പരീക്ഷണങ്ങൾ എന്നാൽ മണ്ടത്തരത്തിനും വിജയത്തിനുമിടയിലുളള ഒരു നൂൽപാലമാണ്. പരീക്ഷണങ്ങൾ വിജയിച്ചാൽ കാലാകാലങ്ങൾ ഓർക്കുന്ന സാഹസികത.., തോറ്റാൽ അത് വലിയ ഭൂലോക മണ്ടത്തരവും..! ചിലതു വിജയിക്കും, ചിലതു പരാജയപ്പെടും. ചിലത് പരാജയപെട്ടാലും പിൽകാലത്ത് ഒരു മാതൃകയായി നിലനിൽക്കും. അത്തരമൊന്നു മലയാള സിനിമ രംഗത്തും ഉണ്ടായിട്ടുണ്ട്. പലരും ചെയ്യാൻ മടിക്കുന്ന, വളരെ വിഷമം പിടിച്ച ഒരു പരീക്ഷണം.

29 വർഷങ്ങൾക്കു മുൻപ് CGI ‘യും Vfx ‘ഉം എന്തിന്.., കംപ്യൂട്ടർ സാങ്കേതികത പോലും ഇന്ത്യയിൽ കേട്ടുകേൾവിയിലാത്ത കാലത്ത് 1993 -ഇൽ മലയാളത്തിലിറിങ്ങിയ ഏഷ്യയിലെ ആദ്യത്തെ സെൽ ആനിമേറ്റഡ് മൂവിയാണ് ‘ഓ ഫാബി’. ഹരിഹരന്റെ സംവിധാന സഹായിയും ‘പാവക്കൂത്ത്’, ‘തക്ഷശില’ എന്നീ സിനിമകളുടെ സംവിധായകനുമായ കെ.ശ്രീക്കുട്ടൻ എന്ന ശ്രീകുമാർ കൃഷ്ണൻ നായരാണ് സംവിധാനം ചെയ്തത്. 1988 ഇൽ ഇറങ്ങിയ ‘Who framed roger rabbit ‘ കണ്ടു ഇൻസ്പെയേർഡ് ആയാണ് ഈ സിനിമ കെ.ശ്രീക്കുട്ടൻ സംവിധാനം ചെയ്തത്. സൈമൺ തരകൻ ആണ് ഈ സിനിമയുടെ നിർമാതാവും തിരക്കഥാകൃത്തും. സാൻഡി എന്ന ചെറുപ്പക്കാരനും ഫാബി എന്ന അമാനുഷിക മനുഷ്യനും തമ്മിലുള്ള സൗഹൃദമാണ് സിനിമയുടെ കാതൽ.

ചിത്രത്തിന്റെ തിരക്കഥാകൃത്തും നിർമാതാവുമായ സൈമൺ തരകന്റെ മകനായ റോക്കി തരകനാണ് ഇതിലെ കേന്ദ്രകഥാപാത്രമായ സാൻഡിയെ അവതരിപ്പിച്ചിരിക്കുന്നത്. ‘ഓ ഫാബി’യുടെ ബോഡി ഡബിൾ ആയി വേഷമിട്ടത്ത്, മേള എന്ന സിനിമയിലൂടെ മലയാള പ്രേക്ഷകർക്കിടയിൽ ശ്രേദ്ധേയനായ മേള രഘു എന്ന അറിയപ്പെട്ട പുതുവേലിൽ ശശിധരനാണ്. ഇന്ത്യൻ അനിമേഷന്റെ പിതാവ് എന്നറിയപ്പെടുന്ന റാം മോഹൻ ആണ് ഈ സിനിമയുടെ ആനിമേഷൻ സംവിധാനം ചെയ്തത്. 1.4 കോടി ചിലവിലാണ് ‘ഓ ഫാബി’ പുറത്തിറങ്ങിയത്. പക്ഷെ ബോക്സ് ഓഫീസിൽ കാര്യമായ ചലനങ്ങളുമൊന്നും ഉണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചില്ല.
ഇന്ന് പലപ്പോഴും ബഡ്ജറ്റ് മത്സരങ്ങളിൽ പെട്ട് മലയാള സിനിമകൾ പിന്നോട്ടു പോകുന്നുവെന്നും മലയാളസിനിമയിൽ സാങ്കേതികത കുറവാണെന്നും പരിതപിക്കുമ്പോൾ ഓർക്കുക, നമ്മുക്ക് ഒരു ഭൂതകാലമുണ്ടായിരുന്നു..! ‘മൈ ഡിയർ കുട്ടിച്ചാത്തനും’, ‘ഓ ഫാബിയും’ തന്ന ഇന്നും മലയാള സിനിമയെ മുൻപിലേക്ക് കുതിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഭൂതകാലം..!