റോയ് വി ടി എഴുതുന്നു..
80കളുടെ രണ്ടാം പകുതിയിലും 90കളുടെ ആദ്യ പകുതിയിലും മലയാള ചലച്ചിത്രരംഗത്ത് അതിശക്തമായ ഒരു സെക്സ്‌തരംഗം നിലനിന്നിരുന്നു.അതിനുമുമ്പും മലയാളത്തിൽ ധാരാളമായി ഗ്ലാമർ പ്രദർശനം എടുത്തുപറയാൻ ഉണ്ടെങ്കിലും അവയിൽ ബഹുഭൂരിപക്ഷവും അക്കാലത്തെ തമിഴ്/ തെലുങ്കു ചിത്രങ്ങളുടെ മാതൃകയിൽ സ്റ്റണ്ടും കുതിരയോട്ടവും പ്രതികാരവും ഒക്കെയുള്ള ആക്ഷൻ ചിത്രങ്ങളിൽ മേമ്പൊടിയെന്നോണം കാബറെയും ബലാത്സംഗവും ഒക്കെ ഉൾപ്പെടുത്തിയിരുന്നു എന്നേയുള്ളൂ.പക്ഷെ പോസ്റ്റിൽ ആദ്യമേ സൂചിപ്പിച്ച കാലഘട്ടത്തിൽ സെക്സ് രംഗങ്ങൾക്ക് അമിതപ്രാധാന്യം നല്കി ചുരുങ്ങിയ ചെലവിൽ തട്ടിക്കൂട്ടിയെടുത്ത ചിത്രങ്ങളായിരുന്നു ധാരാളമായി വന്നിരുന്നത്.പില്ക്കാലത്ത് 2000 – ’02 കാലഘട്ടത്തിൽ വന്ന ഷക്കീല തരംഗവും സമാനമായിരുന്നെങ്കിലും ഇത്രത്തോളം ശക്തമായിരുന്നില്ല. വളരെ ചുരുങ്ങിയ കാലഘട്ടം മാത്രമേ അത് നിലനിന്നുള്ളൂ)
കരിയറിന്റെ തുടക്കകാലത്ത് ഭേദപ്പെട്ട ചിത്രങ്ങൾ ഒരുക്കിയിരുന്ന K.S.ഗോപാലകൃഷ്ണൻ, P.ചന്ദ്രകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഞാൻ ആദ്യം സൂചിപ്പിച്ച കാലഘട്ടത്തിലെ സെക്സ് തരംഗം വീശിയടിച്ചത്. ആഷാഖാൻ, ജയദേവൻ, P.K.കൃഷ്ണൻ,ജോസഫ് വട്ടോലി, തുടങ്ങിയ സംവിധായകരും അഭിലാഷ, ഉമാ മഹേശ്വരി, സുഗന്ധി,ജയലളിത (മുഖ്യമന്ത്രിയല്ല), യുവശ്രീ, പ്രിയങ്ക, V.I.P മിനി തുടങ്ങിയ നടിമാരും ഇത്തരം ചിത്രങ്ങളുടെ നെടുംതൂണുകളായി നിറഞ്ഞുനിന്നു.
ക്യാപ്റ്റൻ രാജു, സത്താർ, രാമു, ഭീമൻ രഘുതുടങ്ങിയ കൊലകൊമ്പന്മാരുംപപ്പു, മാള, ജഗതി, പൂജപ്പുര തുടങ്ങിയ ജഗജില്ലികളും ഭാഗമായ ഇവയിലൊക്കെ ബബുലു, കപിൽ, കിരൺ, ജയദേവൻ തുടങ്ങിയ യുവകോമളന്മാർ നായകത്വം വഹിച്ചു.പൊതുവേ നിലവാരമില്ലാത്ത ചിത്രങ്ങളായി വിലയിരുത്തുമ്പോഴും അവയിൽ ചിലതിനെങ്കിലും എടുത്തു പറയേണ്ട ചില സവിശേഷതകൾ ഉണ്ടായിരുന്നു.
ബൈബിളിനെ ആസ്പദമാക്കി P.ചന്ദ്രകുമാർ അണിയിച്ചൊരുക്കിയ ആദ്യപാപം ആയിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം.കലാപരമായും സാങ്കേതികപരമായും മികവു പുലർത്തിയ ആദ്യപാപം അക്കാലത്ത് തിയേറ്ററിൽ കാണുമ്പോൾ ഛായാഗ്രഹണമൊക്കെ ഹോളിവുഡ് നിലവാരം പുലർത്തിയതു പോലെ തോന്നി (ഇപ്പോൾ YouTubeലുള്ള മങ്ങിയ പ്രിന്റ് കണ്ടാൽ അങ്ങനെ തോന്നണമെന്നില്ല).P.ചന്ദ്രകുമാറിന്റെ കല്പനാഹൗസ് എന്ന ഹൊറർചിത്രവും സാങ്കേതികമായി മികവു പുലർത്തിയിരുന്നു. തുളസീദാസിന്റെ ലയനം ആയിരുന്നു ഭേദപ്പെട്ട നിലവാരം പുലർത്തിയ മറ്റൊരു ചിത്രം. K.S.ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മലയത്തിപ്പെണ്ണ് മികച്ച ഗാനങ്ങളാലും ശ്രദ്ധേയമായി. മട്ടിച്ചാറ് മണക്കണ് മണക്കണ് …കളകളം കിളിചിലച്ച് പാടണ് …തുടങ്ങിയ ഗാനങ്ങൾ അക്കാലത്ത് തരംഗമായിരുന്നു.
കൊല്ലം ജില്ലയിലെ പുനലൂരിനടുത്തുള്ള തെന്മല വനമേഖല ആയിരുന്നു ഇത്തരത്തിലുള്ള മിക്ക ചിത്രങ്ങളുടേയും ലൊക്കേഷൻ. സമീപത്തെ ലോക്കൽ ലോഡ്ജുകളിൽ സഹസംവിധായകരും ജൂനിയർ ആർട്ടിസ്റ്റുകളും പ്രൊഡക്ഷൻ ബോയ്സും മറ്റു സഹായികളും ഒക്കെ തങ്ങുമ്പോൾ പ്രധാന താരങ്ങളും സംവിധായകരും പുനലൂരിലെ വലിയ ഹോട്ടലുകളിൽ താമസിക്കും. പുനലൂരിനും തമിഴ്നാട്ടിലെ തെങ്കാശിക്കും ഇടയിൽ പൊതുവേ തിരക്കുകുറഞ്ഞ പ്രദേശമായതിനാൽ കാടിന്റെ പശ്ചാത്തലത്തിൽ സ്വസ്ഥമായി ചിത്രീകരണം നടത്താനുള്ള സൗകര്യമുണ്ടായിരുന്നു. കാട്ടാറിന്റെ തീരത്ത് വിവിധ ചിത്രങ്ങൾക്കു വേണ്ടി കുളിസീൻ ചിത്രീകരിക്കാനായി സ്ഥിരമായുള്ള കുളിക്കടവുകളും സജ്ജമാക്കിയിരുന്നു.നിർമ്മാതാവും സംവിധായകരും അറിയപ്പെടുന്ന അഭിനേതാക്കളും ഒക്കെ മാറിമാറി വന്നാലും തെന്മല കേന്ദ്രീകരിച്ചുള്ള ചിത്രങ്ങളിൽ സാങ്കേതിക രംഗത്തുള്ളവർക്കും ജൂനിയർ ആർട്ടിസ്റ്റുകൾക്കും മിക്കവാറും മാറ്റം ഉണ്ടാകില്ല.
ഒരുകാലത്ത് മിനി കോടമ്പക്കം ആയി അറിയപ്പെട്ടിരുന്ന തെന്മലയിൽ ഒരു ചിത്രത്തിനു വേണ്ടി ഒരുക്കുന്ന സെറ്റുകളും കോസ്‌റ്റ്യൂംസും ഒക്കെ അടുത്ത ചിത്രത്തിനും അതിന്റടുത്ത ചിത്രത്തിനും ഒക്കെ ഉപയോഗിച്ചിരുന്നു.
ചാരായഷാപ്പ്, കുടിൽ, കൂടാരം, കയറുപാലം, ഏറുമാടം തുടങ്ങിയവയൊക്കെ ഒന്നുതന്നെ വിവിധ ചിത്രങ്ങളിൽ കാണാവുന്നതാണ്.അതുപോലെ കാട്ടുപെണ്ണുങ്ങളുടെ അല്പവസ്ത്രങ്ങൾ, ചാരായക്കാരിയുടെ കൈലി / ബ്ലൗസ്,വേട്ടക്കാരന്റെ ട്രൗസർ, ജാക്കറ്റ്, ഹാറ്റ്, ഗൺ,ആദിവാസികളുടെ പൂജാവിഗ്രഹം തുടങ്ങിയവയൊക്കെ യാതൊരു വ്യത്യാസവും ഇല്ലാതെ പല ചിത്രങ്ങളിലും മാറിമാറി ഉപയോഗിച്ചു.
കാടിനുള്ളിലെ കൂടാരത്തിന്റെയും കുടിലിന്റെയും ഒക്കെ ഉൾവശമായി ചില ലോഡ്ജ്മുറികൾ സജ്ജമാക്കി ആരുടെയും ശല്യമില്ലാതെ കിടപ്പറരംഗങ്ങൾ ചിത്രീകരിക്കാനും കഴിഞ്ഞിരുന്നു.അത്തരം രംഗങ്ങളൊക്കെ പലപ്പോഴും പ്രധാന സംവിധായകർ നേരിട്ടായിരിക്കില്ല ചിത്രീകരിക്കുന്നത്.സഹസംവിധായകർക്ക് പയറ്റിത്തെളിയാനുള്ള ഒരു അവസരമായിരുന്നു അതൊക്കെ. കരിനാഗം, കാളരാത്രി, ഭീകരൻ,
ചാരവലയം, അവളുടെ കഥ,വാടകഗുണ്ട, രതി, കാനനസുന്ദരി,മലയത്തിപ്പെണ്ണ്, അവളെന്റെ ലഹരി,രതിഭാവം, ഇവളെന്റെ കാമുകി,ചുവന്ന കണ്ണൂകൾ, ക്രൂരൻ,അഞ്ചരയ്ക്കുള്ള വണ്ടി, മൗനദാഹം,ഈണംതെറ്റാത്ത കാട്ടാറ്,ആദ്യമായി, അവളറിയാതെ, ആലസ്യം, ചുവപ്പുനാട, അപൂർവ്വസംഗമം, റെയ്ഡ് തുടങ്ങി എത്രയെത്ര മാദകമലരുകൾ ആ വസന്തകാലത്ത് വിടർന്നു പരിലസിച്ചു !ചിത്രീകരണം തുടങ്ങിയശേഷം ഇടയ്ക്കുവച്ച് മുടങ്ങിയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ ചിത്രങ്ങളും ധാരാളമുണ്ട്.സാമ്പത്തിക പ്രതിസന്ധി മാത്രമല്ല അതിനുകാരണം.ചില പ്രത്യേക ലക്ഷ്യത്തോടെ സിനിമയെടുക്കാൻ വരുന്ന നിർമ്മാതാക്കൾക്ക് ചിത്രീകരണത്തിന്റെ ആദ്യരാത്രിയിൽത്തന്നെ ലക്ഷ്യം സാക്ഷാത്കരിക്കാൻ സാധിച്ചാൽ പിന്നീട് പണം മുടക്കാൻ താല്പര്യമില്ലാതെ വച്ചൊഴിയുന്നതും പതിവായിരുന്നു.
’90കളുടെ മധ്യത്തോടെ സെൻസർ നിയമങ്ങൾ കൂടുതൽ കർശനമായതോടെ മലയാളത്തിലെ സെക്സ് തരംഗത്തിന് താല്ക്കാലികമായി ഒരു ശമനം വന്നു.അതോടെ തെന്മല കേന്ദ്രീകരിച്ചുള്ള സമാന്തര സിനിമാലോകവും ഇല്ലാതായി.പിന്നീട് സെൻസർ നിയമങ്ങൾ മറികടക്കാനായി ഇത്തരം സിനിമകൾ മലയാളത്തിന്റെ ചെലവുകുറഞ്ഞ ടെക്നീഷ്യൻസിനെ ഉപയോഗപ്പെടുത്തി കേരളത്തിനു പുറത്ത്(ചെന്നൈയിലോ ബാംഗ്ലൂരിലോ) ചിത്രീകരിച്ച് ഇംഗ്ലീഷ് ചിത്രങ്ങളായി സെൻസർ ചെയ്ത് പ്രാദേശികഭാഷകളിൽ ഡബ്ബ് ചെയ്ത് പ്രദർശനത്തിനെത്തിയിരുന്നു.അതിനും ശേഷമുള്ള കാലഘട്ടത്തിലായിരുന്നു വിഖ്യാതമായ ഷക്കീലതരംഗം.
കടപ്പാട് : റോയ് വി ടി -മൂവി സ്ട്രീറ്റ്