Cinemapranthan

രാഷ്ട്രീയപ്പാർട്ടി രൂപീകരണ ഭിന്നത; നടൻ വിജയ് ആരാധക സംഘടനയുടെ പ്രവർത്തനം യുട്യൂബ് ചാനലിലൂടെ സജീവമാക്കുന്നു

രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛൻ എസ്.എ. ചന്ദ്രശേഖറുമായുള്ള ഭിന്നതയ്ക്കിടെയാണ് വിജയുടെ പുതിയ തീരുമാനം

null

നടൻ വിജയിയുടെ ആരാധക സംഘടനയുടെ പ്രവർത്തനം ഇനി മുതൽ യുട്യൂബ് ചാനൽ വഴി. രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛൻ എസ്.എ. ചന്ദ്രശേഖറുമായുള്ള ഭിന്നതയ്ക്കിടെയാണ് വിജയുടെ പുതിയ തീരുമാനം. വിജയിയുടെ ആരാധക സംഘടനയായ ‘വിജയ് മക്കൾ ഇയക്കം’ എന്ന പേരിൽ തന്നെയാണ് യൂട്യൂബ് ചാനൽ ആരംഭിക്കുന്നതും. വിജയ്‌യുടെ പ്രസ്താവനകളും അറിയിപ്പുകളും ആരാധകർക്കുള്ള നിർദേശവുമൊക്കെ ഇനി മുതൽ ഈ ചാനലിലൂടെ അറിയിക്കുമെന്ന് ആരാധക സംഘടനയുടെ ചുമതല വഹിക്കുന്ന എൻ. ആനന്ദ് അറിയിച്ചു.

‘വിജയ് മക്കൾ ഇയക്കത്തിനെ’ രാഷ്ട്രീയപ്പാർട്ടിയാക്കി മാറ്റാൻ എസ്.എ. ചന്ദ്രശേഖർ ശ്രമിച്ചിരുന്നു. എന്നാൽ വിജയ് പരസ്യമായി ഇതിനെ തള്ളിയതോടെ രാഷ്ട്രീയപ്പാർട്ടി രൂപവത്കരണത്തിനുള്ള നടപടികൾ ചന്ദ്രശേഖർ നിർത്തി വെച്ചിരിക്കുകയാണ്. പാർട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് ചന്ദ്രശേഖറുമായി അടുപ്പമുള്ളവരെ ആരാധക സംഘടനയിൽനിന്ന് ഒഴിവാക്കാൻ വിജയ് നടപടിയെടുത്തിരുന്നു.

വിജയിയുടെ സംഘടനയുടെ പേരിൽ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി അച്ഛൻ എസ്. എ. ചന്ദ്രശേഖർ സജീവമായി രംഗത്ത് ഉണ്ടായിരുന്നു. ആനന്ദാണ് വിജയ്‌യെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ആനന്ദ് മുഖേന സംഘടനയിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് വിജയ്.

യുട്യൂബ് ചാനൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എൻ. ആനന്ദ് ‘വിജയ് മക്കൾ ഇയക്ക’ത്തിന്റെ ജില്ലാ നേതാക്കളുമായി ഞായറാഴ്ച വിഴുപുരത്ത് ചർച്ച നടത്തി. ചന്ദ്രശേഖറിന് പകരം സംഘടനയുടെ പ്രവർത്തനം പൂർണമായും വിജയ്‌യുടെ നിയന്ത്രണത്തിലാക്കുകയാണ് പുതിയ തീരുമാനങ്ങളിലൂടെ. സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കാനാണ് തീരുമാനം.

cp-webdesk

null