ഒരു സിനിമ തിയേറ്ററിൽ പോയി സിനിമ കാണുമ്പോൾ, പോപ്‌കോൺ അല്ലെങ്കിൽ മറ്റു സ്നാക്സ് വാങ്ങുന്നത് ഒരു പതിവായിപോയിരിക്കുന്നു. എന്നാൽ, മൾട്ടിപ്ലക്സുകളിൽ പോപ്‌കോൺ വാങ്ങുമ്പോൾ വില കേട്ടാൽ ഭൂരിഭാഗം ആളുകളും അമ്പരന്നു പോകും. ചിലപ്പോൾ സിനിമാ ടിക്കറ്റിനേക്കാൾ കൂടുതലായിരിക്കും പോപ്‌കോൺ വാങ്ങുന്നതിനുള്ള ചെലവ്! 200 രൂപ മുതൽ 1000 രൂപ വരെ പോകുന്ന ഈ വില ന്യായമാണോ? അതിനുള്ള കാരണം എന്താണ്?

പണ്ട് മാസത്തിലൊരിക്കൽ എങ്കിലും മലയാളികൾ തിയേറ്ററിൽ സിനിമ കാണാൻ എത്തുമായിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ കോവിഡ് മഹാമാരിക്കു ശേഷമുള്ള കാലത്ത് ഒടിടി പ്ലാറ്റ്‌ഫോംകളുടെ വളർച്ച മൂലം തിയേറ്ററുകളിലെ പ്രവാഹം കുറയുകയുണ്ടായി. പലരും തിയേറ്റർ അനുഭവം ഉപേക്ഷിച്ച് വീട്ടിലിരുന്ന് സിനിമകൾ ആസ്വദിക്കാൻ തുടങ്ങി. ഇതുമൂലം തിയേറ്ററുകളുടെ വരുമാനം നേരിയ തോതിൽ താഴ്ന്നു. എന്നാൽ, തിയേറ്ററുകൾ പ്രവർത്തനം നിലനിർത്തേണ്ടതിനാൽ ചിലവുകൾ കുറയ്ക്കാനോ അല്ലെങ്കിൽ വരുമാനം വർദ്ധിപ്പിക്കാനോ നിർബന്ധിതരായി. ഇതിന്റെ പ്രധാന ഒരു മാർഗം ആയിരുന്നു പോപ്‌കോൺ, കൂൾഡ്രിങ്ക്സ് തുടങ്ങിയ ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിക്കൽ.
പിവിആർ മൾട്ടിപ്ലക്സ് മേധാവി അജയ് ബിജിലിയുടെ അഭിപ്രായത്തിൽ, പോപ്‌കോണിന്റെ വില ഉയർന്നത് അതിന്റെ ഉത്പാദനച്ചെലവ് കൊണ്ടുമാത്രമല്ല, മറിച്ച് തിയേറ്റർ നടത്തുന്ന ചെലവുകളും ഉൾപ്പെടെ കണക്കാക്കുമ്പോൾ അത് ന്യായമാണെന്നാണ്. മൾട്ടിപ്ലക്സുകളിലെ പ്രധാന ചെലവുകൾ കെട്ടിട വാടക: മാളുകളിൽ പ്രവർത്തിക്കുന്ന മൾട്ടിപ്ലക്സുകൾക്ക് വലിയ വാടക നൽകേണ്ടതുണ്ട്. അതിനാൽ, ആ വരുമാന നഷ്ടം നികത്താനായി ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്നു.

വൈദ്യുതി ബിൽ:എയർ കണ്ടീഷൻ, ലൈറ്റിങ്, പ്രൊജെക്ഷൻ സിസ്റ്റങ്ങൾ എന്നിവയ്ക്കായി തിയേറ്ററുകൾ വലിയതോതിൽ വൈദ്യുതി ഉപയോഗിക്കേണ്ടിവരും.പ്രവർത്തനച്ചെലവ്:സ്റ്റാഫ് ശമ്പളങ്ങൾ, അറ്റകുറ്റപ്പണികൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.പോപ്കോൺ ക്വാളിറ്റി: മികച്ച നിലവാരമുള്ള പൊട്ടിപ്പൊരി ഉപയോഗിച്ച് തന്നെ പല തിയേറ്ററുകളും പോപ്‌കോൺ തയ്യാറാക്കുന്നു, ഇത് വില ഉയരാൻ കാരണമാകുന്നു.
ചെറു മാർജിൻ, ഉയർന്ന ലാഭം:തിയേറ്ററുകളിൽ ടിക്കറ്റിനുള്ള വിലയിലെ ഒരു പ്രധാന ഭാഗം വിതരണക്കാരായ സിനിമ നിർമ്മാതാക്കൾക്കും വിതരണ കമ്പനികൾക്കും പോകുന്നു. അതിനാൽ, തിയേറ്ററുകൾക്ക് ഏറ്റവും കൂടുതൽ ലാഭം ലഭിക്കുന്ന മേഖല ഭക്ഷണ സാധനങ്ങളായിരിക്കും.

പല രാജ്യങ്ങളിലും തിയേറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്ക് നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇന്ത്യയിലും ചില സംസ്ഥാനങ്ങളിൽ ഇത്തരം ചർച്ചകൾ നടന്നിട്ടുണ്ട്. ചില തിയേറ്ററുകൾ ഉപഭോക്താക്കൾക്ക് പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കുന്നുവെങ്കിലും, മൾട്ടിപ്ലക്സുകൾക്ക് അത്രയൊന്നും താൽപ്പര്യമില്ല. കാരണം, അത് അവരുടെ വരുമാനത്തിന്റെ പ്രധാന ഭാഗമാണ്.
മൾട്ടിപ്ലക്സുകൾ പോപ്‌കോൺ വില കുറയ്ക്കുമെന്ന പ്രതീക്ഷ ഉപഭോക്താക്കൾക്കുണ്ടായിരിക്കാം, പക്ഷേ ഇത് ഉടൻ സംഭവിക്കാനിടയില്ല. തിയേറ്ററുകളുടെ പ്രവർത്തന ചട്ടങ്ങൾ മാറുന്നിടത്തോളം മാത്രം ഇവയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. അതിനുമുമ്പ്, തീർച്ചയായും അതിന്റെ വില ചിന്തിച്ച് വിഷമിക്കാതെ, തിയേറ്ററിൽ സിനിമ ആസ്വദിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കാം.