മലയാള സിനിമയിലെ തീരാ നഷ്ട്ടം അഭിനേത്രി കെപിഎസി ലളിത വിടപറഞ്ഞിട്ട് മൂന്ന് വർഷം. കരുത്താർന്ന സ്ത്രീ കഥാപാത്രങ്ങളിലൂടെ നിറഞ്ഞാടി ഇന്നും മലയാളി മനസിൽ നിറഞ്ഞു നിൽക്കുന്ന കെപിഎസി ലളിതയുടെ ജീവിത കഥ വായിക്കാം

ആലപ്പുഴ ജില്ലയിലെ കായംകുളം താലൂക്കിലെ രാമപുരം ഗ്രാമത്തിൽ 1947 ഫെബ്രുവരി 25ന് ജനനം. മഹേശ്വരിയമ്മ എന്നാണ് ശരിയായ പേര്. പിതാവ് – കടയ്ക്കത്തറയിൽ വീട്ടിൽ കെ. അനന്തൻ പിള്ള, മാതാവ് – ഭാർഗവിയമ്മ. ഇന്ദിര, ബാബു, രാജൻ, ശ്യാമള എന്നിവർ സഹോദരങ്ങളാണ്. രാമപുരം ഗവ.ഗേൾസ് സ്കൂൾ, ചങ്ങനാശേരി വാര്യത്ത് സ്കൂൾ, പുഴവാത് സർക്കാർ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു.ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൊല്ലത്ത് ഡാൻസ് അക്കാദമിയിൽ നൃത്ത പഠനത്തിന് ചേർന്നതോടെ പഠനം മുടങ്ങി. ചങ്ങനാശേരി ഗീഥാ ആർട്ട്സ് ക്ലബിൻ്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് സജീവമായത്. ഗീഥയിലും എസ്.എൽ.പുരം സദാനന്ദൻ്റെ പ്രതിഭ ആർട്ട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷമാണ് കെ.പി.എ.സിയിൽ എത്തിയത്. ആദ്യകാലത്ത് കെ.പി.എ.സിയിൽ ഗായികയായി പ്രവർത്തിച്ചു. മൂലധനം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നീ നാടകങ്ങളിൽ ഗായികയായിരുന്ന ലളിത പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു.

അഭിനയ ജീവിതം
തോപ്പിൽ ഭാസിയാണ് കെ.പി.എ.സി ലളിത എന്ന പേരിട്ടത്. 1970-ൽ ഉദയയുടെ ബാനറിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ലളിത പിന്നീട് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കെ.പി.എ.സി ലളിത മലയാളത്തിലും തമിഴിലുമായി ഇതുവരെ 550-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം രണ്ടു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു പ്രാവശ്യവും ലഭിച്ചു. 2016 മുതൽ കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു.
1970-ൽ റിലീസായ കൂട്ടുകുടുംബം സിനിമ വിജയിച്ചതോടെ പിന്നീട് ഇറങ്ങിയ ഏകദേശം എല്ലാ സിനിമകളിലും ലളിതയ്ക്ക് വേഷം കിട്ടി. 1978-ൽ സംവിധായകൻ ഭരതനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്ന് താത്കാലികമായി ഒഴിവായെങ്കിലും 1983-ൽ ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെ മലയാളത്തിൽ വീണ്ടും സജീവ സാന്നിധ്യമായി മാറി. സന്മനസുള്ളവർക്ക് സമാധാനം, പൊന്മുട്ടയിടുന്ന താറാവ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വടക്കുനോക്കിയന്ത്രം, ദശരഥം, വിയറ്റ്നാം കോളനി, സ്ഫടികം, അനിയത്തിപ്രാവ് എന്നീ സിനിമകളിലും രണ്ടാം വരവിൽ ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച് കൈയടി നേടി.
ഏറ്റവും സവിശേഷമായ ഒരു കഥാപാത്രമായിരുന്നു അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘മതിലുകൾ’ എന്ന സിനിമയിൽ കെ.പി.എ.സി. ലളിത അവതരിപ്പിച്ച ‘നാരായണി.’ ഏകാന്തത, മുഷിപ്പ്, ജീവിതത്തോടുള്ള മുരടിപ്പ്, ഒപ്പംതന്നെ ആഗ്രഹം, പ്രതീക്ഷ, സ്നേഹത്തിനുള്ള ആർത്തി, പരുഷനെ ഭ്രമിപ്പിക്കാനുള്ള വശ്യത ഒക്കെനിറഞ്ഞ ഒരു കഥാപത്രമായിരുന്നു നാരായണി. ശബ്ദം മാത്രമേ ചലച്ചിത്രത്തിലുള്ളൂ. അത്തരമൊരു വേഷത്തിന് ലളിതയല്ലാതെ മറ്റൊരാൾ ഉണ്ടായിരുന്നില്ല എന്ന് സംവിധായകൻ തെന്നെ പറഞ്ഞിട്ടുണ്ട്.
1998-ൽ ഭരതൻ മരിച്ചതിനു ശേഷം ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയ ലളിത തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ഭരതൻ്റെ ജന്മനാടായ എങ്കക്കാട് വീട് നിർമിച്ച് സ്ഥിരതാമസമാക്കുകയായിരുന്നു. പിന്നീട് ചലച്ചിത്ര അഭിനേത്രിയെന്ന നിലയിൽ വടക്കാഞ്ചേരിയുടെ നിറസാന്നിധ്യമായി ലളിത മാറി. സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച് 1999-ൽ റിലീസായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അവർ വീണ്ടും ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. അഭിനയത്തിലെ അനായാസതയായിരുന്നു കെ.പി.എ.സി ലളിതയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥയാക്കിയ ഘടകം. ഏതു വേഷങ്ങളും ചെയ്യാൻ കഴിവുള്ള ഒരു അഭിനേത്രി കൂടിയായിരുന്നു അവർ. കോമഡി വേഷങ്ങളെ അവതരിപ്പിക്കാനുള്ള കഴിവാണ് കെ.പി.എ.സി ലളിതയെ ജനപ്രിയ നടിയാക്കി മാറ്റിയത്. 2022-ൽ റിലീസായ ഭീഷ്മപർവ്വം, ഒരുത്തി എന്നീ സിനിമകളിലാണ് കെ.പി.എ.സി ലളിത അവസാനമായി അഭിനയിച്ചത്.

കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന കെ.പി.എ.സി ലളിതയെ 2016-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാൻ മാർക്സിസ്റ്റ് പാർട്ടി തീരുമാനിച്ചപ്പോൾ സ്ഥാനാർത്ഥിയാക്കുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നായിരുന്നു ലളിതയുടെ അഭിപ്രായം. പിന്നീട് പാർട്ടി ലളിതയ്ക്ക് സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനം നൽകി
വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2022 ഫെബ്രുവരി 22ന് രാത്രി 10:45ന് അന്തരിച്ചു