മുടിയും താടിയും നീട്ടിവളർത്തി ഫ്രീക്കൻ ലുക്കി ലുള്ള കൊച്ചു പ്രേമന്റെ പഴയ രൂപം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. കൊച്ചു പ്രേമൻ ആദ്യമായി അഭിനയിച്ച ‘ഏഴുനിറങ്ങൾ’ എന്ന സിനിമയിലെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായത്. അതേസമയം ഇത്തരം ട്രോളുകളും പോസ്റ്റുകളും വരുന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും, ഇന്നത്തെ തലമുറയും തന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നതിന് തെളിവാണ് ഇത്തരം പോസ്റ്റുകൾ എന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓൺലൈനിനോട് ആയിരുന്നു കൊച്ചു പ്രേമന്റെ പ്രതികരണം.
‘ഇന്ന് രാവിലെ കുറച്ചു സുഹൃത്തുക്കൾ ആണ് ഈ ട്രോള് അയച്ചു തന്നത്. “മച്ചമ്പിയെ ഞാൻ പണ്ട് ഫ്രീക്കൻ ആയിരുന്നു കേട്ടോ” എന്നെഴുതിയ ആ ട്രോള് ഞാൻ വളരെയധികം ആസ്വദിച്ചു. ആദ്യമായി അഭിനയിച്ച സിനിമയിലെ ഒരു രംഗം കണ്ടു എന്നെ ഇന്നത്തെ തലമുറ തിരിച്ചറിഞ്ഞല്ലോ. ആ ചിത്രം നന്നായി വൈറൽ ആകുന്നുണ്ടെന്നാണ് കേട്ടത്. ഇന്നത്തെ കുട്ടികളും നമ്മെ ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്.’–കൊച്ചുപ്രേമൻ പറയുന്നു.