പ്രണയവും നർമ്മവും നിറച്ചെത്തുന്ന ചിത്രമാണ് ‘അനുരാഗം’. വൺവേ പ്രണയിതാക്കളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷഹദ് നിലമ്പൂർ ആണ്. അശ്വിൻ ജോസ്, ഗൗരി ജി. കിഷൻ സംവിധായകൻ ഗൗതം വാസുദേവ മേനോൻ, ജോണി ആന്റണി, ഷീല, ലെന എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തികച്ചും പ്രണയത്തിനൊപ്പം നർമ്മവും ഇടകലർത്തി എത്തിയത് മികച്ച കാഴ്ചാനുഭവം തന്നെയാണ് നൽകിയത്. നടി ദേവയാനി ഒരിടവേളക്ക് ശേഷം തിരികെയെത്തുന്നുവെന്ന പ്രത്യേകതയും കൂടിയുണ്ട് ചിത്രത്തിന്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വിൻ ജോസാണ് രചനയും നിർവ്വഹിച്ചിരിക്കുന്നത്.
പ്രായഭേദങ്ങൾക്കും പൊതുബോധങ്ങൾക്കുമപ്പുറം പടർന്ന് നിൽക്കുന്ന പ്രണയം തന്നെയാണ് ഇവിടെയും വിഷയം. എന്നാൽ അത് നർമ്മത്തിലൂടെ വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കപ്പെട്ടു എന്നതിനാണ് സംവിധായകൻ കൈയ്യടി നേടുന്നത്. കോളേജ് പ്രണയം, പ്രായമെത്തി വൈകി വന്ന പ്രണയം, ഇടക്ക് വെച്ച് മുറിഞ്ഞു പോയ പ്രണയം എല്ലാം തിരികെ എത്തുകയും കൂടിച്ചേരുകയും ചെയ്യുന്നതാണ് കഥയുടെ അവസാനം. എല്ലാക്കാലത്തും എല്ലാ പ്രായത്തിലും എല്ലാ തരക്കാരിലും ഒരിക്കലും വറ്റി പോകാത്ത ഒന്ന് പ്രണയം തന്നെയാണ് എന്ന് സിനിമ ഓർമ്മിപ്പിക്കുന്നു. ഒപ്പം തെറ്റിദ്ധാരണകൾക്കും ഈഗോകൾക്കും അപ്പുറം സ്നേഹബന്ധങ്ങളെ വളർത്തി കൊണ്ട് വരേണ്ടതാണ് എന്ന് കൂടി ചിത്രം പറഞ്ഞു വെക്കുന്നുണ്ട്.
ഒട്ടും തന്നെ ലാഗ് വരാതെ മികച്ച രീതിയിലുള്ള മേക്കിങ് ആണ് ‘അനുരാഗം’ സിനിമയുടെ പ്രത്യേകതകളിൽ ഒന്ന്. അതിന് എഡിറ്റിംഗും പശ്ചാത്തല സംഗീതവും നിർവ്വഹിച്ച പങ്ക് വളരെ വലുതാണ്. മികച്ച എഡിറ്റിംഗും സംഗീതവും ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നു. എടുത്തു പറയേണ്ടത് അഭിനേതാക്കളുടെ പ്രകടനം തന്നെയാണ്. ചിരിപ്പിച്ചും ഇടക്ക് കണ്ണ് നനയിച്ചും പ്രേക്ഷകരുടെ ഹൃദയം തൊടാൻ ഓരോരുത്തർക്കും സാധിച്ചു. ഒരുപാട് റിലേറ്റ് ചെയ്യിക്കുന്ന രംഗങ്ങളും വികാരങ്ങളും നിറഞ്ഞതാണ് ‘അനുരാഗം’. സിനിമ കണ്ടിറങ്ങുമ്പോൾ, എവിടെയൊക്കെയോ ബാക്കി വെച്ച് പോയ, അല്ലെങ്കിൽ ഇന്നും തുടരുന്ന ആ ഇഷ്ടത്തെ ഓർക്കാതെ ഇരിക്കാനാവില്ല.വലിയ ഹൃദയഭാരമില്ലാതെ ആദ്യാവസാനം വരെ കണ്ടിരിക്കാൻ പറ്റിയ നല്ലൊരു ഫീൽ ഗുഡ് മൂവിയാണ് ‘അനുരാഗം’. ലക്ഷ്മി നാഥ് ക്രിയേഷൻസ്, സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ., പ്രേമചന്ദ്രൻ എ.ജി. എന്നിവർ ചേർന്നാണ് ‘അനുരാഗം’ നിർമ്മിച്ചിരിക്കുന്നത്.