‘ഡാം 999’ എന്ന സിനിമ വീണ്ടും നിരോധിച്ച് തമിഴ്നാട് സർക്കാർ. ഒൻപത് വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ ചിത്രം മുല്ലപ്പെരിയാർ അണക്കെട്ട് വിവാദത്തിൽപ്പെട്ടതിനെ തുടർന്നാണ് തമിഴ്നാട് സർക്കാർ നിരോധിക്കുന്നത്. സുപ്രീം കോടതിയിൽ നിന്ന് അനുമതി ലഭിച്ചിട്ട് പോലും തമിഴ്നാട് സർക്കാർ പ്രദർശനാനുമതി നൽകിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം നിരോധനത്തിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്നാട് സർക്കാർ നിരോധനം പുതുക്കി കൊണ്ടുള്ള ഉത്തരവ് വീണ്ടും ഇറക്കിയത്. ‘ഡാം 999’ന്റെ കഥയ്ക്ക് മുല്ലപ്പെരിയാർ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന ആരോപണം ഉന്നയിച്ചാണ് സർക്കാർ നിരോധനം ഏർപ്പെടുത്തുന്നത്. രണ്ടായിരത്തി പതിനൊന്നിൽ പുറത്തിറങ്ങിയ ‘ഡാം 999’ വർഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോൾ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ്.
ഡോ. സോഹൻ റോയ് സംവിധാനം ചെയ്ത ചിത്രം ഇറങ്ങിയതിനു ശേഷം മുല്ലപ്പെരിയാർ പ്രക്ഷോഭം കത്തിപ്പടരുകയും തുടർന്ന് ഇന്ത്യൻ പാർലമെന്റ് തടസ്സപ്പെടുത്തുന്ന രീതിയിലുള്ള നടപടികൾ തമിഴ്നാട് നടത്തുകയും ചെയ്തിരുന്നു. പോസ്റ്റർ പതിക്കാൻ അനുവദിക്കാതിരിക്കുക, സിനിമ പ്രദർശിപ്പിക്കാൻ തയ്യാറായ തീയേറ്ററുകൾക്ക് പിഴ ഈടാക്കുക, ചാനലുകളെ സ്വാധീനിച്ച് സാറ്റലൈറ്റ് അവകാശം എടുപ്പിയ്ക്കാതെ ഇരിക്കുക, സൈബർ പോരാളികളിലൂടെ റേറ്റിങ് ഉൾപ്പെടെ തകർക്കുക തുടങ്ങിയ നടപടികളും ഈ ചിത്രത്തിനെതിരെ ഉണ്ടായി.
എന്നാൽ നിരവധി അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയ ചിത്രം ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എൻട്രികൾ നേടിയിരുന്നു. ഓസ്കർ അക്കാദമി ലൈബ്രറിയിലെ ‘പെർമെനന്റ് കോർ കളക്ഷനിലേക്ക് ‘ തിരഞ്ഞെടുക്കപ്പെടുക എന്ന അപൂർവനേട്ടവും ചിത്രം സ്വന്തമാക്കിയിരുന്നു. തുടർന്ന് ചൈനീസ് ഓസ്കർ എന്നറിയപ്പെടുന്ന ഗോൾഡൻ റൂസ്റ്റർ അവാർഡിലേക്ക് പന്ത്രണ്ട് വിഭാഗങ്ങളിൽ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ഈ അവാർഡിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ സിനിമയാണ് ‘ഡാം 999’ . തുടർന്ന് നൂറ്റി മുപ്പതോളം രാജ്യാന്ത്ര ചലച്ചിത്രമേളകളിലേയ്ക്ക് ‘ഡാം 999’ തിരഞ്ഞെടുക്കപ്പെട്ടു.