സത്യജിത് റേ , ഋത്വിക് ഘട്ടക് , മൃണാൾ സെൻ തുടങ്ങിയ ഇന്ത്യൻ ഇതിഹാസ സംവിധായകർക്കൊപ്പം തന്നെ ചേർത്ത് വായിക്കേണ്ട പേരാണ് തപൻ സിൻഹ എന്നത്. കാബൂളിവാല (1957), ലൗഹ-കപത് , സഗീന മഹതോ (1970), അപഞ്ജൻ (1968), ക്ഷുധിത പാഷൻ , കുട്ടികളുടെ ചിത്രമായ സഫേദ് ഹാത്തി (1978) തുടങ്ങിയ മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്‌ത അദ്ദേഹം ഹിന്ദി സിനിമയിലും ബംഗാളി സിനിമയിലും പ്രവർത്തിച്ച ഒരു ബംഗാളി ചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തും, സംഗീത സംവിധായകനുമായിരുന്നു.
1946-ൽ കൊൽക്കത്തയിലെ ന്യൂ തിയേറ്റേഴ്‌സ് ഫിലിം പ്രൊഡക്ഷൻ ഹൗസിൽ സൗണ്ട് എഞ്ചിനീയറായി തൻ്റെ കരിയർ ആരംഭിച്ച സിൻഹ, പിന്നീട് 1950-ൽ ഇംഗ്ലണ്ടിലേക്ക് പോവുന്നതോടെ ആണ് സിനിമാ മേഖലയിലേക്ക് തിരിയുന്നത്. അവിടെ ചില ബ്രിട്ടീഷ് ചലച്ചിത്രങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തതോടെ സിനിമ അദ്ദേഹത്തിന്റെ ജീവ വായുവായി. സ്വന്തമായി സിനിമ ചെയ്യാനുള്ള പ്രയത്നത്തിനൊടുവിൽ 1954-ൽ തന്റെ ആദ്യചിത്രം അൻഗുഷ് അദ്ദേഹം പുറത്തിറക്കി. നാരായൺ ഗംഗോപാധ്യായയുടെ ‘സൈനിക്’ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് തപൻ സിൻഹ തന്റെ ആദ്യ ചിത്രം ഒരുക്കിയത്.
ആദ്യകാലങ്ങളിൽ ജോൺ ഫോഡ്, കാരോൾ റീഡ്, ബില്ലി വിൽഡർ തുടങ്ങിയ സമകാലീന ബ്രിട്ടീഷ്-അമേരിക്കൻ ചലച്ചിത്രകാരന്മാർ അദ്ദേഹത്തിൽ സ്വാധീനം ചെലുത്തിയിരുന്നു. ശേഷം തന്റേതായ ശൈലി പിൻപറ്റി ബംഗാളി, ഹിന്ദി, ഒറിയ ഭാഷകളിൽ ആയി.. സോഷ്യൽ റിയലിസം, ഫാമിലി ഡ്രാമ, ലേബർ റൈറ്റ്‌സ്, കുട്ടികളുടെ ഫാൻ്റസി എന്നിങ്ങനെ പലതരം ജോണർ സിനിമകൾ അദ്ദേഹം ഒരുക്കി.
അദ്ദേഹത്തിൻ്റെ ഏറെ പ്രശസ്തമായ ചിത്രമാണ് ‘കാബൂളിവാല’. 1957-ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയുണ്ടായി. ചിത്രം നിരവധി പുരസ്കാരങ്ങളും നേടിയെടുത്തിട്ടുണ്ട്. നിരവധി തവണ ദേശീയ അവാർഡ് നേടിയ തപൻ സിൻഹ ഇന്ത്യയുടെ തന്നെ മുഖമായിരുന്നു. ലോകമെമ്പാടുമുള്ള വിവിധ ചലച്ചിത്രമേളകളിൽ ജൂറി അംഗങ്ങളിലും അദ്ദേഹമുണ്ടായിരുന്നു.
1990-ൽ നടി അരുന്ധുതിയെ അദ്ദേഹം വിവാഹം കഴിച്ചു. അവരുടെ മകൻ ഇന്ത്യൻ ശാസ്ത്രജ്ഞൻ പ്രൊഫസർ അനിന്ദ്യ സിൻഹയാണ്.
2009 ജനുവരി 15-ന് അദ്ദേഹം ന്യുമോണിയയും സെപ്റ്റിസീമിയയും ബാധിച്ച് അദ്ദേഹം അന്തരിച്ചു
ഇന്ത്യൻ സിനിമ കണ്ട മികച്ച സംവിധായകരുടെ നിരയിൽ ചേർത്തുവെക്കേണ്ട പേര് വീണ്ടുമൊന്നു ഓർമ്മിപ്പിക്കാനാണ് പ്രാന്തന്റെ ഈ കുറിപ്പ്