അടുത്ത വീട്ടിലെ ടെലിവിഷനിൽ.. ചങ്ങാതിമാർക്കൊപ്പം സിമെന്റ് കാവി മെഴുകിയ നിലത്തിരുന്ന്.. ഒന്ന് ഉറക്കെ ചിരിച്ചാൽ പോലും ടെലിവിഷൻ ഓഫ് ചെയ്യുന്ന കാലത്താണ് റാംജീ റാവുവും, ഹരിഹർനഗറും, ഗോഡ്ഫാദറും, വിയറ്റ്നാം കോളനിയും എല്ലാം കാണുന്നത്. പൊട്ടി ചിരിക്കാനുള്ള തമാശകൾക്ക് പോലും പേടിച്ചു ചിരിക്കാതെ ഒതുക്കി പിടിച്ച് നിൽക്കുമ്പോഴും അറിയാതെ നിയന്ത്രണം വിട്ട് പൊട്ടിച്ചിരിച്ചു പോയതിനു റിമോട്ട്മായി കസേരയിൽ ഇരിക്കുന്ന വീട്ടുടമസ്ഥന്റെ കയ്യിൽ നിന്ന് കണക്കിന് വഴക്കു കേട്ടത് ഇപ്പഴും ഓർമയുണ്ട്.. സത്യം പറഞ്ഞാൽ അന്ന് അങ്ങേരോട് തോന്നാത്ത ദേഷ്യമായിരുന്നു അമ്മാതിരി പൊട്ടിച്ചിരിപ്പിക്കുന്ന കോമഡിയെഴുതി ഉണ്ടാക്കിയ സിദ്ധിക്ക് ലാലിനോട്.
സിദ്ധിക്ക്ലാൽ.. അയാളുടെ മുഖം അറിയില്ലെങ്കിലും ആ പേര് അന്ന് മുതലേ മനസിൽ കയറി കൂടിയിട്ടുണ്ട്.. പിന്നീടെപ്പോഴോ സിനിമയെ അറിഞ്ഞ കാലത്താണ് അത് ഒരാളല്ല രണ്ടുപേരാണെന്ന് തിരിച്ചറിയുന്നത്. അവരെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ മുതൽ അവരോട് ആരാധനയായി.
കൊച്ചിയിലെ പുല്ലേപ്പടിയിൽ വൈകുന്നേരങ്ങളിൽ ഒത്തുകൂടിയ രണ്ടു പേര് മിമിക്രി കലാകാരൻമാർ വേദികളെ കയ്യിലെടുത്ത് മുന്നേറവെ സംവിധായകൻ ഫാസിൽ നൊപ്പം സഹ സംവിധായകനായി ചേരുകയും പിന്നീട് അവർ ഒരുമിച്ച് തിരക്കഥ എഴുതാൻ തീരുമാനിച്ചതും.. ഒരുമിച്ച് സംവിധാനം ചെയ്യാൻ തീരുമാനിച്ചതുമെല്ലാം വെറും നിമിത്തം മാത്രമല്ലെന്നതും.. കണ്ടതും കടന്നുപോയതും ആയ ജീവിതാനുഭവങ്ങളെ നര്‍മത്തില്‍ ചാലിച്ച് കഥയാക്കി പ്രേക്ഷകന് കാണിക്കാനുള്ള അവരുടെ വിരുതും കൂടി ആയിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ആ ആരാധന മൂർധിക്കുകയായിരുന്നു. ആ വിരുതിൽ നിന്നും റാംജിറാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല, മാന്നാർ മത്തായി സ്പീക്കിങ്, പോലുള്ള കിടിലൻ എന്റെർറ്റൈനെറുകൾ എല്ലാം ഉണ്ടാക്കിയപ്പോൾ… നിരന്തരമായുള്ള വിജയങ്ങളിൽ അഹങ്കരിക്കാതെ വീണ്ടും ഒരുമിച്ച് സിനിമയെടുത്ത അവരോട് ആരാധനക്കൊപ്പം ബഹുമാനവും തോന്നി തുടങ്ങുകയായിരുന്നു.
കരിയറിൽ ഒരു ഫ്ലോപ്പ് സിനിമ പോലും ഇല്ല എന്നുമാത്രമല്ല.. ആ കൂട്ടുകെട്ടിൽ പിറന്നതത്രയും സൂപ്പർ ഹിറ്റുകളാണ്. 1989 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തില്‍ ആറ് സിനിമകളായിരുന്നു തിരക്കഥയെഴുതി സംവിധാനം ചെയ്ത് പുറത്തെത്തിയത്. പിന്നീട് ലാൽ അഭിനയത്തിലേക്കും സിദ്ധീക്ക് സംവിധാനത്തിലേക്കും ചുവടുമാറ്റുമ്പോഴായിരുന്നു ആ കൂട്ടുകെട്ടിന് അവസാനം ഉണ്ടായത്.
‘സിദ്ധിക്ക്ലാൽ’ വർഗീയ കോമരങ്ങൾ പേര് നോക്കി സിനിമ കാണുന്ന കാലത്ത് ആ പേര് ഒരു അടയാളമായിരുന്നു. ജാതി മതത്തിനപ്പുറം കലയിൽ തീർത്ത ഒറ്റപേരയിരുന്നു അത്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ നൊസ്റ്റാൾജിയ ആണ് സിദ്ധിക്ക്ലാൽ എന്ന് പേര്
ഇന്നലെ അവരൊലൊരാളുടെ മരണ വാർത്ത കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിയെത്തിയതും കുട്ടികാലത്തെ ആ അയൽവീട്ടിലെ ടെലിവിഷൻ കണ്ടുകൊണ്ടുള്ള ചിരിയായിരുന്നു.. ഈ കുറിപ്പെഴുതുമ്പോൾ അതൊരു കരച്ചിലും