Cinemapranthan

ആരുടെയും തലയെടുക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ല; വിവാദ ട്വീറ്റിന് വിശദീകരണവുമായി കങ്കണ

‘താണ്ഡവ്’ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വിവാദ ട്വീറ്റിന് വിശദീകരണവുമായാണ് താരം എത്തിയിരിക്കുന്നത്

null

‘താണ്ഡവ്’ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വിവാദ ട്വീറ്റിന് വിശദീകരണവുമായി നടി കങ്കണ റണൗട്ട്. “ഭഗവാന്‍ കൃഷ്ണന്‍ ശിശുപാലന്‍റെ 99 തെറ്റുകള്‍ ക്ഷമിച്ചു. നിശബ്ദതക്ക് പിന്നാലെ വിപ്ലവം വരണം. അവരുടെ തലയെടുക്കാന്‍ സമയമായി. ജയ് ശ്രീകൃഷ്ണന്‍” എന്നായിരുന്നു കങ്കണ ട്വീറ്റ് ചെയ്തിരുന്നത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം ആണ് വന്നത്. ഇതിനെത്തുർന്ന് കങ്കണ ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ താരം വിശദീകരണവുമായി എത്തിയത്.

കീടങ്ങളെ തുരത്താന്‍ കീടനാശിനി വേണമെന്ന് തനിക്ക് അറിയാമെങ്കിലും ആരുടെയും തലയെടുക്കാന്‍ താന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് കങ്കണയുടെ വിശദീകരണം. “പേടിച്ചുപോയ ലിബറലുകള്‍ ഇതും കൂടി വായിക്കണം- നിങ്ങളുടെ ശിരച്ഛേദം ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. പ്രാണികളെയും പുഴുക്കളെയും തുരത്താന്‍ കീടനാശിനി വേണമെന്ന് എനിക്കറിയാം എങ്കിലും”.. ടെയ്ക്ക് ഹെഡ് ഓഫ് എന്ന് പറഞ്ഞത് ശാസിക്കുക എന്ന അര്‍ഥത്തിലാണെന്നും കങ്കണ വിശദീകരിച്ചു.

‘താണ്ഡവ്’ സീരീസിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി ഉയർന്നതിനെ തുടർന്ന് അണിയറ പ്രവര്‍ത്തകര്‍ ഇന്നലെ മാപ്പ് പറഞ്ഞിരുന്നു.
‘സീരീസിനെതിരെയുള്ള പ്രതികരണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പരാതികളെ സംബന്ധിച്ച് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ഞങ്ങളെ അറിയിച്ചിട്ടുണ്ട്. താണ്ഡവിന്‍റെ കഥ സാങ്കല്‍പികമാണ്. ഏതെങ്കിലും തരത്തിലുള്ള സാമ്യത വ്യക്തികളുമായോ സംഭവങ്ങളുമായോ തോന്നുന്നുണ്ടെങ്കില്‍ തികച്ചും യാദൃച്ഛികമാണ്. ഏതെങ്കിലും വ്യക്തികളെയോ സമൂഹത്തെയോ സമുദായങ്ങളെയോ മതവിശ്വാസങ്ങളെയോ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടേയില്ല. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു’വെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.

താണ്ഡവിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആമസോണ്‍ പ്രൈമിനും എതിരെ യു.പി പൊലീസ് നേരത്തെ ക്രിമിനല്‍ കേസ് എടുത്തിരുന്നു. ഹിന്ദു ദൈവങ്ങളെ മനപൂർവം പരിഹസിക്കുകയും മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നുമാണ് താണ്ഡവിനെതിരെ ബി.ജെ.പി നേതാക്കൾ നൽകിയ പരാതി. തൊട്ടുപിന്നാലെ ആമസോണ്‍ പ്രൈമിനോട് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം വിശദീകരണം തേടിയിരിക്കുകയാണ്.

അവി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത സീരിസ് ജനുവരി 15 ന് ആമസോണ്‍ പ്രൈമില്‍ ആണ് റിലീസ് ചെയ്തത്. സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ, കുമുദ് മിശ്ര എന്നിവരാണ് സീരിസിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.

cp-webdesk

null