ബെന്യാമിന്റെ ആടുജീവിതം വായിക്കാത്ത മലയാളികൾ ചുരുക്കമാവും.. ആടുജീവിതം സിനിമയാകുന്നു എന്നുകേട്ടപ്പോള്‍ പലരുടേയും മനസിലുയര്‍ന്ന സംശയമായിരിക്കും ഈ കൃതി എങ്ങനെ ചിത്രീകരിച്ചെടുക്കും എന്നത്. കാരണം വായനയിൽ തെളിഞ്ഞ ചിത്രങ്ങളെല്ലാം വച്ച് ലോകമലയാളികൾ എല്ലാം തന്നെ മനസ്സിൽ ചിത്രീകരിച്ചൊരു ആടുജീവിതമുണ്ടാവും.. അതിനെ എത്രത്തോളം ത്രിപ്തിപ്പെടുത്തുമെന്നതിലാണ് ആടുജീവിതത്തിന്ടെ വിജയപരാജയം.. എന്നാൽ അവിടെ ബ്ലെസ്സിയും സംഘവും പൂർണ വിജയമായി എന്ന് ആദ്യതന്നെ പറയട്ടെ.. ഗംഭീര സിനിമ അനുഭവം
വർഷങ്ങളായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ആടുജീവിതം.. ബ്ലെസി – പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം പതിനാറു വർഷക്കാലത്തെ അവരുടെ ക്ഷമയുടെയും ആത്മസമർപ്പണത്തിന്റെയും കാത്തിരിപ്പിന്റെ കഠിനാധ്വാനത്തിന്ടെയും ഫലം ആണ്
അതെ.. നീണ്ട പതിനാറു വർഷം.. ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഒരു സംവിധായകനും നടനും ഒരു സിനിമക്കായി ഇത്രകാലം മാറ്റിവച്ചുകാണില്ല.. അവരുടെ ആ സാഹസത്തിന്റെ അനന്തരഫലമായി ഇനി ഒരു സിനിമയ്ക്കു കിട്ടുന്ന പരമോന്നത പുരസ്‌കാരം കിട്ടിയാൽ പോലും അതിശയിക്കേണ്ടതില്ല.. കാരണം തിരശീലയിൽ അവർ തീർത്ത വിസ്മയമാണ് ആടുജീവിതം.
എടുത്ത് പറയേണ്ടത് പൃഥ്വിരാജ് എന്ന നടന്റെ ഗംഭീര പ്രകടനം തന്നെ ആണ്.. ഒരു സിനിമ മുഴുവൻ തോളിലേറ്റിയ അപൂർവം കഥാപാത്രങ്ങളിലൊന്നാണ് ആടുജീവിതത്തിലെ നജീബ്. പൃഥ്വി ഇല്ലാത്ത ഒരു ഫ്രെയിം പോലും വിരളമാണ് ചിത്രത്തിൽ.
നജീബിന്റെ എല്ലാ വികാര വിക്ഷോഭങ്ങളും ജീവിത യാതനകളും അദ്ദേഹം അതിമനോഹരമായി പകർന്നാടിയിട്ടുണ്ട്. അവിശ്വസിനീയമായ ബോഡി ട്രാൻസ്‌ഫോർമേഷൻ ആണ് പ്രിത്വിരാജ് ചെയ്തിരിക്കുന്നത്. അദ്ദേഹം ഈ സിനിമയ്ക്കായി എടുത്ത പരിശ്രമത്തിനു എത്ര കയ്യടിച്ചാലും മതിയാകില്ല. ഒപ്പം തന്നെ മറ്റു അഭിനേതാക്കളും അവരുടെ വേഷങ്ങൾ മികവുറ്റതാക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ സംഗീതം നിർവഹിച്ച എ.ആര്‍. റഹ്‌മാന്‍, ഛായാഗ്രഹണം നിർവഹിച്ച സുനില്‍ കെ.എസ് ഇവരെക്കുറിച്ച് പറയാതെ ആടുജീവിതത്തേക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പൂര്‍ണമാവില്ല. ചിത്രത്തിന്റെ ദൃശ്യ ശബ്ദ ഭാഷയ്ക്ക് ഇരുവരും നല്‍കിയ സംഭാവനകള്‍ അത്രത്തോളം മികച്ചതാണ്.. ചിത്രം സർവൈവൽ ഡ്രാമ സ്വഭാവം കൈവരിക്കുമ്പോൾ പശ്ചാത്തിൽ വരുന്ന സംഗീതമെല്ലാം അവിസ്മരണീയമാം വിധമാണ് റഹ്മാൻ ചെയ്ത വച്ചിട്ടുള്ളത്.
മാനുഷിക വികാരങ്ങളെ ഏറ്റവും മനോഹരമാക്കി അവതരിപ്പിച്ച സംവിധായകനാണ് ബ്ലെസ്സി.. ആടുജീവിതത്തിലേക്ക് എത്തുമ്പോഴും അത് തന്നെ ആണ് ബ്ലെസ്സിയുടെ തുറുപ്പ് ചീട്ട്. നജീബിന്റെ വേദനയും ,അതിജീവനവും നമ്മുടേത് കൂടി ആക്കി മാറ്റുകയാണ് ബ്ലെസ്സി.. ഒന്ന് കണ്ണുനനയാതെ ഉള്ളൊന്നു പിടയാതെ കണ്ടു തീർക്കാനാവില്ല ആടുജീവിതം