലായിരുന്നത് കൊണ്ട് ഒടിടി പ്ലാറ്റ്ഫോമിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്യ്തിരുന്നത്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. റെക്കോർഡ് തുകയ്ക്കാണ് ആമസോണ്‍ ‘ദൃശ്യം 2 ‘ വാങ്ങിയതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വാങ്ങിയ തുകയുടെ കണക്കുകൾ പുറത്തു വിട്ടിരിക്കുകയാണ് ലെറ്റ്സ് ഒടിടി ഗ്ലോബല്‍.
ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന പേജാണ് ലെറ്റ്സ് ഒടിടി ഗ്ലോബല്‍. ’30 കോടിക്കാണ് ആമസോണ്‍ പ്രൈം ദൃശ്യം 2 വാങ്ങിയതെന്നും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിനാല്‍ ആമസോണ്‍ ടീം സന്തോഷത്തിലാണെന്നും’ ഗ്ലോബല്‍ ഒടിടി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഡിസംബർ 19–ന് ആണ് ആമസോണ്‍ പ്രൈമില്‍ ദൃശ്യം 2 റിലീസ് ചെയ്തത്.
ലോകത്തിലെ ഏറ്റവും ജനപ്രിയ സിനിമകളുടെ പട്ടികയിലും ‘ദൃശ്യം 2 ‘ ഇടം പിടിച്ചിരുന്നു. ലോകമെമ്പാടും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം മികച്ച വിജയമായിരുന്നു. മോഹൻലാൽ നായകനായ ‘ദൃശ്യം 2 ‘ സംവിധാനം ചെയ്തത് ജീത്തു ജോസഫ് ആണ്. മീനയാണ് നായികാ. അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത് എന്നിവർക്കൊപ്പം മുരളി ഗോപി, സായികുമാര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.