മോഹൻലാൽ – ജിത്തു ജോസഫ് ചിത്രം ‘ദൃശ്യം 2 ‘ ന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ജോർജുകുട്ടിയുടെ രണ്ടാം വരവിനായി കാത്തിരിക്കുന്നത്. മലയാളത്തിൽ നിന്ന് അപ്രതീക്ഷിത വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ എന്താകും കഥ പശ്ചാത്തലം എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് നടൻ സിദ്ദിഖ്.
പ്രഭാകർ എന്ന കഥാപാത്രത്തെയാണ് താരം സിനിമയിൽ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ സ്വഭാവത്തിന് യാതൊരു മാറ്റവും ഇല്ലെന്നും, ആരും വിചാരിക്കാത്ത ഒരുപാടു ട്വിസ്റ്റുകളും സസ്പെൻസുകളും ചിത്രത്തിലുണ്ടെന്നും സിദ്ദിഖ് പറയുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
“പ്രഭാകറും ഭാര്യയും കൂടി മടങ്ങി വരുന്നതാണ് ഇതിവൃത്തം. ആരും വിചാരിക്കാത്ത ഒരുപാടു ട്വിസ്റ്റുകളും സസ്പെൻസുകളും ചിത്രത്തിലുണ്ട്“- സിദ്ദിഖ് പറയുന്നു.
“കഥാപാത്രത്തിന് ഒരു മാറ്റവുമില്ല. പക്ഷേ അദ്ദേഹം ഈ അന്വേഷണത്തിനായി ഒരുപാടു കഷ്ടപ്പെടുന്നുണ്ട്. എന്റെ മോനും ഇതേ ചോദ്യം ചോദിച്ചു. വാപ്പച്ചി മോഹൻലാലിനെ കുത്തിനു പിടിക്കുന്ന സീനൊക്കെയുണ്ടോ എന്ന്. പ്രഭാകർ പഴയ ആൾ തന്നെയാണ്. അയാളുടെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് കർശന നിയന്ത്രണത്തോടെയാണ് ഷൂട്ടിംഗ് നടക്കുന്നത്. താരങ്ങൾ ഉൾപ്പടെ സെറ്റിലുള്ള എല്ലാവരും കോവിഡ് ടെസ്റ്റ് കഴിഞ്ഞാണ് ഷൂട്ടിങ്ങിനു എത്തിയിരിക്കുന്നത്. സെപ്തംബര്‍ 14 നു തുടങ്ങുമെന്നായിരുന്ന ചിത്രീകരണം സെറ്റ് വർക്കുകൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടതിനാൽ വൈകുകയായിരുന്നു. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമയുടെ ചിത്രീകരണം. ദൃശ്യത്തിന് ശേഷം മാത്രമേ മോഹൻലാൽ മറ്റു ചിത്രങ്ങളിൽ അഭിനയിക്കൂ.