കർഷക സമരത്തെ പിന്തുണച്ച രാജ്യാന്തര താരങ്ങൾക്കെതിരെയും കേന്ദ്ര സർക്കാരിനെ പിന്തുണച്ചും ട്വീറ്റ് ചെയ്ത താരങ്ങൾക്കെതിരെ ട്വിറ്ററിൽ ‘ഷെയിം ഓൺ ബോളിവുഡ്’ എന്ന ഹാഷ് ടാഗ് തരംഗമായി കഴിഞ്ഞു. സച്ചിൻ, അക്ഷയ്കുമാർ ഉൾപ്പടെയുള്ള സൂപ്പർ താരങ്ങൾക്കു നേരെ വലിയ വിമർശനങ്ങൾ ആണ് ഉയരുന്നത്. കർഷക സമരം മാസങ്ങൾ നീണ്ടു പോയപ്പോഴും മിണ്ടാതെയിരുന്നവരാണ് ഇപ്പോൾ വിഷയം രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
കർഷകരുടെ പ്രതിഷേധ വിഷയത്തിൽ സെലിബ്രിറ്റികൾ പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ‘പ്രശ്നത്തെക്കുറിച്ച് ശരിയായ ധാരണ’ നേടാൻ ശ്രമിക്കണമെന്നും പറഞ്ഞുകൊണ്ട് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് സച്ചിൻ ഉൾപ്പടെയുള്ള താരങ്ങൾ ട്വീറ്റ് ചെയ്തത്. അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, സംവിധായകൻ കരൺ ജോഹർ, ഗായകൻ കൈലാഷ് ഖേർ തുടങ്ങിയവരുമാണ് കേന്ദ്ര സർക്കാരിനെ പിന്തുണച്ചും പ്രശ്നം അതിർത്തിവിട്ട് പോകുന്നതിനിനെതിരെയുമായി ശബ്ദിച്ചിരിക്കുന്നത്. സച്ചിൻ, വിരാട് കോഹ‍്‌ലി തുടങ്ങിയ കായികതാരങ്ങളും ഗവൺമെന്റിനു പിന്തുണയുമായി എത്തി.
പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ്, അമേരിക്കന്‍ പരിസ്ഥിതി ആക്ടിവിസ്റ്റ് ജാമി മര്‍ഗോളിന്‍, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ബന്ധു മീനാ ഹാരിസ്, മിയ ഖലീഫ, മോഡൽ അമാൻഡ കെറി തുടങ്ങിയ പ്രമുഖർ കർഷകരെ പിന്തുണച്ച് രംഗത്തെത്തിയതോടെ പ്രക്ഷോഭം രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിനെതിരെ കേന്ദ്ര സർക്കാർ രാജ്യാന്തര താരങ്ങളുടെ പിന്തുണ തടയുന്നതിനായി, ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗണ്ട’ എന്ന ക്യാംപെയ്ൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തുടങ്ങി. ഈ ക്യാംപെയ്ൻ ആണ് ബോളിവുഡ് താരങ്ങൾ ഏറ്റെടുത്തത്.
അതെ സമയം ബോളിവുഡിൽ നിന്നും പഞ്ചാബി ഗായകൻ ദിൽജിത്, പ്രിയങ്ക ചോപ്ര, സ്വര ഭാസ്കർ, സോനു സുദ്, സോനം കപൂർ, താപ്സി പന്നു തുടങ്ങിയവർ മാത്രമാണ് സമരത്തെ പിന്തുണച്ച് രംഗത്തു വന്നത്.