അർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ സഹായമഭ്യർഥിച്ച തമിഴ് നടൻ തവാസിക്ക് സഹായവുമായി നടന്മാരായ വിജയ് സേതുപതിയും ശിവകാർത്തികേയനും. ഒരു ലക്ഷം രൂപ വിജയ് സേതുപതി ഇതിനകം തവാസിയുടെ കുടുംബത്തിന് എത്തിച്ചു. ശിവകാർത്തികേയനും തവാസിയുടെ ചികിത്സാചെലവിനായി പണം സ്വരൂപിക്കാൻ ഫാൻ ക്ലബ്ബ് അംഗങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ക്യാൻസർ ചികിത്സയ്ക്ക് സാമ്പത്തിക സഹായം തേടുന്ന തവസിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രോഗബാധമൂലം ശരീര ഭാരം കുറഞ്ഞ തവസിയെ കണ്ടാൽപോലും തിരിച്ചറിയാത്ത രൂപത്തിലായിരുന്നു. വാർത്ത വന്ന ഉടനെ തന്നെ വിജയ് സേതുപതി, ശിവകാർത്തികേയൻ, സൂരി തുടങ്ങിയ താരങ്ങൾ തവാസിക്കും കുടുംബത്തിനും സഹായവുമായി എത്തുകയായിരുന്നു.
“ഞാൻ കിഴക്കു ചീമയിലെ (1993) മുതൽ രജനീകാന്തിന്റെ ഏറ്റവും പുതിയ അണ്ണാത്തെ വരെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഇത്തരമൊരു രോഗം വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,” സിനിമയിലെ സുഹൃത്തുക്കളുടെയും സഹപ്രവത്തകരുടേയും സഹായം തേടുന്നതിനിടെ വീഡിയോയിൽ തവസി പറഞ്ഞു.
ഒരു വലിയ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ജീവിതകാലം മുഴുവൻ സിനിമ സെറ്റുകളിൽ കൂടുതൽ ചെലവഴിക്കുന്ന ജൂനിയർ അഭിനേതാക്കളുടെ ദുഃഖകരമായ അവസ്ഥയിലേക്ക് വെളിച്ചം വീശുന്നതാണ് തവസിയുടെ നിർഭാഗ്യകരമായ പ്രതിസന്ധി. മുപ്പത് വർഷത്തിലേറെയായി ചലച്ചിത്രമേഖലയുടെ ഭാഗമായ തവസിക്ക് സഹായം നൽകണമെന്ന് സോഷ്യൽ മീഡിയയിലെ ആളുകൾ സെലിബ്രിറ്റികളോട് അഭ്യർത്ഥിച്ചു.
നടൻ സുന്ദർ രാജ വഴിയാണ് വിജയ് സേതുപതി പണം നൽകിയത്. ഇതിനൊപ്പം സുന്ദർ രാജയും പതിനായിരം രൂപ തവാസിയുടെ കുടുംബത്തിന് നൽകി. നടൻ സൂരിയും തവാസിയുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ശിവകാർത്തികേയന്റെ ഹിറ്റ് കോമഡി ചിത്രമായ വരുതപടാത്ത വാലിബർ സംഗം (2013) എന്ന സിനിമയിൽ തവസി ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.
ക്യാൻസർ നാലാംഘട്ടത്തിൽ എത്തി നിൽക്കേ ചികിത്സ തുടരാൻ വഴിയില്ലാതായതോടെയാണ് തവാസി വീഡിയോയിലൂടെ അഭ്യർത്ഥനയുമായി എത്തിയത്. ഭക്ഷണം കഴിക്കാനടക്കം ഒന്നിനും സാധിക്കുന്നില്ലെന്നും രോഗമുക്തനാകാൻ സിനിമാ ലോകത്തെ നടീനടന്മാരും ജനങ്ങളും സഹായിക്കണമെന്നും അദ്ദേഹം വീഡിയോയിലൂടെ അഭ്യർത്ഥിച്ചിരുന്നു.